തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം ഒന്നര മാസമായി മോര്‍ച്ചറിയില്‍

കുവൈത്ത് സിറ്റി: ദുരൂഹ സാഹചര്യത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം ഒന്നര മാസത്തിലധികമായി മോ൪ച്ചറിയിൽ. തക്കല പത്മനാഭപുരം സ്വദേശിനി ഭവാനിയമ്മയുടെ (48) മൃതദേഹമാണ് ഫ൪വാനിയ ആശുപത്രി മോ൪ച്ചറിയിലുള്ളത്. 
കുവൈത്തിൽ തന്നെ മറ്റൊരിടത്ത് ജോലി ചെയ്യുന്ന ഭ൪ത്താവ് രാമചന്ദ്രൻ ഭാര്യയെ കുറിച്ച് രണ്ടു മാസത്തോളമായി വിവരമില്ലാതിരുന്നതിനെ തുട൪ന്ന് അന്വേഷിക്കുന്നതിനിടെ നാട്ടിലുള്ള ഏക മകൾക്കാണ് ഭവാനിയമ്മയുടെ മരണ വിവരം ലഭിച്ചത്. ജൂലൈ 13ന് മരിച്ചതായായിരുന്നു വിവരം. 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഭവാനിയമ്മയെ അൽ ബാബ്തൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്പോൺസറോടൊപ്പമല്ലാതിരുന്ന ഭവാനിയമ്മ മംഗഫിൽ ഇന്ത്യക്കാരുടെ കൂടെയായിരുന്നു ജോലി ചെയ്തിരുന്നത്. സ്ഥിരമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്ന രാമചന്ദ്രൻ മെയ് അവസാനം മുതൽ ശ്രമിക്കുമ്പോൾ ഭവാനിയമ്മയുടെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. സ്പോൺസറുടെ കൂടെയല്ല ജോലി ചെയ്യുന്നത് എന്നതിനാൽ പൊലീസ് പിടിയിലായിക്കാണും എന്നാണ് രാമചന്ദ്രൻ കരുതിയത്. 
നാട്ടിൽനിന്ന് വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭവാനിയമ്മ മരിച്ചതായും മൃതദേഹം ഫ൪വാനിയ മോ൪ച്ചറിയിലുണ്ടെന്നും സ്ഥിരീകരിച്ചത്. എന്നാൽ, മരണ കാരണം സ്ഥിരീകരിക്കാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. പ്രശ്നത്തിലിടപെട്ട കല കുവൈത്ത് പ്രവ൪ത്തക൪ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.