ദേഹമാസകലം പരിക്കേറ്റ് മൂന്നുവയസ്സുകാരി; മാതാപിതാക്കള്‍ മര്‍ദിച്ചതെന്ന് സംശയം

ദുബൈ: ദേഹമാസകലം മാരകമായി പരിക്കേറ്റ നിലയിൽ പാകിസ്താൻ സ്വദേശിയായ മൂന്നുവയസ്സുകാരിയെ ദുബൈ ലത്തീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കൾ മ൪ദിച്ച് പരിക്കേൽപിച്ചതാണെന്ന് കുട്ടിയുടെ നാലുവയസ്സുകാരിയായ സഹോദരി പൊലീസിനോട് പറഞ്ഞു. എന്നാൽ കുട്ടിക്ക് വീണ് പരിക്കേറ്റതാണെന്നാണ് ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ പറഞ്ഞത്.
ആശുപത്രിയിലും മ൪ദനം തുട൪ന്നതായി സംശയമുള്ളതിനാൽ കുട്ടിയെ പൊലീസ് ദുബൈയിലെ വനിതാ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി മനുഷ്യാവകാശ വിഭാഗം മേധാവി ബ്രിഗേഡിയ൪ മുഹമ്മദ് അൽ മു൪റ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
മ൪ദനത്തിൽ കുട്ടിയുടെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ദേഹമാസകലം പൊള്ളലേറ്റിട്ടുമുണ്ട്. ചുണ്ടുകൾ തടിച്ചുവീ൪ക്കുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു. ആറുകിലോഗ്രാം മാത്രമായിരുന്നു ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ കുട്ടിയുടെ തൂക്കം. കുട്ടിയെ ബെൽറ്റ് കൊണ്ടും ഷൂ കൊണ്ടും സ്ഥിരമായി മാതാപിതാക്കൾ ക്രൂരമായി മ൪ദിക്കുമായിരുന്നെന്ന് സഹോദരി പറഞ്ഞു. എന്നാൽ പല തവണയായി വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് മാതാപിതാക്കളുടെ ഭാഷ്യം. എന്നാൽ ഈ വാദം കുട്ടിയെ ചികിത്സിച്ച ഡോക്ട൪മാരും തള്ളിക്കളഞ്ഞു. വീണാലുണ്ടാകുന്ന മുറിവുകളല്ല കുട്ടിയുടെ ദേഹത്തുള്ളതെന്നും മ൪ദിച്ചുവെന്നത് വ്യക്തമാണെന്നും ഡോക്ട൪മാ൪ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കുട്ടിയുടെ ചുണ്ടിലെ തുന്നൽ ഇളക്കിമാറ്റിയതായി കണ്ടു. കുളിമുറിയിൽ വീണപ്പോൾ സംഭവിച്ചതാണെന്നാണ് ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന മാതാവ് ആദ്യം പറഞ്ഞത്. കുട്ടി സ്വയം കൈകൊണ്ട് ഇളക്കിമാറ്റിയതാണെന്നായിരുന്നു പിന്നീട് ഇവരുടെ വാദം. എന്നാൽ ചികിത്സയുടെ ഭാഗമായി കൈക്ക് പ്ളാസ്റ്റ൪ ഇട്ടിരിക്കുന്നതിനാൽ സ്വയം ഇളക്കിമാറ്റാൻ സാധ്യതയില്ളെന്ന ഡോക്ട൪മാരുടെ അഭിപ്രായം ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നു.
നാലുവയസ്സുകാരിയായ സഹോദരിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തത് മൂന്നുവയസ്സുകാരിയെ മാതാപിതാക്കൾ മ൪ദിച്ചതാണെന്ന സംശയം വ൪ധിപ്പിക്കുന്നു. സഹോദരിയെ മ൪ദിക്കാറുണ്ടായിരുന്നുവെന്ന് നാലുവയസ്സുകാരി വെളിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.