ആദിവാസി പ്രമോട്ടര്‍മാരെ ജനപ്രതിനിധികള്‍ അവഹേളിച്ചെന്ന് പരാതി

കല്‍പറ്റ: മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റും എട്ടാം വാര്‍ഡ് അംഗവും ആദിവാസി പ്രമോട്ടര്‍മാരെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും കേരള ആദിവാസി ഫോറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പഞ്ചായത്തിലെ 8, 9, 10, 12, 13, 15 വാര്‍ഡുകളിലെ പ്രമോട്ടറായ സി. ധന്യയെയാണ് ജൂണ്‍ 19ന് നടന്ന ട്രൈബല്‍ വകുപ്പിന്‍െറ സമഗ്ര വികസന സെമിനാറില്‍ വെച്ച് അപമാനിച്ചത്. എട്ടാം വാര്‍ഡിലെ കുപ്പച്ചി, 12ാം വാര്‍ഡിലെ അംബേദ്കര്‍, 10ാം വാര്‍ഡിലെ അട്ടമല എന്നീ കോളനികളില്‍ ആദിവാസികളുടെ വീടുപണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പുല്‍പള്ളി സ്വദേശിയായ കരാറുകാരനാണ് പണി ഏറ്റെടുത്തത്. ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെങ്കിലും മാസങ്ങളായിട്ടും പണി പൂര്‍ത്തിയാക്കിയിട്ടില്ല. പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍െറ വാര്‍ഡിലും ഇത്തരം വീടുകളുണ്ട്. പഞ്ചായത്ത് അംഗത്തിന്‍െറയും വൈസ് പ്രസിഡന്‍റിന്‍െറയും വഴിവിട്ട സഹായം കരാറുകാരന് ലഭിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ പ്രമോട്ടറായ ധന്യ ഇടപെട്ടിരുന്നു. കരാറുകാരനോട് അന്വേഷിച്ചപ്പോള്‍ ബ്ളോക് പഞ്ചായത്തിന്‍െറ പണം കൂടി കിട്ടിയെങ്കില്‍ മാത്രമേ പണി തീര്‍ക്കൂ എന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തോളൂ എന്നുമാണ് മറുപടി ലഭിച്ചത്. ഇക്കാര്യം വൈസ് പ്രസിഡന്‍റിനോടും അംഗത്തോടും കരാറുകാരന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് വികസന സെമിനാറില്‍ വെച്ച് അവഹേളിച്ചത്. സെമിനാറില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് അംഗത്തെ ഫോണ്‍ ചെയ്തപ്പോഴും അവഹേളിച്ചു. സെമിനാറില്‍ ആളുകളുടെ മുന്നില്‍വെച്ച്, നിങ്ങളുടെ പ്രമോട്ടര്‍സ്ഥാനം തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. യോഗം കഴിഞ്ഞശേഷം പഞ്ചായത്ത് അംഗം കൈയേറ്റംചെയ്യാനും മുതിര്‍ന്നു. ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് മേപ്പാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൈസ് പ്രസിഡന്‍റിനെതിരെ വേറെയും പരാതി നല്‍കിയിട്ടുണ്ട്. ആദിവാസികളെ ചൂഷണംചെയ്യുന്ന ചിലര്‍ അവിഹിതമായി ഇടപെടുന്നു. ഇക്കാര്യങ്ങളില്‍ നടപടിയാവശ്യപ്പെട്ട് മന്ത്രിക്കടക്കം പരാതി നല്‍കും. കെ.ബി. സബിത, സംസ്ഥാന സമിതി അംഗം എസ്. ശ്രീജിത്ത്, പ്രമോട്ടര്‍മാരായ സി. ധന്യ, പി.കെ. മിനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.