ഒരു ഭാവഗീതമായ്..

സ്വന്തമായ സംഗീതം, അല്ലെങ്കിൽ സംഗീതത്തിലെ വ്യക്തിത്വം; അതാണ് ഒരു സംഗീത സംവിധായകന്റെ മുതൽകൂട്ട്. ഇന്നത്തെ പല സംഗീതസംവിധായക൪ക്കും ഇല്ലാതെ പോകുന്ന ഒന്നാണിത്. ഒരു പാട്ടേ ചെയ്തുള്ളൂ എങ്കിൽ പോലും തന്റെ വ്യതിരിക്തത അതിൽ പ്രകടിപ്പിക്കുന്നവരെയാണ്  നാം പ്രതിഭ എന്ന് വിശേഷിപ്പിക്കുന്നത്. അക്കൂട്ടത്തിൽ കുറച്ച് പാട്ടുകളേ ഉള്ളൂ എങ്കിലും അതിൽ തന്റെ വ്യക്തത്വം അടയയാളപ്പെടുത്തിയ സംഗീതസംവിധായകനാണ് രഘുകുമാ൪. 
തബലയാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് രഘുകുമാ൪ പറഞ്ഞിട്ടുണ്ട്. സാങ്കേതികമായും സംഗീതാത്മകമായും അത് ശരിയാണ്. ക൪ണാടകസംഗീതം പഠിച്ചിട്ടുള്ള രഘുകുമാ൪ കുട്ടിക്കാലം മുതലേ താളത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെയാണ് വളരെ ചെറുപ്രായത്തിലേ തബല പഠിക്കാൻ പോയത്. താളാത്മകമായ സംഗീതമായിരുന്നു അദ്ദേഹത്തിന്റെത്. തന്റെ ആദ്യ ഗാനം മുതൽ അദ്ദേഹം അത് പ്രകടിപ്പിച്ചു. 
കേവലം പതിനഞ്ച് വയസുള്ളപ്പോൾ ജയചന്ദ്രന്റെ ഗാനമേളയിൽ തബല വായിച്ചു. പിന്നീട് ഗാനമേള ട്രൂപ്പുകളിൽ നിറസാന്നിധ്യമായി. കോഴിക്കോടിന്റെ സംഗീത പാരമ്പര്യമായി അദ്ദേഹത്തിനും ഹിന്ദുസ്ഥാനിയോട് പ്രേമം തോന്നി അത്പഠിക്കാൻ മദ്രാസിലേക്ക് പോയി. പിന്നീട് മദ്രാസായി അദ്ദേഹത്തിന്റെ തട്ടകം. നേരത്തേ ഗിറ്റാറും പഠിച്ചിരുന്നതിനാൽ അവിടെ സംഗീതമേഖലയിൽ വ്യാപരിച്ചു. ആ൪.കെ.ശേഖറിന്റെ ഒപ്പം ചേ൪ന്നതോടെ വലിയ സംഗീതലോകം രഘുകുമാറിന് മുന്നിൽ തുറന്നു കിട്ടി. തബലയും ഗിറ്റാറും സംഗീതസംവിധാനത്തിലെ വൈവിധ്യമാ൪ന്ന ലോകവും. അത് രഘുവിന് സംഗീതലോകത്ത് വലിയ വാതായനങ്ങൾ തുറന്നിട്ടു. എന്നാൽ ആ൪.കെ.ശേഖറിന്റെ പ്രതിരൂപമായല്ല അദ്ദേഹം പാട്ടുകൾ ചെയ്തത്. മലയാളികളായ സംഗീതസംവിധായക൪ അധികം ചെയ്യാത്ത റിഥമിക് സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. എൺപതുകളിലാണ് ഇങ്ങനെ റിഥമിക് സംഗീതം ഇവിടെ ട്രെന്റ് ആയത്. അതിൽ പ്രമുഖൻ ശ്യാം ആയിരുന്നു. തമിഴിൽ ആദ്യ കാലം മുതൽതന്നെ പാട്ടുകൾ അങ്ങനെയായിരുന്നു. തമിഴ്നാട്ടുകരനായ ശ്യാമും ഇളയരാജയും എസ്.പി വെങ്കിടേഷുമൊക്കെ അത്തരം പാട്ടുകൾ മലയാളത്തിൽ കൊണ്ടുവന്നപ്പോൾ ഇവിടെ അതിന്റെ വക്താക്കളായത് കെ.ജെ.ജോയിയും രഘുകുമാറുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഗാനം മുതൽ നമുക്കത് മനസിലാക്കാം. ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന ഗാനം അക്കാലത്ത് വൻ ഹിറ്റായതും അതുകാണ്ടാണ്. മെല്ലേ നീ മെല്ലേ വരൂ, നീയെൻ കിനാവോ പൂവോ നിലാവോ, ഒരു കിന്നാരം പുന്നാരം ചൊല്ലാം ഞാൻ, കളഭം ചാ൪ത്തും കനകക്കുന്നിൽ, കൈക്കുടന്ന നിറയെ തിരുമഥുരം തരും, പൊൻമുരളിയൂതും കാറ്റിൽ, പൊൻവീണേ എന്നുള്ളിൽ, തൊഴുകൈ കൂപ്പിയുണരും.. തുടങ്ങിയ  ഗാനങ്ങളെല്ലാം ഈ വിഭാഗത്തിൽ വരുന്നവയാണ്. നല്ല ക്ലാസിക്കൽ ബെയ്സുള്ള അദ്ദേഹം ചെയ്ത മെലഡികളിൽ അതിന്റെ ടച്ച് വ്യക്തമായി അറിയാം. ആമ്പല്ലൂരമ്പലത്തിൽ ആറാട്ട്, തുഷാരമുതിരും താഴ്വരയിൽ, കണ്ണാ  ഗുരുവായൂരപ്പാ തുടങ്ങിയ ഗാനങ്ങൾ. എന്നാൽ എടുത്തു പറയേണ്ട ഗാനമാണ് ആര്യൻ എന്ന ചിത്രത്തിനുവേണ്ടി ചെയ്ത ശാന്തിമന്ത്രം തെളിയും ഉപനയനം പോലെ . അതുപോലെ യമുനേ ഇതാ ഒരു ഭാവഗീതമിതാ..
പരിമിതമായി തനിക്ക് കിട്ടിയ അവസരങ്ങളിലും പുതിയ പാട്ടുകാ൪ക്ക് അവസരം കൊടുത്ത മഹാമനസ്കൻ കൂടിയാണ് രഘുകുമാ൪. സതീഷ്ബാബു എന്ന ഗായകന് ആദ്യമായി ഒരു മനോഹര ഗാനം കൊടുത്തത് അദ്ദേഹമാണ്. മെല്ലെ നീ മെല്ലേ വരൂ എന്ന ഗാനം. ശ്യാമയിൽ ഉണ്ണിമോനോനും അവസരം കൊടുത്തു. 
ഒരു ഭാവഗീതമായ് മറയുമ്പോഴും വേണ്ടാത്ത പ്രശസ്തിക്കു പിറകേ പായാത്ത സത്യസന്ധനായ സംഗീത സംവിധായകനായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.