പ്രശ്നങ്ങളെല്ലാം പരിഹരിച്ചു -പ്രസിഡന്‍റ്; ലീഗ് നേതൃത്വം പറഞ്ഞത് അനുസരിച്ചു -സെക്രട്ടറി

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂ൪ത്തിയാക്കി ഭാരവാഹികളെ തീരുമാനിച്ചതെന്ന് പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്തും സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത് അനുസരിക്കുകയാണ് ചെയ്തതെന്ന് ജനറൽ സെക്രട്ടറി ബഷീ൪ ബാത്തയും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘടനയിലെ ചില പ്രശ്നങ്ങൾ കാരണവും ലോകസഭാ തെരഞ്ഞെടുപ്പ് മൂലവുമാണ് കുവൈത്ത് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നീണ്ടത്. ഇപ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിരിക്കുന്നു. സംഘടനയിലെ എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോവുന്നതിൻെറ ഭാഗമായി ഐക്യത്തോടെയാണ് കാര്യങ്ങൾ തീരുമാനിച്ചത്. ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം നിയോഗിച്ച നിരീക്ഷകൻെറ സാന്നിധ്യത്തിൽ അതെല്ലാം ച൪ച്ച ചെയ്ത് യുക്തമായ തീരുമാനം എടുത്തിരിക്കുകയാണ്. നേരത്തേ എതി൪പ്പുണ്ടായിരുന്നവരിൽ പലരും സംഘടനയോടുള്ള കൂറ് മൂലം ഇപ്പോൾ തീരുമാനത്തോട് രാജിയായിക്കഴിഞ്ഞു -ശറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു.
നിരീക്ഷകൻ ഇബ്രാഹീം എളേറ്റിൽ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചു എന്ന ആരോപണത്തിൽ കഴമ്പില്ല. മുമ്പ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ എത്തിയപ്പോൾ പ്രസിഡൻറിന് എതിരായ നിലപാട് എടുക്കുന്നു എന്ന് അദ്ദേഹത്തിനെതിരെ ആരോപണമുയ൪ന്നിരുന്നു. ഇപ്പോൾ എനിക്ക് അനുകൂലമായി പ്രവ൪ത്തിച്ചു എന്നും പറയുമ്പോൾ അതിൽതന്നെയുണ്ട് അദ്ദേഹം ജനാധിപത്യപരമായാണ് പ്രവ൪ത്തിച്ചത് എന്ന സത്യം -ശറഫുദ്ദീൻ ചൂണ്ടിക്കാട്ടി.
സംഘടനപരമായും വ്യക്തിപരമായും ചില അസൗകര്യങ്ങളുണ്ടായിരുന്നതിനാലാണ് തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് അഭ്യ൪ഥിച്ചിരുന്നത് എന്നും എന്നാൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തന്നെ നേരിട്ട് നി൪ബന്ധിച്ചതിൻെറ അടിസ്ഥാനത്തിൽ തുടരാൻ തയാറാവുകയിരുന്നുവെന്നും ബഷീ൪ ബാത്ത പറഞ്ഞു. കഴിഞ്ഞദിവസം നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽനിന്ന് താൻ ഇറങ്ങിപ്പോന്നിട്ടില്ലെന്നും ആ യോഗത്തിൽ കൂടി നടന്ന ച൪ച്ചയുടെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബഷീ൪ വ്യക്തമാക്കി. ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കാത്ത ഫഹാഹീൽ ഏരിയയിലും രണ്ട് കമ്മിറ്റികൾ നിലവിൽവന്ന മഹ്ബൂല ഏരിയയിലും ഉടൻ പുതിയ കമ്മിറ്റി വരും. കേന്ദ്രഭാരവഹിത്വത്തിലും നാഷണൽ കൗൺസിലിലും എല്ലാ വിഭാഗം പ്രവ൪ത്തക൪ക്കും  പ്രാധാന്യം നൽകിയിട്ടുണ്ട്. നിലവിലെ കമ്മിറ്റിക്കും നിരീക്ഷകനും എതിരായ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രേഖാമൂലം പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും പ്രസിഡൻറും സെക്രട്ടറിയും പറഞ്ഞു. കെ.ടി.പി. അബ്ദുറഹ്മാൻ, ഫാറൂഖ് ഹമദാനി, അബ്ദുൽ അസീസ് വലിയകത്ത്, ഗഫൂ൪ വയനാട്, മുഹമ്മദ് അസ്ലം എന്നിവരും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.