കേസുണ്ടെന്ന് പറഞ്ഞ് മലയാളിയെ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി; നിരപരാധിയെന്ന് കണ്ട് പിന്നീട് വെറുതെവിട്ടു

മനാമ: നാട്ടിലേക്ക് പോകാൻ എയ൪പോ൪ട്ടിൽ എത്തിയ മലയാളിയെ എമിഗ്രേഷൻ അധികൃത൪ തടഞ്ഞുവെച്ചു. കഴിഞ്ഞ 30 വ൪ഷമായി ബഹ്റൈനിലുള്ള കോഴിക്കോട് അരക്കിണ൪ സ്വദേശി പി.പി. വീരാൻകോയയെയാണ് കേസുണ്ടെന്ന് പറഞ്ഞ് എയ൪പോ൪ട്ടിൽ തടഞ്ഞത്. എന്നാൽ, കേസിനാസ്പദമായ സംഭവം നടന്നെന്ന് പറയുന്ന 2012 ജനുവരി 16ന് വീരാൻകോയ നാട്ടിലായിരുന്നു. എയ൪പോ൪ട്ടിൽനിന്ന് അന്വേഷണത്തിനായി പൊലീസ് കൊണ്ടുപോയ ഇദ്ദേഹത്തെ നിരപരാധിയെന്ന് കണ്ട് പിന്നീട് വെറുതെവിടുകയും ചെയ്തു. അപ്പോഴേക്കും യാത്ര മുടങ്ങിയെന്ന് മാത്രമല്ല, വീരാൻകോയയും നാട്ടിലുള്ള അദ്ദേഹത്തിൻെറ കുടുംബവും കടുത്ത മാനസിക സംഘ൪ഷവും അനുഭവിച്ചു. ‘ഒരുതെറ്റും ചെയ്യാത്ത എന്നെ എന്തിനാണ് പൊലീസ് തടഞ്ഞുവെച്ചത്? പൊലീസ് പറയുന്ന തീയതിയിൽ ഞാൻ ബഹ്റൈനിൽ തന്നെ ഇല്ലായിരുന്നു. ഈമാസം ഏഴിന് മകളുടെ നിക്കാഹ് നിശ്ചയിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനാണ് നാട്ടിലേക്ക് പുറപ്പെട്ടത്. എൻെറ കോഴിക്കോട്ടേക്കുള്ള വിമാന ടിക്കറ്റ് റദ്ദായെന്ന് മാത്രമല്ല, ഇന്ന് പോകുന്ന തിരുവനന്തപുരം വിമാനത്തിലാണ് ടിക്കറ്റ് കിട്ടിയിരിക്കുന്നത്. എൻെറ വിലപ്പെട്ട രണ്ട് ദിവസം നഷ്ടമായതിന് ആര് നഷ്ടപരിഹാരം തരും....’ നിസ്സഹായനായി വീരാൻകോയ ചോദിക്കുന്നു.
എമിറേറ്റ്സ് വിമാനത്തിൽ പോകാനായി തിങ്കളാഴ്ച രാവിലെയാണ് വീരാൻകോയ എയ൪പോ൪ട്ടിൽ എത്തിയത്. ലഗേജ് കൊടുത്ത ശേഷം ബോ൪ഡിങ് പാസ് വാങ്ങി അകത്തേക്കു കടന്നപ്പോഴാണ് എമിഗ്രേഷനിൽ തടഞ്ഞുവെക്കപ്പെട്ടത്. കേസുണ്ടെന്നും അതുകൊണ്ട് നാട്ടിലേക്ക് പോകാനാവില്ലെന്നും പറഞ്ഞ് അധികൃത൪ വീരാൻകോയയെ മാറ്റിനി൪ത്തി. രണ്ട് മലയാളി സ്ത്രീകളെയും ഇതുപോലെ മാറ്റി നി൪ത്തിയിരുന്നു. കേസിൻെറ വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ പറഞ്ഞതുമില്ല. നാട്ടിലേക്ക് പോകുന്നതിനായി വീരാൻകോയക്കൊപ്പമുണ്ടായിരുന്ന അളിയൻ അകത്തേക്ക് പോവുകയും ചെയ്തു. ഒന്നര മണിക്കൂറോളം എയ൪പോ൪ട്ടിൽ നി൪ത്തിയ ഇദ്ദേഹത്തെ പിന്നീട് പൊലീസ് എത്തി എയ൪പോ൪ട്ടിൽനിന്ന് ലഗേജ് തിരിച്ചുവാങ്ങിയ ശേഷം ഒരു ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ കുറെ സമയം നി൪ത്തിയ ശേഷം എക്സിബിഷൻ സെൻറ൪ റോഡിലെ ഓഫീസിലേക്കാണ് കൊണ്ടുപോയത്. രേഖകളെല്ലാം പരിശോധിച്ച ശേഷം പ്രശ്നമൊന്നുമില്ലെന്നും നാട്ടിലേക്ക് പോകാമെന്നും പറഞ്ഞ പൊലീസ് സുഹൃത്തുക്കളെ ആരെയെങ്കിലും വിളിച്ച് വീട്ടിലേക്ക് പോകാനും പറഞ്ഞത്രെ. മേയ് ആറിന് കോടതിയിൽ ഹാജരായാൽ മതിയെന്നും യാത്രക്ക് തടസ്സമില്ലെന്നും പൊലീസ് വ്യക്തമാക്കി.
മുമ്പ് റാസ്റുമാനിലും ഹൂറയിലും റിഫയിലുമെല്ലാം കോൾഡ് സ്റ്റോ൪ നടത്തിയ വീരാൻകോയ ഇപ്പോൾ അസ്കറിലെ ഹമദ് മൻസൂ൪ ക്യാമ്പിൽ കോൾഡ് സ്റ്റോ൪ നടത്തുകയാണ്. 30 വ൪ഷത്തിനിടയിൽ ഇതുവരെ തൻെറ പേരിൽ കേസുകളൊന്നുമുണ്ടായിട്ടില്ലെന്ന് വീരാൻകോയ പറയുന്നു. തെറ്റുപറ്റിയത് എവിടെയാണെന്നതിനെക്കുറിച്ച് ഇപ്പോഴും അദ്ദേഹത്തിന് വ്യക്തത ലഭിച്ചിട്ടില്ല.
ഏതായാലും യാത്ര മുടങ്ങിയ വീരാൻകോയ പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിതനായെന്ന് അറിഞ്ഞപ്പോഴാണ് നാട്ടിലുള്ള കുടുംബത്തിൻെറ ശ്വാസം നേരെ വീണത്. കേസുണ്ടെന്ന പൊലീസിൻെറ അറിയിപ്പും യാത്ര മുടങ്ങിയ പ്രയാസവുമെല്ലാമായി 58കാരനായ വീരാൻകോയയും മാനസികമായി തള൪ന്നിരുന്നു. 92 ദിനാ൪ കൊടുത്ത് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തിരുന്ന അദ്ദേഹത്തിന് അത് റദ്ദാക്കി പുതിയ ടിക്കറ്റ് തിരുവനന്തപുരത്തേക്ക് എടുക്കാൻ 125 ദിനാ൪ കൊടുക്കേണ്ടിവന്നു. മാത്രവുമല്ല, തിരുവനന്തപുരത്തുനിന്ന് 10 മണിക്കൂറോളം റോഡ് മാ൪ഗം യാത്ര ചെയ്തുവേണം അദ്ദേഹത്തിന് വീട്ടിലെത്താൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.