ടി.പി വധക്കേസ്: സി.ബി.ഐക്ക് കൈമാറി മുഖം രക്ഷിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 20 പ്രതികളെ വെറുതെവിട്ട കോടതിവിധിയുടെ പശ്ചാത്തലത്തിൽ  കേസ് സി.ബി.ഐക്ക് കൈമാറി മുഖംരക്ഷിക്കൽ നടപടി വേണമെന്ന ആവശ്യം കോൺഗ്രസിലും ഭരണമുന്നണിയിലും സജീവമാകുന്നു.
കോടതിവിധി ലോക്സഭാതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണ ആവശ്യം ശക്തമാകുന്നത്.
അതോടൊപ്പം, ആഭ്യന്തരവകുപ്പിൻെറ വീഴ്ച ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ സാഹചര്യം എ ഗ്രൂപ്പിനെതിരെ പരമാവധി ഉപയോഗപ്പെടുത്താനുള്ള നീക്കം കോൺഗ്രസിലെ ഐ ഗ്രൂപ്പ് കൂടുതൽ ശകതമാക്കി. തങ്ങളുടെ അഭിപ്രായം ഗ്രൂപ്പ് ത൪ക്കത്തിൻെറ ഭാഗമല്ളെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും  ആഭ്യന്തരവകുപ്പിൻെറ വീഴ്ച ഉയ൪ത്തിക്കാട്ടി മറുചേരിയെ പ്രതിരോധത്തിലാക്കാനാണ് ഐ വിഭാഗം ശ്രമിക്കുന്നത്. സ്പെഷൽ പ്രോസിക്യൂട്ട൪മാ൪ക്കുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി തിരിച്ചടിക്കാൻ എ ഗ്രൂപ്പും നീക്കം ആരംഭിച്ചു.
ടി.പി വധക്കേസ് സി.പി.എമ്മിനെതിരായ പ്രചാരണത്തിന് കോൺഗ്രസിന് വീണുകിട്ടിയ പിടിവള്ളിയായിരുന്നു.
ഗ്രൂപ്പ് വ്യത്യാസമില്ലാതെ പാ൪ട്ടി അതുപയോഗിക്കുകയും ചെയ്തു. സി.പി.എമ്മിലെ ഒരുവിഭാഗവും ഇടതുമുന്നണിയിലെ ചില ഘടകകക്ഷികളും അതിന് പിന്തുണ നൽകുകയും ചെയ്തിരുന്നു. സി.പി.എമ്മിനെ  പ്രതിരോധത്തിലാക്കാൻ കഴിഞ്ഞത് വൻവിജയമായി കോൺഗ്രസ് നേതൃത്വം കണക്കാക്കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിരിക്കെയാണ് കോടതിവിധിയിലൂടെ കോൺഗ്രസിനും ഭരണമുന്നണിക്കും തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ആഭ്യന്തരവകുപ്പിലെ ചില൪ സി.പി.എമ്മുമായി ഒത്തുകളിച്ചതിനാലാണ് കേസിൽ തിരിച്ചടി ഉണ്ടായതെന്നാണ് ഐ ഗ്രൂപ്പിൻെറ ആരോപണം.
ഈ വിധിയോടെ ടി.പി വിഷയം എതിരാളികൾക്കെതിരെ പ്രചാരണായുധമായി ഉപയോഗിക്കാൻ കഴിയാതായെന്നാണ് അവ൪ കുറ്റപ്പെടുത്തുന്നത്. മറു പ്രചാരണത്തിനുള്ള അവസരം സി.പി.എമ്മിന് ലഭിച്ചതായും  അവ൪ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ എത്രയുംവേഗം കേസ് സി.ബി.ഐക്ക് കൈമാറി മുഖംരക്ഷിക്കണമെന്നാണ് ഐ ഗ്രൂപ്പ് നിലപാട്.
ഗ്രൂപ്പിലെ പ്രമുഖരായ കെ. മുരളീധരനും കെ. സുധാകരനും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു.  ഈ അഭിപ്രായത്തോട് ഭരണമുന്നണിയിലെ പ്രമുഖ കക്ഷികൾക്കും യോജിപ്പുണ്ടെന്നാണ് അറിയുന്നത്.
അതേസമയം, കേസന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ളെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ വിധിയുടെ ഉത്തരവാദിത്തം മുഴുവൻ ആഭ്യന്തരവകുപ്പിന്മേൽ ചാരേണ്ടെന്ന വ്യക്തമായ സൂചനയും ഇതോടൊപ്പം മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നൽകി.
ടി.പി കേസിലെ രണ്ടു സ്പെഷൽ പ്രോസിക്യൂട്ട൪മാരുടെ പേരുകൾ പരാമ൪ശിക്കുകയും അവരിൽ സി.കെ. ശ്രീധരൻ ഐ ഗ്രൂപ്പുകാരനാണെന്ന് തിരുവഞ്ചൂ൪ പരാമ൪ശിച്ചതും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്.
 ടി.പി കേസിലെ വിധിയെ തുട൪ന്ന് പാ൪ട്ടിയിലും മുന്നണിയിലും അസ്വസ്ഥതകൾ പുകയുകയാണെങ്കിലും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച്  കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല ഇന്നലെ അമേരിക്കയിലേക്ക് പുറപ്പെട്ടു.
 23ന് മടങ്ങിയത്തെും. അതിനുശേഷം ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിനുള്ള മാ൪ഗത്തെപ്പറ്റി  പാ൪ട്ടിതല  ആലോചനകൾ ആരംഭിക്കും. വിഷയം ഹൈകമാൻഡിൻെറ ശ്രദ്ധയിൽപെടുത്തുമെന്ന് വിധിയിൽ ആശങ്കയറിയിച്ച സഹപ്രവ൪ത്തകരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.