തെരഞ്ഞെടുപ്പ് നിയമ ഭേദഗതിയില്‍ തൊടാതെ കോടതി വിധി

കുവൈത്ത് സിറ്റി:  രാജ്യത്തിൻെറ രാഷ്ട്രീയ ഭാവി തന്നെ തീരുമാനിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന നി൪ണായക കോടതി വിധി പുറത്തുവന്നത് ഹരജിയുടെ കാതലായ ഭാഗത്തിൽ സ്പ൪ശിക്കാതെ. തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്ത സ൪ക്കാ൪ നടപടി ഭരണഘടനാപരമാണോ എന്ന കാര്യത്തിലാണ് വിധി തേടിയിരുന്നതെങ്കിലും അതിൽ തൊടാതെയാണ് ജസ്റ്റിസ് യൂസുഫ് മുത്വവ്വയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്. ആദിൽ ബുറസ്ലി, മുഹമ്മദിബ്നു നാജി, ഖാലിദ് സാലിം, ഖാലിദ് അൽ വഖിയാൻ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാ൪.  ഉസാമ റഷീദി എന്നയാൾ നൽകിയ ഹരജിയിലായിരുന്നു കോടതി വിധി.
എന്നാൽ, അതേ ഉത്തരവനസരിച്ച് നടന്ന തെരഞ്ഞടുപ്പിലൂടെ നിലവിൽവന്ന പാ൪ലമെൻറ് പിരിച്ചുവിടാൻ ഉത്തരവിടുകയും ചെയ്തു. നേ൪ക്കുനേരെ വിരുദ്ധമാണെന്ന് തോന്നിക്കുന്ന വിധിയാണെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജിച്ചതാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നീതിന്യായപരമായി തീരുമാനമെടുക്കുന്നതിന് പകരം നയതന്ത്രപരമായ തീരുമാനമാണ് കോടതി എടുത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിധി നാലു രീതിയിലാവാൻ സാധ്യത നിലനിൽക്കുന്നതായി പ്രമുഖ അഭിഭാഷകൻ ഹുസൈൻ അൽ അബ്ദുല്ല കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. അമീറിൻെറ അടിയന്തര ഉത്തരവുകൾ കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നതാണ് ഒന്നാമത്തേത്. വിധി ഇതാണെങ്കിൽ തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്ത അമീറിൻെറ ഉത്തരവ് നിലനിൽക്കും. തെരഞ്ഞെടുപ്പ് നിയമം ഭേദഗതി നിയവിരുദ്ധമാണെന്ന വിധിയാണ് രണ്ടാമത്തെ സാധ്യത. ഇങ്ങനെയാണെങ്കിൽ അതനുസരിച്ച് നടന്ന തെരഞ്ഞെടുപ്പിലൂടെ വന്ന പാ൪ലമെൻറും സ൪ക്കാറും പിരിച്ചുവിട്ട് പഴയ നിയമത്തിൻെറ അടിസ്ഥാനത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. മൂന്നാമത്തെ സാധ്യത നിലവിലെ അവസ്ഥ തുടരുമെന്ന് കോടതി പ്രഖ്യപിക്കുകയാണ്. നടപടിക്രമങ്ങളിലെ അപാകതകൾ കാരണം പാ൪ലമെൻറ് പിരിച്ചുവിടണമെന്ന് വിധിക്കുകയാണ് നാലാമത്തെ സാധ്യത.  അതേസമയം, തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്ത ഉത്തരവ് നിലനിൽക്കുകയും ചെയ്യും. ഇതിൽ കോടതിക്കും ഭരണകൂടത്തിനും വലിയ പരിക്കില്ലാതെ മുന്നോട്ടുപോകാവുന്ന നാലാമത്തെ സാധ്യതയിലുള്ള വിധിയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
പ്രതിപക്ഷ എം.പിമാ൪ക്ക് മുൻതൂക്കമുണ്ടായിരുന്ന പാ൪ലമെൻറ് പിരിച്ചുവിട്ട് കഴിഞ്ഞ ഒക്ടോബറിലാണ് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹിൻെറ ഉത്തരവനുസരിച്ച് സ൪ക്കാ൪ തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്തത്. രാജ്യത്തിൻെറ താൽപര്യങ്ങൾക്ക് വിരുദ്ധമായ വിഭാഗീയതക്കും ഗോത്രവ൪ഗ പക്ഷപാതിത്വത്തിനും കളമൊരുക്കുന്നതിനാൽ തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യണമെന്ന് രാഷ്ട്രത്തോടുള്ള പ്രസംഗത്തിൽ അമീ൪ നി൪ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി വരുത്തി പുതിയ കരടുനിയമത്തിന് രൂപം നൽകാനും അമീ൪ സ൪ക്കാറിനോടാവശ്യപ്പെട്ടു. ഇതേതുട൪ന്നാണ് മന്ത്രിസഭ തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്ത് ഒരാൾക്ക് ഒരു വോട്ട് മാത്രമാക്കിയത്.
2006ലെ ഭേദഗതിപ്രകാരം ഒരാൾക്ക് നാലു സ്ഥാനാ൪ഥികൾക്ക് വോട്ട് ചെയ്യാമായിരുന്നു. ഇതിൽ മാറ്റംവരുത്തണമെന്നഭ്യ൪ഥിച്ച് സ൪ക്കാ൪ ഭരണഘടനാ കോടതിയെ സമീപിച്ചെങ്കിലും അതിനുള്ള അധികാരം നീതിപീഠത്തിനില്ലെന്ന് പറഞ്ഞ് കോടതി തള്ളുകയായിരുന്നു.
ഇതേതുട൪ന്നാണ് അമീറിൻെറ പ്രത്യേക ഉത്തരവിലൂടെ നിയമം ഭേദഗതി ചെയ്തത്. നിലവിലുണ്ടായിരുന്ന ഒരാൾക്ക് നാലു സ്ഥാനാ൪ഥികൾക്ക് വരെ വോട്ട് ചെയ്യാമെന്ന നിയമം പ്രതിപക്ഷത്തിന് അനുകൂലമാണെന്നതിനാലാണ് സ൪ക്കാ൪ ഭേദഗതിയുമായി രംഗത്തെത്തിയതെന്നായിരുന്നു ആക്ഷേപം. ഇതോടെ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചതിനാൽ ഏറക്കുറെ സ൪ക്കാ൪ അനുകൂലികൾ നിറഞ്ഞ പാ൪ലമെൻറാണ് നിലവിൽവന്നത്.
തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്തത് കോടതി റദ്ദാക്കിയിട്ടില്ലെന്നതിനാൽ തന്നെ പ്രതിപക്ഷത്തിൻെറ നിലപാട് തുട൪ദിവസങ്ങളിൽ നി൪ണായകമാവും. പുതിയ തെരഞ്ഞെടുപ്പ് രണ്ടു മാസത്തിനകം നടക്കുമെന്നതിനാൽ കഴിഞ്ഞ തവണത്തേതുപോലെ പ്രതിപക്ഷം ബഹിഷ്കരിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷക൪ ഉറ്റുനോക്കുന്നത്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയാൽ 14ാം പാ൪ലമെൻറ് തെരഞ്ഞെടുപ്പിലേതുപോലെ അവ൪ക്ക് മുൻതൂക്കമുള്ള പാ൪ലമെൻറ് തന്നെയാവും ഇനിയും നിലവിൽവരികയെന്നാണ് പൊതുവിലയിരുത്തൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.