‘കരുണാകരന്റെ സ്കൂള്‍’ ഏറ്റെടുക്കാന്‍ സി.പി.എം; കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് സുധാകരന്‍

കണ്ണൂ൪: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ പഠിച്ച സ്കൂൾ ഏറ്റെടുക്കാൻ സി.പി.എം തീരുമാനം. കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് സ്കൂൾ അദ്ദേഹത്തിൻെറ പേരിൽ ദേശീയ സ്മാരകമാക്കാൻ കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ മാസങ്ങൾക്കുമുമ്പ് ആരംഭിച്ച ശ്രമങ്ങളെ തട്ടിമാറ്റിയാണ് സി.പി.എം നീക്കമെന്നത് കണ്ണൂരിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
സി.പി.എം നേതൃത്വത്തിലുള്ള സഹകരണസംഘം സ്കൂൾ ഏറ്റെടുക്കാൻ ചിറക്കൽ കോവിലകം മാനേജ്മെൻറിന് അപേക്ഷ നൽകിയതോടെയാണ് കെ.സുധാകരൻ സി.പി.എമ്മിനെതിരെ രംഗത്തുവന്നത്. എന്നാൽ, കരുണാകരൻ പഠിച്ച സ്കൂൾ സ്വന്തമാക്കുന്നതിന് കൂടെ നിൽക്കാൻ സ്വന്തം പാ൪ട്ടിയില്ലാത്തതും ഏറ്റെടുക്കലിന് സി.പി.എം അനുമതി നൽകിയതും സുധാകരന് തിരിച്ചടിയായി.ചിറക്കൽ കോവിലകം മാനേജ്മെൻറിനു കീഴിൽ നൂറിലധികം അംഗങ്ങൾക്ക് അവകാശപ്പെട്ടതാണ് ചിറക്കൽ രാജാസ് സ്കൂളുകൾ. ഏഴര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ് വിദ്യാലയങ്ങൾ. കെ. സുധാകരൻ ചെയ൪മാനായുള്ള ട്രസ്റ്റ് അവരുടെ സ്വപ്നപദ്ധതിയായി ഈ സ്കൂളിനെ അവതരിപ്പിച്ചു. ഇതനുസരിച്ച് വയലാ൪ രവിയുടെ സാന്നിധ്യത്തിൽ കോവിലകം അംഗങ്ങളുമായി ധാരണയിലെത്തി. കരുണാകരൻ സ്മാരകം എജുസിറ്റിയായി അവതരിപ്പിച്ച് കെ. സുധാകരൻെറ നേതൃത്വത്തിൽ വിദേശത്തുനിന്നും ഓഹരിയുൾപ്പെടെ പിരിച്ചു. ഇതിൽ നിന്നും പിന്മാറിയാൽ സുധാകരൻെറ രാഷ്ട്രീയ ഭാവിക്ക് വലിയ കോട്ടമാകും. സ്കൂൾ സ്വന്തമാക്കേണ്ടത് അദ്ദേഹത്തിൻെറ അഭിമാന പ്രശ്നമായിരിക്കുകയാണ്.
കോവിലകം മാനേജ്മെൻറ് ആഗ്രഹിച്ച വേഗത്തിൽ കാര്യങ്ങൾ നീങ്ങാതിരുന്നതാണ് സുധാകരൻെറ ട്രസ്റ്റുമായുള്ള ധാരണയിൽ നിന്നും പിന്മാറാൻ അവരെ പ്രേരിപ്പിച്ചത്.  ഇത് മണത്തറിഞ്ഞ സി.പി.എം, മാനേജ്മെൻറുമായി ബന്ധപ്പെട്ട് സ്കൂൾ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച് അപേക്ഷ നൽകി. സി.പി.എം നേതൃത്വം നൽകുന്ന കണ്ണൂ൪  വിദ്യാഭ്യാസ സഹകരണ സംഘവുമായി മാനേജ്മെൻറ് ഏതാണ്ട് ധാരണയിലെത്തി. ഇതാണ് കെ.സുധാരകനെ പ്രകോപിപ്പിച്ചത്.
കെ. കരുണാകരൻ പഠിച്ച സ്കൂൾ ഏറ്റെടുക്കാൻ സി.പി.എം തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ കണ്ണൂ൪ വിദ്യാഭ്യാസ സഹകരണ സംഘം കെ. സുധാകരൻേറതുപോലെ ഒരു തട്ടിപ്പു കമ്പനിയല്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. കരുണാകരൻെറ പേരിൽ ട്രസ്റ്റുണ്ടാക്കി പണം പിരിക്കുന്നത് കോൺഗ്രസ് നേതൃത്വം അന്വേഷിക്കണം. സൊസൈറ്റി സ്കൂൾ വാങ്ങുന്നത് അവരുടെ കാര്യം. അത് കരുണാകരൻെറ പേരിലുള്ള ട്രസ്റ്റിന് വിട്ടുകൊടുക്കണമോയെന്ന് സൊസൈറ്റി തീരുമാനിക്കട്ടെയെന്ന് ജയരാജൻ പറഞ്ഞു.
കെ.കരുണാകരൻെറ പേരിൽ സ്മാരകം പണിയാൻ ഡി.സി.സിയും കെ.പി.സി.സിയും തീരുമാനിച്ചിട്ടില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അഞ്ച് ‘കെ’ കളാണിതിനു പിന്നിൽ.  കെ. സുധാകരൻ, കെ. പ്രമോദ്, കെ. സുരേന്ദ്രൻ, കെ. ബാലകൃഷ്ണൻ, കെ. രാജേഷ് തുടങ്ങിയവരാണ് കെ. കരുണാകരന് സ്മാരകം പണിയുന്നത്. ഇതിൻെറ പേരിൽ വിദേശത്തുനിന്നടക്കം പിരിവ് നടത്തി. ഇത് പാ൪ട്ടി അന്വേഷിക്കണം. സുധാകരൻെറ സ്വന്തം താൽപര്യമാണിതിന് പിന്നിൽ. പാ൪ട്ടിക്ക് താൽപര്യമില്ല -രാമകൃഷ്ണൻ പറഞ്ഞു.
ചിറക്കൽ കോവിലകം മാനേജ്മെൻറിലെ ഏതാനും പ്രതിനിധികൾ മാത്രമാണ് ഇപ്പോൾ സുധാകരനെതിരെ രംഗത്തുവന്നത്.  ഏറ്റെടുക്കാനുള്ള സി.പി.എം നീക്കം ചതിയാണെന്ന് കെ.സുധാകരൻ പ്രതികരിച്ചിട്ടുണ്ട്. കെ.കരുണാകരൻെറ പേരിൽ രൂപം കൊള്ളുന്ന വിവാദം കോൺഗ്രസിലും കോളിളക്കം സൃഷ്ടിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.