ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വി.എസിനെ തള്ളി കേന്ദ്ര നേതൃത്വം

ന്യൂദൽഹി: പശ്ചിമഘട്ട വികസന വിഷയത്തിൽ മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ടിനെ അനുകൂലിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ സി.പി.എം കേന്ദ്ര നേതൃത്വം തിരുത്തി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോ൪ട്ടുകൾ തള്ളണമെന്നും എല്ലാ മേഖലയിലെയും വിദഗ്ധരടങ്ങുന്ന പുതിയ സംഘത്തെ പഠനത്തിന് നിയോഗിക്കണമെന്നുമാണ് പാ൪ട്ടി നിലപാടെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. സംഘടനാ വിഷയങ്ങളിൽ വി.എസ് ഉന്നയിച്ച ആരോപണം തള്ളിപ്പറയുകയും പരസ്യപ്രസ്താവന വിലക്കുകയും ചെയ്തതിന് പിന്നാലെയാണ് വി.എസിനെ ഒരിക്കൽക്കൂടി കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞത്.
 ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ടിലെ ഗുണപരമായ കാര്യങ്ങൾ നടപ്പാക്കണമെന്ന വി.എസിൻെറ അഭിപ്രായം ശ്രദ്ധയിൽപെടുത്തിയപ്പോൾ എല്ലാ റിപ്പോ൪ട്ടിലും ഗുണപരമായ കാര്യങ്ങൾ ഉണ്ടാകാമെന്നും ഗാഡ്ഗിൽ റിപ്പോ൪ട്ട് പൊതുവിൽ ജനവിരുദ്ധമാണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. കസ്തൂരി രംഗൻ റിപ്പോ൪ട്ടും സമാനംതന്നെ. അതുകൊണ്ടാണ് സി.പി.എം റിപ്പോ൪ട്ടിനെതിരെ രംഗത്തുവന്നത്.  പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ രണ്ടു ശാസ്ത്രജ്ഞ൪ മാത്രമായി തീരുമാനമെടുക്കരുത്. സാമ്പത്തികരംഗത്തുള്ള വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയ പുതിയ കമ്മിറ്റി പഠനം നടത്തണം. ജനകീയ അഭിപ്രായങ്ങളും വികാരവും കണക്കിലെടുക്കണം. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ട് നടപ്പാക്കണമെന്ന ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ ആവശ്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ പരിഷത്ത് സ്വതന്ത്ര സംഘടനയാണെന്നായിരുന്നു മറുപടി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.