ഇന്ധന സബ്സിഡി: ലോക രാജ്യങ്ങളില്‍ സൗദി ഒന്നാമത്

ദമ്മാം: ലോകരാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ സബ്സിഡി നൽകുന്നത് സൗദി അറേബ്യയാണെന്ന് റിപ്പോ൪ട്ട്. പ്രതി വ൪ഷം 2500 കോടി ഡോളറാണ് സൗദി ഭരണകൂടം സബ്സിഡി ഇനത്തിൽ മാത്രം നൽകുന്നത്്. അമേരിക്ക ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന മിൽക്കൻ ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന റിപ്പോ൪ട്ടിലാണ് ഇന്ധന സബ്സിഡി നൽകുന്ന രാജ്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സബ്സിഡി നൽകുന്ന രാജ്യം ഇറാനാണ്്. ഇന്തോനേഷ്യ, വെനിസുല, ഈജിപ്ത്, അൾജീരിയ, ലിബിയ, മലേഷ്യ, കുവൈത്ത്, യു.എ.ഇ എന്നിങ്ങനെയാണ് ആദ്യ 10 രാജ്യങ്ങളുടെ പട്ടിക. പല രാജ്യങ്ങളും നഷ്ടം സഹിച്ചുകൊണ്ടാണ് ജനങ്ങൾക്ക് ഇന്ധന സബ്സിഡി നൽകുന്നതെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.
ജനവികാരം കണക്കിലെടുത്താണ് എണ്ണ സമ്പന്നമല്ലാത്ത രാജ്യങ്ങളിലും ഭരണകൂടങ്ങൾ ഈ ആനുകൂല്യം നൽകുന്നത്. ലോകത്ത് മൊത്തമായി പെട്രോളിനും ഡീസലിനും നൽകപ്പെടുന്ന സബ്സിഡി 11000 കോടി ഡോളറാണ്. ഇതിൻെറ 90 ശതമാനവും സൗദിയുൾപ്പെടെയുള്ള 10 രാജ്യങ്ങളാണ് നൽകുന്നത്. ഒരാൾക്ക് 885 എന്ന നിരക്കിലാണ് പ്രതിവ൪ഷം സൗദി അറേബ്യ സബ്സിഡി നൽകികൊണ്ടിരിക്കുന്നത്. പ്രതി ശീ൪ഷ ഇന്ധന സബ്സിഡിയുടെ കാര്യത്തിൽ ഖത്ത൪, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് മുന്നിൽ നിൽക്കുന്നത്. ആഗോള തലത്തിൽ ഇന്ധന ഉപഭോഗം പ്രതിദിനം 90 ദശലക്ഷം ബാരലാണ്. 2000ൽ ഉണ്ടായിരുന്നതിനേക്കാൾ 17 ശതമാനം കൂടുതലാണിത്. വികസിത രാജ്യങ്ങളിൽ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടും ആഗോള തലത്തിൽ ഉപഭോഗം കൂടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിദേശികളടക്കം മൂന്നു കോടി ജനങ്ങൾ മാത്രമുള്ള സൗദി അറേബ്യ ഇന്ധന ഉപഭോഗത്തിൻെറ കാര്യത്തിൽ ആറാം സ്ഥാനത്താണ് നിൽക്കുന്നത്. ജനസംഖ്യയുടെ കാര്യത്തിൽ 43ാം സ്ഥാനം മാത്രമാണ് സൗദിക്കുള്ളത്. മിക്ക രാജ്യങ്ങളിലും ഇന്ധന സബ്സിഡിയായി നൽകുന്നത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന മേഖലകൾക്കായി ഒരു വ൪ഷം ബജറ്റിൽ നീക്കിവെക്കുന്ന തുകയേക്കാൾ കൂടുതലാണെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ധന സബ്സിഡിക്കായി കുടുതൽ തുക ചെലവഴിക്കുന്ന രാജ്യങ്ങൾ ഇത് തിരിച്ചു പിടിക്കുന്നതിനായി പ്രത്യക്ഷമായും പരോക്ഷമായും നികുതി വ൪ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ബ്രിട്ടൻ, ഇറ്റലി, ഹോളണ്ട്, തു൪ക്കി എന്നീ രാജ്യങ്ങളിൽ പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി പെട്രോളിന് കൂടുതൽ വില ഏ൪പ്പെടുത്തിയ രാജ്യങ്ങളാണ്. വികസിത രാജ്യങ്ങളിൽ കൂടുതൽ ആളുകൾ പൊതു ഗതാഗതത്തെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളാണ് നിലവിൽ ഇന്ധനം കൂടുതലായി ഉപയോഗിക്കുന്നത്. മധ്യവ൪ഗ കുടുംബങ്ങൾ പെരുകിയതോടെ മിക്കവാറും ആളുകൾ കാറുകൾ വാങ്ങുകയും ഇന്ധന സബ്സിഡി തുടരുകയും ചെയ്യുന്നതാണ് എണ്ണ ഉപഭോഗം കൂടാനുള്ള പ്രധാന കാരണങ്ങളായി റിപ്പോ൪ട്ട് ചൂണ്ടിക്കാണിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിൻെറ ഭാഗമായി ഇന്ധന ഉപയോഗം നിയന്ത്രിക്കണമെന്നും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തണമെന്നും റിപ്പോ൪ട്ട് നി൪ദേശിക്കുന്നു.  


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.