തമിഴ്നാട്ടില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്നാട്ടിൽ 16 വ൪ഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുന്നു. പുതുച്ചേരിയിലെ ഒരു സീറ്റടക്കം തമിഴ്നാട്ടിലെ 40 സീറ്റിലും കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
പ്രധാന ദ്രാവിഡ പാ൪ട്ടികളുമായി സഖ്യമില്ലാതെ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇതിന് മുമ്പ് 1998ൽ ആയിരുന്നു. 1996ൽ ജി.കെ മൂപ്പനാരുടെ നേതൃത്വത്തിൽ കോൺഗ്രസ് പിള൪ന്ന് രൂപവത്കരിച്ച തമിഴ് മാനില കോൺഗ്രസ് (ടി.എം.സി) ഡി.എം.കെ, സി.പി.ഐ സഖ്യത്തോടൊപ്പം ചേരുകയും  എ.ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തിൽ ചേക്കേറുകയും ചെയ്തപ്പോഴാണ് ’98ൽ ഒറ്റക്ക് മത്സരത്തിനിറങ്ങിയത്.
ഇത്തവണ ശ്രീലങ്കൻ വിഷയത്തിലും രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന വിഷയത്തിലും തമിഴ് വികാരത്തിന് എതിരായ നിലപാട് സ്വീകരിച്ച കോൺഗ്രസിനെ കൂടെകൂട്ടാൻ ദ്രാവിഡ പാ൪ട്ടികൾ തയാറല്ല.
 യു.എന്നിൽ അമേരിക്ക ശ്രീലങ്കക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ ശക്തമായ ഭേദഗതി കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ  2013 മേയിലാണ് ഡി.എം.കെ, കോൺഗ്രസ് മുന്നണി വിട്ടത്.
പിന്നീട് രാജ്യസഭയിലേക്കുള്ള കനിമൊഴിയുടെ പ്രവേശത്തിന് കോൺഗ്രസ് കനിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നവിധം വള൪ന്നില്ല.
അവസാന നിമിഷം ഉണ്ടായ രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തെ കോൺഗ്രസ് എതി൪ത്തതോടെ തമിഴ്നാട്ടിൽ കോൺഗ്രസിന് നിലയില്ലാതായി.
എന്നാൽ, ഒറ്റക്ക് മത്സരിച്ച് ജയിക്കാനുള്ള സാധ്യത ഇല്ളെന്ന് മാത്രമല്ല, കെട്ടിവെച്ച കാശ് തിരിച്ചുപിടിക്കാനുള്ള ശേഷി പോലും നിലവിൽ തമിഴ്നാട്ടിൽ കോൺഗ്രസിന് ഇല്ല.
 2002ൽ ടി.എം.സി കോൺഗ്രസിൽ ലയിച്ചെങ്കിലും പിന്നീട് ഒരു തെരഞ്ഞെടുപ്പ് പോലും ദ്രാവിഡ പാ൪ട്ടികളുടെ പിന്തുണയില്ലാതെ കോൺഗ്രസ് അഭിമുഖീകരിച്ചിട്ടില്ല.
അതിനാൽ, വോട്ട്ബാങ്ക് സംബന്ധിച്ച അവ്യക്തതയും ഉണ്ട്. എ.ഐ.എ.ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച 1996ൽ 18 ശതമാനം വോട്ട് നേടിയ കോൺഗ്രസിന് ഒറ്റക്ക് മത്സരിച്ച ’98ൽ 4.8 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.