ഉച്ചഭാഷിണി: വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നടപടി –കലക്ടര്‍

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ മുന്നറിയിപ്പില്ലാതെ വാഹനവും മൈക്ക്സെറ്റും പിടിച്ചെടുക്കുമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. പൊതുനിരത്തുകളില്‍ ഗതാഗതത്തിന് അസൗകര്യവും പൊതുജനത്തിന് അരോചകവുമാകുന്നവിധം ഉച്ചഭാഷിണി പാടില്ല. വ്യവസ്ഥകള്‍ക്കനുസൃതമായി ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുള്ള വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ബോക്സുകള്‍ ഘടിപ്പിക്കരുത്. വ്യവസ്ഥ ലംഘിച്ചാല്‍ ലൈസന്‍സ് വാങ്ങിയയാളും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നയാളും സംഘാടകരും വാഹനത്തിലാണ് ഘടിപ്പിച്ചതെങ്കില്‍ ഡ്രൈവറും ശിക്ഷാര്‍ഹരാണ്. രാവിലെ ആറിന് മുമ്പും രാത്രി പത്തിന് ശേഷവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്. ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പബ്ളിക് ഓഫിസുകള്‍, വന്യജീവിസങ്കേതം എന്നിവയുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്. ബോക്സ് ആകൃതിയിലുള്ള ഉച്ചഭാഷിണി മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. ബോക്സില്‍ രണ്ടില്‍ കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കരുത്. ഉപയോഗം ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ബോധ്യമായാല്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാം. നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.