രാജിവെച്ചില്ലെങ്കില്‍ നേരിട്ട് കാരാഗൃഹത്തിലേക്ക് പോകുന്ന ആദ്യ മുഖ്യമന്ത്രിയാകും ഉമ്മന്‍ചാണ്ടി -പന്ന്യന്‍

കണ്ണൂ൪: രാജിവെച്ചില്ലെങ്കിൽ നേരിട്ട് കാരാഗൃഹത്തിലേക്കു പോകുന്ന ആദ്യ മുഖ്യമന്ത്രിയാകും ഉമ്മൻചാണ്ടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. കണ്ണൂ൪ കലക്ടറേറ്റിന് മുന്നിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാപ്പകൽ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളാ൪ വിഷയം ജുഡീഷ്യൽ അന്വേഷണം നടത്തി തെളിഞ്ഞാലും മുഖ്യമന്ത്രി ജയിലിലാവും. കേരളത്തിലെ ജനങ്ങളുടെ പൊതുമുതൽ മോഷ്ടിക്കാനാണ് മുഖ്യമന്ത്രി കൂട്ടുനിന്നിരിക്കുന്നത്. ആൻേറാ സോളാറിനു വേണ്ടി തയാറാക്കി നൽകിയ പ്രോജക്ടിലൂടെ 30,000 കോടി കൊള്ളയടിക്കാൻ മുഖ്യമന്ത്രിയും കൂട്ടുനിന്നു. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വസ്തതയില്ല. കാരണം പൊലീസിന് തട്ടിപ്പിൻെറ കേന്ദ്രമായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ അദ്ദേഹത്തിൻെറ ഓഫിസിലെത്തി തെളിവെടുക്കാനോ കഴിയില്ല. പൊലീസിൻെറ കൈകൾ വരിഞ്ഞുകെട്ടിയിരിക്കുകയാണ്.
കേരള ചരിത്രത്തിൽ ഇതുപോലെ നാണംകെട്ട് കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന മറ്റൊരു മുഖ്യമന്ത്രി  ഉണ്ടായിട്ടില്ല. ഒരുനിമിഷം പോലും ആലോചിക്കാതെ ഉമ്മൻചാണ്ടി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണത്തിന് തയാറാകണം. കേരളത്തിലെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നതാണിത്.  കേരളം കണ്ടിട്ടുള്ള ഹിമാലയൻ തട്ടിപ്പാണ് സോളാ൪ തട്ടിപ്പ്.  ഇതിന് കൂട്ടുനിന്ന മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ജനം പൊറുക്കില്ല.   എല്ലാ തട്ടിപ്പുകളുടെയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്.  
ചക്കിക്കൊത്ത ചങ്കരന്മാരാണ് ഇരുവരുമെന്നും പന്ന്യൻ പരിഹാസരൂപേണ പറഞ്ഞു. ദൈവത്തിൻെറ സ്വന്തം നാടാണ് നമ്മുടേത്. ഇപ്പോൾ ദൈവത്തിൻെറ നാട് ഭരിക്കുന്നത് പിശാചിൻെറ രൂപമായ ഉമ്മൻചാണ്ടിയാണ്.  ഇപ്പോൾ രാജിവെച്ചാൽ ഉമ്മൻചാണ്ടിക്ക് വീട്ടിലേക്കു പോകാം. വൈകിയാൽ പിന്നെ സുരക്ഷിത സ്ഥാനം പൂജപ്പുര സെൻട്രൽ ജയിലാണ്. ബിജു രാധാകൃഷ്ണനെന്ന കൊടും കുറ്റവാളിക്ക് ഒരു മണിക്കൂ൪ സമയം കാണാൻ അനുവാദം നൽകിയ മുഖ്യമന്ത്രിക്ക് അട്ടപ്പാടിയിലെ ആദിവാസികളെ സന്ദ൪ശിക്കാൻ സമയമില്ലാതെ പോയെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.