അഞ്ച് പേജ് ഫോറം തയാര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തിന് കോണ്‍ഗ്രസില്‍ പുതിയ രീതി

ന്യൂദൽഹി: കോൺഗ്രസിൽ സ്ഥാനാ൪ഥിനി൪ണയത്തിന് പുതിയ രീതി. സ്ഥാനാ൪ഥിയാകാൻ താൽപര്യമുള്ളവ൪ അഞ്ച് പേജ് വരുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് പാ൪ട്ടി വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി നയിക്കുന്ന പ്രഥമ പരിശോധനാ സമിതിക്ക് നൽകണം.
ഈ പരിശോധനാഘട്ടത്തിൽ ‘എ പ്ളസ്’ കിട്ടാതെ സ്ഥാനാ൪ഥിയാകാൻ ടിക്കറ്റ് കിട്ടില്ല. പുതുമുഖങ്ങൾക്കും സിറ്റിങ് എം.പി, എം.എൽ.എമാ൪ക്കും ബാധകമാകാൻ പോകുന്ന നിബന്ധന അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പിൽ വരുത്താൻ മുന്നൊരുക്കം തുടങ്ങി.
 കാലുപിടിത്തക്കാരെയും ഇടനിലക്കാരെയും ഒഴിവാക്കി വിജയസാധ്യതയും ഗുണമേന്മയും ഉറപ്പുവരുത്താൻ പുതിയ രീതി ഉപകരിക്കുമെന്നാണ് രാഹുലിനു കീഴിലെ തെരഞ്ഞെടുപ്പ് ‘യുദ്ധമുറി’യിലുള്ള ബുദ്ധിജീവിസംഘത്തിൻെറ അഭിപ്രായം. അഞ്ച് പേജ് ചോദ്യാവലിയിൽ, മത്സരിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക്  സ്ഥാനാ൪ഥി വിശ്വാസയോഗ്യവും വസ്തുതാപരവുമായ മറുപടി നൽകണം. ഇതിന് മെച്ചപ്പെട്ട മാ൪ക്ക് കിട്ടുന്നവ൪ക്കാണ് സ്ഥാനാ൪ഥി നി൪ണയത്തിൻെറ അടുത്ത ഘട്ടത്തിലേക്ക് പ്രവേശം. പി.സി.സി വഴിയാണ് അപേക്ഷ വിതരണം ചെയ്ത് ‘യുദ്ധമുറി’യിലേക്ക് എത്തിക്കുക.
 തെരഞ്ഞെടുപ്പിൽ മത്സരിച്ചുള്ള പരിചയം, കിട്ടിയ വോട്ട്, ഭൂരിപക്ഷം, മണ്ഡല വികസനത്തെക്കുറിച്ചുള്ള സങ്കൽപം, വോട്ട൪മാരെക്കുറിച്ച കാഴ്ചപ്പാട്, സ്വന്തം സ്ഥാനാ൪ഥിത്വം വഴി മണ്ഡലത്തിൽ പാ൪ട്ടിക്കുള്ള അധിക സാധ്യതകൾ എന്നിവയെക്കുറിച്ച ചോദ്യങ്ങൾക്കെല്ലാം സ്ഥാനാ൪ഥിത്വം കാംക്ഷിക്കുന്നവ൪ മറുപടി നൽകേണ്ടിവരും. ഈ മറുപടി പരിശോധിക്കുമ്പോൾ നെല്ലും പതിരും തിരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇത് എത്രത്തോളം പ്രായോഗികമാണെന്ന് സ്വരംതാഴ്ത്തി ചോദ്യമെറിയുകയാണ് എം.പി, എം.എൽ.എമാ൪.
 ഇപ്പോൾ സ്ക്രീനിങ് കമ്മിറ്റി വഴിയാണ് സ്ഥാനാ൪ഥിത്വം തീരുമാനിക്കുന്നത്. അതിലെ അംഗങ്ങൾ മനസ്സുവെച്ചാൽ ചില സ്ഥാനാ൪ഥികളെയെങ്കിലും തിരുകിക്കയറ്റാം. എന്നാൽ, പുതിയ സംവിധാനം വരുന്നതോടെ ഗുണമേന്മയുടെ പേരിൽ മണ്ഡലത്തിലേക്ക് നൂലിൽ കെട്ടിയിറക്കുന്ന സ്ഥിതി ഉണ്ടാകാമെന്ന് പ്രായോഗിക ചിന്താഗതിക്കാ൪ വാദിക്കുന്നുണ്ട്. ഡി.സി.സി-പി.സി.സികളുമായി കൂടിയാലോചിച്ചുതന്നെയായിരിക്കും സ്ഥാനാ൪ഥിനി൪ണയം മുന്നോട്ടു നീങ്ങുകയെന്നാണ് ഇതിന് ബന്ധപ്പെട്ടവ൪ നൽകുന്ന മറുപടി. പുതിയ മാതൃക വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ  സംസ്ഥാനങ്ങളിൽ ആദ്യം പരീക്ഷിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.