മാനന്തവാടി: നീണ്ട ഇടവേളക്കുശേഷം മാനന്തവാടി നഗരത്തിലെ മാലിന്യ പ്രശ്നം വീണ്ടും സങ്കീ൪ണമാകുന്നു. ഹൈകോടതി ഉത്തരവിനെതുട൪ന്ന് വ്യാഴാഴ്ച മുതൽ നഗരത്തിലെ മാലിന്യ നീക്കം നിലച്ചു.
ഭവന നി൪മാണ ബോ൪ഡിൻെറ താഴെയങ്ങാടിയിലെ സ്ഥലത്തായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. ഇതിനെതിരെ ബോ൪ഡ് ഹൈകോടതിയെ സമീപിക്കുകയും 2008ൽ മാലിന്യ നിക്ഷേപം തടഞ്ഞുകൊണ്ട് കോടതി വിധി പുറപ്പെടുവിക്കുകയുമായിരുന്നു. എന്നിട്ടും പഞ്ചായത്ത് ഇവിടെ തന്നെ മാലിന്യം നിക്ഷേപിച്ചിരുന്നു. കോടതി വിധി നടപ്പാക്കി കിട്ടാൻ ബോ൪ഡ് വീണ്ടും ഹൈകോടതിയെ സമീപിച്ചതിനെ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കുമെന്ന് ഉത്തരവിട്ടു.
ഈ ഉത്തരവ് ബുധനാഴ്ച സെക്രട്ടറിക്ക് ലഭിച്ചതോടെയാണ് മാലിന്യ നീക്കം നിലച്ചത്. അതിനിടയിൽ മാലിന്യം നിക്ഷേപിക്കുന്ന ഒന്നര ഏക്ക൪ സ്ഥലം പഞ്ചായത്തിന് നൽകണമെന്ന ആവശ്യം ഭവന നി൪മാണ ബോ൪ഡ് തള്ളിയിരുന്നു.
ഇതോടെ ബോ൪ഡിൻെറ കൈവശമുള്ള ഒമ്പതര ഏക്ക൪ ഭൂമി സ൪ക്കാ൪ വിലക്ക് എടുക്കാൻ തയാറാണെന്ന് കാണിച്ച് പഞ്ചായത്ത് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ഇതിൽ തീരുമാനം കാത്തിരിക്കെയാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്.
2003ൽ ആണ് മാനന്തവാടിയിൽ ആദ്യമായി മാലിന്യ പ്രശ്നം ഉണ്ടായത്. ചൂട്ടക്കടവിൽ മാലിന്യ പ്ളാൻറ് സ്ഥാപിക്കുന്നതിനായി അന്നത്തെ ഭരണ സമിതി രണ്ടര ഏക്ക൪ സ്ഥലം വിലക്കൊടുത്ത് വാങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശ വാസികളുടെ രൂക്ഷമായ എതി൪പ്പ് ഉയ൪ന്നു. ദിവസങ്ങളോളം നീണ്ടുനിന്ന സമരങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു.
ഒടുവിൽ ചൂട്ടക്കടവ് നിവാസികൾക്ക് അനുകൂലമായി കോടതിവിധി വന്നതോടെയാണ് സമരം അവസാനിച്ചത്. പഞ്ചായത്തിൻെറ മറ്റ് സ്ഥലങ്ങളും പരിഗണിച്ചിരുന്നെങ്കിലും എതി൪പ്പുകളെ തുട൪ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മാലിന്യ പ്രശ്നത്തെ തുട൪ന്ന് തുട൪ ച്ചയായി 30 വ൪ഷത്തെ സി.പി.എമ്മിൻെറ ഭരണം നഷ്ട്പ്പെടുകയും വിഭാഗീയത ഉടലെടുക്കുകയും ചെയ്തിരുന്നു. മാലിന്യ നീക്കം നിലച്ചതോടെ അടിയന്തരമായി സ൪വകക്ഷിയോഗം വിളിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സിൽവി തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.