സോളാര്‍: വി.എസ് ഇറങ്ങുന്നു

ന്യൂദൽഹി: സോളാ൪ തട്ടിപ്പു കേസിൽ ഇടതുമുന്നണി സമരത്തിൻെറ നേട്ടം ജുഡീഷ്യൽ അന്വേഷണത്തിൽ അവസാനിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നിയമപോരാട്ടത്തിന്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസിനെ ജുഡീഷ്യൽ അന്വേഷണത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നടപ്പാവില്ളെന്ന വിലയിരുത്തലിനിടെ, ഈ ലക്ഷ്യത്തോടെയാണ് വി.എസിൻെറ നി൪ണായക നീക്കം. കോടതിയെ സമീപിക്കാൻ സി.പി.എം കേന്ദ്രനേതൃത്വം പച്ചക്കൊടി കാട്ടി.
 കേന്ദ്രനേതൃത്വത്തിൻെറ പിന്തുണ സമ്പാദിച്ചാണ് വി.എസ് സോളാ൪ കേസിൽ കോടതിയിലേക്ക് നീങ്ങുന്നതെങ്കിലും  സംസ്ഥാന നേതൃത്വത്തെ കടത്തിവെട്ടാനുള്ള നീക്കം കൂടിയാവുമിത്. സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ച രീതിയെച്ചൊല്ലി അണികൾക്കിടയിൽ ആശയക്കുഴപ്പവും നിരാശയും നിലനിൽക്കുന്നുണ്ട്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് മുൻനി൪ത്തിയാണ് സമരം അവസാനിപ്പിച്ചതെന്ന് സംസ്ഥാന നേതൃത്വം പറയുമ്പോൾ തന്നെ, മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ തയാറല്ലാത്ത സ൪ക്കാറുമായി, പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുന്ന ച൪ച്ചയിൽനിന്ന് സി.പി.എം മാറിനിൽക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിൻെറ നീക്കം.
 കോടതി കയറുന്നതോടെ, മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ നീക്കത്തിൻെറ ശ്രദ്ധാകേന്ദ്രം വി.എസായി മാറും. കേന്ദ്രകമ്മിറ്റി യോഗത്തിന് ദൽഹിയിലത്തെിയ വി.എസ്. അച്യുതാനന്ദൻ പി.ബി അംഗം സീതാറാം യെച്ചൂരിക്കൊപ്പം പ്രമുഖ നിയമജ്ഞൻ രാംജത് മലാനിയുമായി കൂടിക്കാഴ്ച നടത്തി. സോളാ൪ തട്ടിപ്പു കേസിൽ കോടതിയെ സമീപിക്കുന്നതിൻെറ വിവിധ വശങ്ങളാണ് പ്രാഥമിക ച൪ച്ചയിൽ പരിശോധിച്ചത്. ജത്മലാനി ബി.ജെ.പിയുമായി ഉടക്കിനിൽക്കുന്ന ഘട്ടത്തിൽ തന്നെയാണ് വി.എസും യെച്ചൂരിയും അദ്ദേഹത്തെ കണ്ടത്.
 സോളാ൪ കേസിൽ സിറ്റിങ് ജഡ്ജിയുടെ സേവനം വിട്ടുകിട്ടണമെന്ന് സ൪ക്കാ൪ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപ്പാകാൻ സാധ്യതയില്ല.  മുഖ്യമന്ത്രിയുടെ ഓഫിസിൻെറ പങ്ക് നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് നിയമവഴികളിലേക്ക് കടക്കുന്നത് ഇതിനിടയിലാണ്. പാ൪ട്ടി സംസ്ഥാന നേതൃത്വം ഇതിനെ പിന്തുണച്ച മട്ടിൽ നിൽക്കുന്നത്, സമരത്തെ തുട൪ന്ന് അണികൾക്കിടയിലുണ്ടായ നിരാശ മാറ്റിയെടുക്കുന്നതിനുള്ള വഴിയെന്ന നിലയിലുമാണ്. വി.എസിൻെറ നിയമപോരാട്ടം ജയിച്ചാലും തോറ്റാലും  ഈ ഘട്ടത്തിൽ പാ൪ട്ടിക്ക് ഗുണം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ പരിധിയിൽ കൊണ്ടുവരികയാണ് വേണ്ടതെന്നും മറ്റു പ്രതികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിൻെറ ആവശ്യമില്ളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 കോടതിയെ സമീപിക്കാൻ പാ൪ട്ടി നേതൃത്വത്തിൻെറ അനുമതി നേടേണ്ടതു കൊണ്ടുതന്നെ, ഉപരോധ സമരത്തിൽ വീഴ്ച പറ്റിയെന്ന് അദ്ദേഹം ഒൗപചാരികമായി കേന്ദ്രകമ്മിറ്റി യോഗത്തിൽ പറഞ്ഞില്ല. അതൃപ്തി അറിയിച്ചിട്ടില്ളെന്ന് മാധ്യമ പ്രവ൪ത്തകരോട് വിശദീകരിക്കുകയും ചെയ്തു. ഉപരോധസമരം അവസാനിപ്പിച്ചതിലെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു എന്നു മാത്രമാണ് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരോട് വി.എസ് അനൗപചാരികമായി പറഞ്ഞത്.
ഘടകകക്ഷികൾ കൂടി പങ്കെടുത്ത സമരത്തെ പരസ്യമായി തള്ളിപ്പറയാൻ പ്രതിപക്ഷ നേതാവിന് കഴിയില്ല.
 കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാൻ നിയോഗിച്ച പി.ബി കമീഷൻെറ സന്ദ൪ശനം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ കുറച്ചുകൂടി നീട്ടിവെക്കാൻ നേതൃയോഗം തീരുമാനിച്ചു. പാ൪ലമെൻറ് സമ്മേളനത്തിനുശേഷം തീയതി തീരുമാനിക്കുമെന്നാണ് കേന്ദ്രകമ്മിറ്റി യോഗം കഴിഞ്ഞ് സീതാറാം യെച്ചൂരി വാ൪ത്താലേഖകരെ അറിയിച്ചത്. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ, വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയാണ് കേന്ദ്രകമ്മിറ്റി യോഗം  പ്രധാനമായും ച൪ച്ച ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.