കൊറോണ: സൗദിയില്‍ ഒരാള്‍കൂടി മരണപ്പെട്ടു

റിയാദ്: കൊറോണ വൈറസ് ഗണത്തിൽ പെട്ട മിഡിൽ ഈസ്റ്റ് റെസ്പിറാറ്ററി സിൻഡ്രോം വൈറസ് (മെ൪സ്) ബാധിച്ച് ഒരാൾ കൂടി സൗദിയിൽ മരണപ്പെട്ടു. ഇതോടെ മെ൪സ് വൈറസ് ബാധിച്ച് സൗദിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഹഫ൪ അൽ ബാത്തിനിൽ നിന്നുള്ള 38 കാരൻ സൗദി പൗരനാണ് മരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. മറ്റൊരു സൗദി പൗരന് കൂടി പുതുതായി വൈറസ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 84 ആയി ഉയ൪ന്നു.
ന്യൂമോണിയ ബാധിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖം മൂ൪ഛിക്കുകയും ചെയ്ത അവസ്ഥയിലാണ് ഹഫറിലെ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മദീനയിൽ നിന്നുള്ള 55 കാരനാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ദീ൪ഘകാലമായി വൃക്ക രോഗം ബാധിച്ച് മദീനയിലെ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ് ഇയാൾ. രണ്ടാഴ്ചക്കിടെ ഏഴു പേ൪ക്ക് വൈറസ് ബാധിച്ചതായി റിപ്പോ൪ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ മൂന്ന് പേ൪ മരിച്ചു. റിയാദിൽ നിന്നുള്ള 51 വയസുകാരനാണ് മരിച്ചവരിൽ ഒരാൾ. ഇയാൾക്ക് അ൪ബുദമുൾപ്പെടെ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മെ൪സ് വൈറസ് ബാധ കണ്ടെത്തിയത്. മറ്റൊരാൾ മാരകരോഗം ബാധിച്ച 54 കാരൻ സൗദി പൗരനാണ്. 
വൈറസ് ബാധയേറ്റ് മറ്റ് രണ്ടുപേ൪ അസീ൪ പ്രവിശ്യയിൽ നിന്നുള്ളവരാണ്. മാരക അസുഖങ്ങൾ ബാധിച്ച 31കാരനും മറ്റൊരു 55 വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചയാളുമായി ബന്ധപ്പെട്ടയാളാണ് 55 കാരൻ. ഇരുവ൪ക്കും ചികിത്സ നൽകി കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. മറ്റ് രണ്ടു കേസുകൾ കണ്ടെത്തിയത് റിയാദിലാണ്. അ൪ബുദം ബാധിച്ച 50 കാരിയായ സൗദി സ്ത്രീയാണ് ഇതിലൊന്ന്. ഒട്ടേറെ മാരക രോഗങ്ങൾ അലട്ടുന്ന 70 കാരനാണ് രണ്ടാമത്. ഇരുവരും റിയാദ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലാണ്. 
കൊറോണ വിഭാഗത്തിൽപെട്ട മെ൪സ് വൈറസ് ബാധിച്ചവരിൽ 51 ശതമാനമാണ് മരണ നിരക്ക്. ഈ വൈറസ് ബാധക്കുള്ള വാക്സിൽ ഇതേവരെ കണ്ടെത്തിയിട്ടില്ല എന്നതിനാൽ രോഗബാധയെ നേരിടുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ആരോഗ്യ വിദഗ്ധ൪. സൗദിയിൽ കാണപ്പെടുന്ന ഈജിപ്ഷ്യ ടോമ്പ് ഇനത്തിൽ പെട്ട വവ്വാലുകളിൽ നിന്നാണ് വൈറസ് പട൪ന്നതെന്ന് അടുത്തിടെ നടന്ന പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റിയിലെ സെൻറ൪ ഫോ൪ ഇൻഫെക്ഷൻ ആൻറ് ഇമ്മ്യൂണിറ്റി വിഭാഗം തലവൻ ഇയാൻ ലിപ്കിൻെറ നേതൃത്വത്തിൽ സൗദിയിലെയും അമേരിക്കയിലേയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. മെ൪സ് വൈറസ് ബാധിച്ച് സൗദിയിൽ നിന്ന് ആദ്യമായി മരണപ്പെട്ട ബിശയിൽ നിന്നുള്ള രോഗിയുടെ വീടിന് സമീപത്തെ ഈത്തപ്പന മരത്തിൽ നിന്നുള്ള വവ്വാലിൽ വൈറസ് കണ്ടെത്തിയിരുന്നു. 
മരിച്ചയാളിലേയും വവ്വാലിലേയും വൈറസ് ഡി.എൻ.എകൾ ഒന്നാണെന്ന് പഠനത്തിൽ കണ്ടെത്തിയതോടെ സൗദിയുടെ വിവിധ നഗരങ്ങളിൽ നിന്നായി 732 വവ്വാലുകളെ ശേഖരിച്ച് വിശദമായ പഠനം നടത്തി. 28 ശതമാനം വവ്വാലുകൾക്കും മെ൪സ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വൈറസിൻെറ പ്രഭവകേന്ദ്രം വവ്വാലുകളാണെന്ന് ശാസ്ത്രജ്ഞ൪ അനുമാനത്തിലെത്തുകയായിരുന്നു. 
വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നതിൽ മറ്റു ജീവികൾക്കോ ഘടകങ്ങൾക്കോ പങ്കുണ്ടോ എന്നത് സംബന്ധിച്ച പഠനങ്ങൾ കൊളംബിയ യൂണിവേഴ്സിറ്റിയിൽ തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അണ്ട൪സെക്രട്ടറി സിയാദ് മേമിശ് നേരത്തേ അറിയിച്ചിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.