ഇതാ സമി യൂസുഫ്; ശ്രുതിമധുരം ഇന്ന്

മസ്കത്ത്: സംഗീതത്തിൻെറ ആത്മീയജാലങ്ങൾ തുറന്നുകാട്ടി ഒമാനിൽ വെള്ളിയാഴ്ച സമി യൂസുഫിൻെറ ഗാനാലാപനം. ആൽബങ്ങളിലൂടെ കേൾക്കുകയും കാണുകയും ചെയ്ത പ്രിയ ഗായകനെ നേരിൽ കാണുന്നതിൻെറ ആവേശത്തിലാണ് സമിയുടെ സ്പിരിറ്റിക് സംഗീതത്തിൻെറ ആരാധക൪. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഗ്രാൻഡ് ഹാളിൽ  വൈകുന്നേരം 7.30നാണ് സംഗീത പരിപാടി. മലയാളിയായ ഹിഷാം അബ്ദുൽ വഹാബും പരിപാടിയിൽ ഗാനം ആലപിക്കും.

ബ്ളാക്ക് ആൻഡ് വൈറ്റ് മാഗസിനും ബന്ദേര ഇവൻറ്സും ചേ൪ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒമാനിൽ ആദ്യമായാണ് സമി യൂസുഫ് സംഗീതപരിപാടി അവതരിപ്പിക്കുന്നത്. ഇതിനായി സമി കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് ഒമാനിലെത്തിയിട്ടുണ്ട്.
ഒമാനിലെത്തിയ ദിവസം മസ്കത്ത് റാഡിസൺ ബ്ളൂ ഹോട്ടലിൽ സമി വാ൪ത്താസമ്മേളനം നടത്തി. സംഗീതം ദൈവികമാണെന്ന് അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സ്നേഹം, സമാധാനം എന്നിവയിലേക്കുള്ള വഴിയാണത്. ജനങ്ങളെ ആത്മീയതയുടെ പാതയിലേക്ക് ക്ഷണിക്കുകയാണ് താൻ സംഗീതത്തിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ക്രിസ്ത്യൻലോകം, മുസ്ലിംലോകം തുടങ്ങിയ തരത്തിലുള്ള തരംതിരിവിൽ വിശ്വസിക്കുന്നില്ല. ഒരൊറ്റ ലോകത്തിലാണ് തൻെറ വിശ്വാസം. 
വിവിധ പാരമ്പര്യങ്ങളിൽ ദൈവം വിവിധ നാമങ്ങളിൽ അറിയപ്പെടുന്നു എന്നേയുള്ളു. യഥാ൪ഥ ദൈവത്തിലേക്ക് എല്ലാവരും മടങ്ങുന്നതോടെ ഒരൊറ്റ ലോകമെന്ന ആശയം അന്വ൪ഥമാകും. 
മതം ലോകത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. മതനിരാസമാണ് പ്രശ്നങ്ങളുടെ കാരണം. മതത്തിൻെറയെന്ന പേരിൽ നടക്കുന്ന പ്രശ്നങ്ങൾക്കും അക്രമങ്ങൾക്കും പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണ്.
താനൊരു ആധുനികനല്ലെന്നും പാരമ്പര്യത്തെ മറക്കുന്നവരാണ് ആധുനികതയിൽ അഭിമാനം കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ആധുനികത ആളുകളെ തീവ്രവാദ പ്രവ൪ത്തനങ്ങളിലെത്തിക്കും. താനല്ല, ഉസാമ ബിൻ ലാദിനാണ് ആധുനികനെന്നും സമി യൂസുഫ് പറഞ്ഞു. 
സ്വന്തം വലിപ്പം കാണിക്കാനാണ് ആധുനിക മനുഷ്യ൪ ശ്രമിക്കുന്നത്. കലാകാരന്മാ൪ മാത്രമല്ല, നേതാക്കളും ആ വഴിക്കാണ്. ഗുണമേന്മയല്ല തൂക്കക്കുടുതലാണ് മേനിയായി പറയുന്നത്. പണം കൊടുത്ത് ‘ലൈക്’ സ്വീകരിക്കുന്ന കാലമാണിത്.
മതബോധമുള്ള കുടുംബത്തിൽനിന്നാണ് താൻ വരുന്നത്. ഇസ്ലാമിക വിശ്വാസം തൻെറ ആത്മാവിൽ ഉൾച്ചേ൪ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ഏതൊരു കൊലപാതകവും നിരാശാജനകമാണെന്ന് ഈജിപ്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എവിടെയാണ് ശരിയെന്നത് ഒരു കുഴക്കുന്ന ചോദ്യമാണ്. സത്യത്തിൻെറ പക്ഷമേതെന്ന തിരിച്ചറിവ് ലഭിക്കാൻ താൻ പ്രാ൪ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
ഖരീഫ് എച്ച്.ആ൪ മാനേജ൪ മുഹമ്മദ് യാഖൂബി, ഒമാൻ ഓയിൽ റീട്ടെയിൽ ആൻഡ് റീജനൽ ഓഫീസസ് ജനറൽ മാനേജ൪ ഹുസൈൻ അൽ ഇസ്ഹാഖി, ഓഡി ജനറൽ മാനേജ൪ അഹ്മദ് ഷരീഫി, ഒമാൻ എയ൪ മാ൪ക്കറ്റിങ് ജനറൽ മാനേജ൪ മുഹമ്മദ് അൽ ശിക്ലി, ബ്രിട്ടീഷ് എംബസി പ്രസ് ഓഫിസ൪ മാജ്ദി ഫൗസി തുടങ്ങിയവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു. 
ബ്രിട്ടീഷ് പൗരനായ സമി ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവും നി൪മാതാവുമാണ്. യൂറോപ്പിലും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, നോ൪ത് ആഫ്രിക്ക, മിഡിലീസ്റ്റ് എന്നിവിടങ്ങളിലായി ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. സലാം, വേറെവ൪ യു, വിതൗട്ട് യു, മൈ ഉമ്മ, അൽ മുഅല്ലിം എന്നിവയാണ് സമി യൂസുഫിൻെറ ആൽബങ്ങൾ. അറബി, പേ൪ഷ്യൻ, ട൪കിഷ്, ഉറുദു ഭാഷകളിലും പാടിയിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.