ടി.പി വധം ഗൂഡാലോചന കേസ് പുതിയ നിയമ-രാഷ്ട്രീയ യുദ്ധത്തിന് തുടക്കം

വടകര: ടി.പി. ചന്ദ്രശേഖരൻ വധത്തിനു പിന്നിലെ ഗൂഢാലോചന സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സ൪ക്കാ൪ തീരുമാനിച്ചതോടെ കേസ് നിയമപോരാട്ടത്തിൻെറ പുതിയ ഘട്ടത്തിലേക്ക്. തെരഞ്ഞെടുപ്പ് പടിവാതിൽക്കലത്തെിനിൽക്കേ ജനകീയ കോടതിയിലും ടി.പി വധം പ്രധാന വിഷയമായി തുടരുമെന്നുറപ്പാണ്.
2012 മേയ് നാലിന് രാത്രി വള്ളിക്കാടുവെച്ച് ടി.പി കൊലചെയ്യപ്പെട്ടശേഷമുള്ള 21 മാസവും സംസ്ഥാനത്ത് ഇത് പ്രധാന ച൪ച്ചാവിഷയമായിരുന്നു. കേസന്വേഷണവും വിചാരണനടപടികളും കോടതിവിധിയുമെല്ലാം മാധ്യമങ്ങളും പൊതുസമൂഹവും സൂക്ഷ്മതയോടെ പിന്തുട൪ന്നു. വിചാരണ കോടതി വിധിക്കുപിന്നാലെ ഉന്നതതല ഗൂഢാലോചന സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ തിരുവനന്തപുരത്ത് നടത്തിയ നിരാഹാര സമരവും ശ്രദ്ധയാക൪ഷിച്ചു. ഇതിനെല്ലാമൊടുവിലാണ് രമയുടെ പരാതിയിൽ ഗൂഢാലോചനക്കുറ്റം ചുമത്തി എടച്ചേരി പൊലീസ് രജിസ്റ്റ൪ ചെയ്ത കേസ് സി.ബി.ഐക്ക് വിടുന്നത്. സ്വ൪ണക്കടത്ത് കേസിലെ പ്രതി ഫയാസ് ടി.പി വധക്കേസ് പ്രതികളെ കോഴിക്കോട് ജയിലിൽ സന്ദ൪ശിച്ച സംഭവത്തെ പരാമ൪ശിച്ച് സി.ബി.ഐ അന്വേഷണാവശ്യത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ പിന്തുണച്ചതാണ് സ൪ക്കാറിന് കാര്യങ്ങൾ എളുപ്പമാക്കിയത്. സി.പി.എമ്മിനെ സംബന്ധിച്ച് പ്രതിരോധം ദുഷ്കരമാക്കിയതും ഇതാണ്.
പിണറായി വിജയൻ നയിക്കുന്ന കേരള രക്ഷാ മാ൪ച്ച് മലബാറിലേക്ക് പ്രവേശിക്കുമ്പോഴാണ് സ൪ക്കാ൪ തീരുമാനം വരുന്നത്. മാ൪ച്ചിൻെറ തുടക്കത്തിൽ രമയുടെ സമരത്തെ പ്രതിരോധിക്കേണ്ട അവസ്ഥയായിരുന്നുവെങ്കിൽ ഇപ്പോഴത് സ്വ൪ണക്കടത്ത് ഉൾപ്പെടെയുള്ള മാനങ്ങളിലേക്ക് വികസിച്ചിരിക്കുന്നു. സ്വ൪ണക്കടത്ത് കേസിലെ പ്രതി ടി.പി വധക്കേസിൽ കുറ്റം ചുമത്തപ്പെട്ട പാ൪ട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരെ എന്തിന് ജയിലിൽ ചെന്ന് കണ്ടു, ഇവ൪ ജയിലിനുള്ളിൽനിന്ന് പരസ്പരം ഫോൺ വിളിച്ചത് എന്തിനായിരുന്നു, ആ കേസ് സി.ബി.ഐ അന്വേഷിക്കുന്നതുകൊണ്ട് പാ൪ട്ടിക്ക് എന്താണ് കുഴപ്പം തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം വിശദീകരണം നൽകേണ്ട ബാധ്യത സി.പി.എമ്മിന് വന്നുചേരുകയാണ്. സ൪ക്കാ൪ തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയതാൽപര്യം ചൂണ്ടിക്കാട്ടി ഇതിന് പ്രതിരോധം തീ൪ക്കാനാണ് സി.പി.എമ്മിൻെറ ശ്രമം. വി.എസിൻെറ കത്താണ് തീരുമാനമെടുക്കാൻ സ൪ക്കാറിനെ പ്രേരിപ്പിച്ചതെങ്കിൽ മാറാട് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിൻെറ കത്ത് എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന ചോദ്യം അവ൪ ഉന്നയിക്കുന്നത് ഇക്കാരണത്താലാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.