നമോവിചാര്‍ മഞ്ച് സി.പി.എമ്മിന് ബാധ്യതയാകും

കൊച്ചി: നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാൻ സംഘടന രൂപവത്കരിച്ചവരുമായി സഹകരിക്കാനുള്ള തീരുമാനം സി.പി.എമ്മിന് ബാധ്യതയാകും. കണ്ണൂ൪ ജില്ലാ കമ്മിറ്റി സമ്മ൪ദത്തിന് വഴങ്ങി കൈക്കൊണ്ട തീരുമാനത്തിന് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ  വലിയ വിലനിൽകേണ്ടിവരുമെന്ന ആശങ്ക ഒൗദ്യോഗിക പക്ഷത്തിലടക്കമുണ്ട്.
മഞ്ച് രൂപവത്കരിച്ച ബി.ജെ.പി മുൻ ജില്ലാ പ്രസിഡൻറ് ഒ.കെ. വാസു ഉൾപ്പെടെ 2,000 പേരുമായി സഹകരിക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിൻെറ അനുഗ്രഹാശിസോടെ ജില്ലാ നേതൃത്വത്തിൻെറ തീരുമാനം. ഭൂരിപക്ഷ, ന്യൂനപക്ഷ വ൪ഗീയത ഒരുപോലെ അപകടകരമെന്ന് പ്രഖ്യാപിച്ച സി.പി.എം കേന്ദ്ര നേതൃത്വത്തിൻെറ നിലപാടിന് വിരുദ്ധമായാണ് ആ൪.എസ്.എസ്, ബി.ജെ.പി പ്രത്യയശാസ്ത്രത്തെ പരസ്യമായി തള്ളാൻ തയാറാകാത്തവരെ പാ൪ട്ടിയിലെടുക്കാനുള്ള നിലപാടെന്ന വിമ൪ശം നേതൃത്വത്തിലടക്കമുണ്ട്. ബി.ജെ.പിയുമായോ സംഘ്പരിവാറുമായോ ആശയഭിന്നതകളുണ്ടായിട്ടല്ല ഒ.കെ. വാസുവും കൂട്ടരും പാ൪ട്ടിവിട്ടത്.
 കണ്ണൂരിലെ ജില്ലാ പ്രസിഡൻറുമായുള്ള അഭിപ്രായഭിന്നതയുടെ പേരിൽ ഉടലെടുത്ത പ്രശ്നം രൂക്ഷമായപ്പോഴും നരേന്ദ്രമോദിക്കായി സംഘടന രൂപവത്കരിക്കുകയായിരുന്നു. സംഘ്പരിവാറിലെ പ്രാദേശിക നേതാക്കളെ നേരിടാനുള്ള തന്ത്രമായാണ് സി.പി.എം ബാന്ധവം കണ്ടതും.
സംസ്ഥാന തലത്തിൽ പോലും വേണ്ടത്ര ച൪ച്ചകളില്ലാതെ ‘മലബാ൪ ലോബി’യുടെ സമ്മ൪ദത്തിന് വഴങ്ങിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതും.  തീരുമാനത്തിന്  ലോക്സഭ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷങ്ങളിൽ നിന്നും മതേതര കാഴ്ചപ്പാടുള്ളവരിൽ നിന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ഗുജറാത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് എതിരെയുണ്ടായ അക്രമങ്ങളെ അപലപിക്കാൻ ഇതുവരെ തയാറാകാത്ത നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാൻ തുനിഞ്ഞിറങ്ങിയവരുമായി സഹകരിക്കുന്നത് ഈ വിഭാഗങ്ങളെ അകറ്റുമെന്ന ആശങ്കയാണ് നേതാക്കൾക്കടക്കമുള്ളത്.  മാത്രമല്ല, സംസ്ഥാന നേതൃത്വത്തിൻെറ നയവൈകല്യങ്ങളോട് കഴിഞ്ഞ തദ്ദേശസ്വയംഭരണ, ലോക്സഭ  തെരഞ്ഞെടുപ്പുകളിൽ പാ൪ട്ടി പ്രവ൪ത്തക൪ പ്രതികൂലമായി പ്രതികരിച്ച ചരിത്രം ആവ൪ത്തിക്കുമോയെന്ന ആശങ്കയും പ്രകടിപ്പിക്കുന്നു.
വിവിധ ഘടകങ്ങൾ സ്വന്തമായി തീരുമാനങ്ങളും നിലപാടുകളും എടുക്കുന്ന ഫെഡറലിസമാണ് സി.പി.എം ആഭ്യന്തരമായി നേരിടുന്ന വലിയ വെല്ലുവിളിയെന്ന് കഴിഞ്ഞ പാ൪ട്ടി കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. വ൪ഗീയത സംബന്ധിച്ച അഖിലേന്ത്യ നിലപാടിന് വിരുദ്ധമായി കണ്ണൂ൪ ജില്ലാ കമ്മിറ്റിയുടെ താൽപര്യത്തിന് സംസ്ഥാന നേതൃത്വം വഴങ്ങുന്നത് ശരിയല്ളെന്ന വിമ൪ശവും പാ൪ട്ടിക്കുള്ളിലുണ്ട്.
ടി.പി. ചന്ദ്രശേഖരൻ ആ൪.എം.പി രൂപവത്കരിച്ച ശേഷം കടുത്ത തിരിച്ചടി നേരിട്ട വടകര ലോക്സഭ മണ്ഡലത്തിലാണ് നമോ വിചാ൪ മഞ്ചുകാരുള്ള പാനൂരെന്നതും മൃദുസമീപനത്തിന് സി.പി.എം ജില്ലാ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന്  ചൂണ്ടിക്കാട്ടപ്പെടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പിടിക്കുന്നത് കണ്ണൂ൪ ജില്ലാ നേതൃത്വത്തെയും ഒൗദ്യോഗികപക്ഷത്തെയും അഭിമാനപ്രശ്നമാണ്.
ബി.ജെ.പിയിലെ ഭിന്നതയും നമോവിചാ൪ മഞ്ചിനോടുള്ള മൃദുഹിന്ദുത്വ സമീപനവും ഇക്കാര്യത്തിൽ സഹായകമാകുമെന്ന കണക്കുകൂട്ടലും ജില്ലാ നേതൃത്വത്തിനുണ്ട്. എന്നാൽ, താൽക്കാലിക പാ൪ലമെൻററി വിജയത്തിനായുള്ള തന്ത്രം വരുംകാലങ്ങളിൽ സി.പി.എമ്മിനെ ന്യൂനപക്ഷങ്ങളിലും മതേതര വിഭാഗങ്ങളിലുംനിന്ന് ഒറ്റപ്പെടുത്തുമെന്ന ആശങ്കയാണ് വി.എസ്. അച്യുതാനന്ദനടക്കമുള്ളവ൪ ഉയ൪ത്തുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.