സി.പി.എം അഖിലേന്ത്യ ജാഥകള്‍ സമാപിച്ചു

ന്യൂദൽഹി: സി.പി.എമ്മിൻെറ അഖിലേന്ത്യ ജാഥകൾ വൻറാലിയോടെ ദൽഹിയിൽ സമാപിച്ചു. രാംലീല മൈതാനത്തു നടന്ന റാലിയിൽ കേരളത്തിൽനിന്നുള്ളവരടക്കം ആയിരങ്ങൾ പങ്കെടുത്തു. കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ മൂന്നാം ബദൽ ഉയ൪ന്നുവരണമെന്നും എന്നാൽ, തട്ടിക്കൂട്ട് മൂന്നാം മുന്നണിക്ക് ഇനി സി.പി.എം ഇല്ലെന്നും ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പൊതുവായ നയപരിപാടികളുടെയും സമരത്തിൻെറയൂം ഭാഗമായി മൂന്നാം മുന്നണി ഉയ൪ന്നുവരണം. അതിനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നത്.
സി.പി.എമ്മിൻെറ ജനപക്ഷ നിലപാട് മുന്നോട്ടുവെച്ച അഖിലേന്ത്യാ ജാഥ അതിൻെറ ഭാഗമാണ്.  അതിൻെറ തുട൪ച്ചയായി മേയ് മാസത്തിൽ കേന്ദ്ര സ൪ക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭം നടത്തും.  പ്രവ൪ത്തക൪ അറസ്റ്റ് വരിച്ച് ജയിൽ നിറക്കും. സമാനമനസ്കരായ മതേതര ജനാധിപത്യ പാ൪ട്ടികൾ മൂന്നാം ബദലിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാരണം, കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും നയങ്ങളിൽ ഒരു വ്യത്യാസവുമില്ല. സാധാരണക്കാരൻെറ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന നവ ഉദാരീകരണ നയങ്ങളാണ് ഇരു പാ൪ട്ടികളും മുന്നോട്ടുവെക്കുന്നത്. കേന്ദ്രത്തിൻെറ സാമ്പത്തിക വള൪ച്ചയെക്കുറിച്ച് അവകാശവാദം പൊള്ളയാണ്. ഗുജറാത്തിലെ വികസന നേട്ടം സംബന്ധിച്ച് ബി.ജെ.പിയും മോഡിയും പ്രചരിപ്പിക്കുന്നതും കള്ളമാണ്. സാധാരണക്കാരൻെറ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന വിലക്കയറ്റവും കൃഷിനാശവുമാണ് യാഥാ൪ഥ്യമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
കന്യാകുമാരി, മുംബൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ നിന്നാരംഭിച്ച നാല് അഖിലേന്ത്യാ ജാഥകളാണ് ദൽഹിയിൽ സംഗമിച്ച് റാലിയോടെ സമാപിച്ചത്. ജാഥാ ക്യാപ്റ്റന്മാരായ എസ്. രാമചന്ദ്രൻപിള്ള, സീതാറാം യച്ചൂരി, വൃന്ദ കാരാട്ട്  എന്നിവ൪ക്ക് പുറമെ ത്രിപുര മുഖ്യമന്ത്രി മണിക് സ൪കാ൪, ബംഗാൾ ഘടകം പാ൪ട്ടി സെക്രട്ടറി ബിമൻ ബോസ് എന്നിവരും സംസാരിച്ചു. കേരളത്തിൽനിന്നുള്ള പി.ബി അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവരും റാലിയിൽ പങ്കെടുത്തു. റാലിക്ക് മുമ്പും ശേഷവും പി.ബി യോഗം ചേ൪ന്നുവെങ്കിലും കേരളത്തിലെ സംഘടനാ പ്രശ്നങ്ങളൊന്നും ച൪ച്ചക്ക് വന്നില്ലെന്നാണ് വിവരം. പി.ബി യോഗം  ബുധനാഴ്ചയും തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.