‘ദേശാഭിമാനി’ നിലപാട് സി.പി.എം ദേശീയ നേതൃത്വം തള്ളി

തിരുവനന്തപുരം: വിദേശ ഫണ്ട് വാങ്ങുന്ന സന്നദ്ധ സംഘടനകൾ രാജ്യത്തിൻെറ സാമ്പത്തിക വള൪ച്ചക്ക് തുരങ്കം വെക്കുന്നുവെന്ന ഐ.ബി റിപ്പോ൪ട്ടിനെ സാധൂകരിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി’യുടെ നിലപാട്  തള്ളി സി.പി.എം ദേശീയ നേതൃത്വം .
റിപ്പോ൪ട്ടിനെ പാടെ തള്ളി സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിൻെറ സൈദ്ധാന്തിക വാരികയായ ‘പീപ്ൾസ് ഡെമോക്രസി’യിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോ൪പറേറ്റുകളും ഭരണകൂടവും തമ്മിലുള്ള ലയനത്തിൻെറ ആദ്യ ഫലം വെളിവാക്കുന്നതാണ് എൻ.ജി.ഒകൾക്കുനേരെയുള്ള ആക്രമണമെന്നാണ് പീപ്ൾസ് ഡെമോക്രസി വ്യക്തമാക്കുന്നത്.
ഈ ലയനമാണ് ഫാഷിസത്തിൻെറ കാതലായ ഭാഗത്തെ രൂപവത്കരിക്കുന്നതെന്നും ഇതിന്  ദൃഷ്ടാന്തമാണ് മോദി സ൪ക്കാറെന്നും ജൂൺ 29ന് പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് ആസൂത്രണ ബോ൪ഡ് വൈസ് ചെയ൪മാനായിരുന്ന പ്രഭാത് പട്നായകിൻെറ ലേഖനം പ്രസിദ്ധീകരിച്ചതോടെ സി.പി.എം സംസ്ഥാന നേതൃത്വം വെട്ടിലായി. ‘സമസ്ത വികസനപ്രവ൪ത്തനങ്ങളെയും മരവിപ്പിച്ചുനി൪ത്തി ര ാജ്യത്തെ പിന്നാക്കാവസ്ഥയിൽ എന്നെന്നേക്കുമായി തളച്ചിടാൻ വിദേശത്തുനിന്ന് അച്ചാരം വാങ്ങി കേരളത്തിലടക്കം ചില പരിസ്ഥിതി സംഘടനകൾ പ്രവ൪ത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഐ.ബി റിപ്പോ൪ട്ടെ’ന്നാണ് ദേശാഭിമാനി മുഖപ്രസംഗത്തിൽ  പറഞ്ഞത്.
‘പരിസ്ഥിതി സംരക്ഷണത്തിൻെറ പതാകയുമായി നടക്കുന്ന ചില വ്യാജ സംഘടനകൾക്കും കപട വ്യക്തിത്വങ്ങൾക്കും വിദേശ ഫണ്ട് ലഭിക്കുന്നതായുള്ള സൂചനകളും നേരത്തേതന്നെ വന്നിരുന്നു. അങ്ങനെയുള്ള സംഘടനകൾ ഉണ്ട് എന്നത് ഐ.ബി റിപ്പോ൪ട്ടിലൂടെ സാധൂകരിക്കപ്പെട്ടിരിക്കുന്നു’വെന്നും മുഖപത്രം ആരോപിച്ചിരുന്നു. അതേസമയം, നവഉദാരീകരണം തുറന്നുവിട്ട പ്രാകൃത മൂലധനശേഖരണത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളും ഇല്ലാതാക്കാനാണ് ചില സന്നദ്ധ സംഘടനകൾക്കുനേരെ കേന്ദ്ര സ൪ക്കാ൪ തിരിയുന്നതെന്നാണ് പീപ്ൾസ് ഡെമോക്രസിലെ ലേഖനത്തിൽ പറയുന്നത്. ‘ഭരണകൂട അധികാരവും കോ൪പറേറ്റുകളും ഒന്നിച്ച്  ഐ.ബി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് അനിയന്ത്രിതമായ കോ൪പറേറ്റ് ധനസമ്പാദനത്തിന് അനുയോജ്യ അന്തരീക്ഷം ഒരുക്കുന്നത് ഇങ്ങനെയാണെന്നും’ വിശദീകരിക്കുന്നു.
ഹിന്ദുത്വ ബ്രിഗേഡിൻെറ ഫാഷിസ്റ്റ് മാനസികാവസ്ഥയാണ് സ൪ക്കാറിൻെറ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിലെ അവ്യക്തതക്ക് കാരണം. ഈ ബ്രിഗേഡ് ‘വിദേശ വിരുദ്ധരാ’ണെങ്കിലും ‘സാമ്രാജ്യത്വ’ വിരുദ്ധരല്ല. മൂലധനവ്യവസ്ഥയെ എതി൪ക്കാതെ സാധാരണ ജനങ്ങളെ കൊള്ളയടിച്ചുവെന്ന് ആരോപിച്ച് നാസികൾ  ജൂതരെ നിന്ദിച്ചതുപോലെയാണ് ഹിന്ദുത്വ സ൪ക്കാ൪ രാജ്യത്തിൻെറ വികസനത്തെ തടയുന്നുവെന്ന് പറഞ്ഞ് ‘വിദേശീയരെ’ കുറ്റപ്പെടുത്തുന്നതും ഒപ്പം സാമ്രാജ്യത്വ ആധിപത്യത്തെ സ്വാഗതം ചെയ്യുന്നതും.  ‘ആ൪.എസ്.എസും ബി.ജെ.പിയുമാണ് വിദേശ ഇന്ത്യക്കാരിൽനിന്നുള്ള വിദേശ ഫണ്ടിൻെറ ഏറ്റവും വലിയ സ്വീക൪ത്താക്കളെ’ന്നും പീപ്ൾസ് ഡെമോക്രസി ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.