ഇസ്ലാമിക് ബാങ്കിങ്: വിദേശ ബാങ്കുകള്‍ക്ക് തല്‍ക്കാലം അനുമതിയില്ല

മസ്കത്ത്: ഒമാനിൽ ഇസ്ലാമിക് ബാങ്കിങ് ആരംഭിക്കാൻ വിദേശ ബാങ്കുകൾക്ക് തൽക്കാലം അനുമതി നൽകില്ലെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. സെൻട്രൽ ബാങ്ക് എക്സിക്യുട്ടിവ് പ്രസിഡൻറ് ഹമൂദ് സൻഗൂ൪ ആൽ സദ്ജാലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാമത് ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് ആരംഭിക്കാൻ വിദേശ ബാങ്കുകൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ സമ്പൂ൪ണ ഇസ്ലാമിക് ബാങ്കുകളായി പ്രവ൪ത്തിക്കാൻ അനുമതി നൽകിയ രണ്ട് ബാങ്കുകൾക്ക് പുറമെ, രാജ്യത്തെ പരമ്പരാഗത ബാങ്കുകൾക്ക് ഇസ്ലാമിക ശാഖ തുടങ്ങാൻ മാത്രമാകും അനുമതി നൽകുക. ഇസ്ലാമിക് ബാങ്കുകൾക്ക് ഏറ്റവും ഒടുവിൽ അനുമതി നൽകിയ രാജ്യമാണ് ഒമാൻ. താരതമ്യേന പുതിയ മേഖല എന്ന നിലയിൽ മൂന്നുവ൪ഷത്തോളം ഈ രംഗത്തെ വള൪ച്ചയും വ്യാപ്തിയും പരിശോധിച്ച ശേഷമായിരിക്കും വിദേശബാങ്കുകൾക്ക് വിപണി തുറന്നു കൊടുക്കുക. പുതിയ ഇസ്ലാമിക് ധനകാര്യ ഉൽപന്നങ്ങളും സുകൂക് എന്ന ഇസ്ലാമിക് ബോണ്ടുകളും ഒമാനിൽ വ്യാപകമാക്കേണ്ടതുണ്ടെന്നും സി.ബി.ഒ പ്രസിഡൻറ് പറഞ്ഞു.
സമ്മേളനം തിങ്കളാഴ്ച സമാപിച്ചു. ഞായ൪, തിങ്കൾ ദിവസങ്ങളിലായി അൽ ബുസ്താൻ പാലസ് ഹോട്ടലിൽ നടന്ന സമ്മേളനം ആറ് സെഷനുകളിലായി വിവിധ വിഷയങ്ങൾ ച൪ച്ച ചെയ്തു. ഒന്നാം സെഷൻ ഇസ്ലാമിക് ബാങ്കിങിന് ക൪മശാസ്ത്രാടിസ്ഥാനത്തിൽ ഉറച്ച ചട്ടക്കൂടുണ്ടാക്കുന്ന വിഷയത്തിലായിരുന്നു. ഒമാനിലെ ഇസ്ലാമിക് ബാങ്കുകളുടെ വ൪ത്തമാനവും ഭാവിയും വിലയിരുത്തുന്നതായിരുന്നു രണ്ടാം സെഷൻ. മാ൪ക്കറ്റിലെ സാധ്യതകളും ബാങ്കിങ് ഉൽപന്നങ്ങളുടെ അവസരങ്ങളും സമ്മേളനത്തിൽ വിലയിരുത്തി. ഇസ്ലാമിക് ബാങ്കിങിന് രാജ്യത്തിൻെറ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കാൻ കഴിയുന്ന രീതി മൂന്നാം സെഷൻ ച൪ച്ച ചെയ്തു. മാ൪ക്കറ്റിൻെറ ആവശ്യമനുസരിച്ച് ഉൽപന്നങ്ങൾ ഇറക്കുന്നതും പുതിയ ഫൈനാൻസിങ് രീതിയും ച൪ച്ചക്ക് വന്നു. വൻകിട പദ്ധതികളെയും ചെറുകിട, ഇടത്തരം പദ്ധതികളെയും സഹായിക്കുന്ന രീതിയും ച൪ച്ച ചെയ്തു. ഒമാനിൽ ഇസ്ലാമിക് ബാങ്കിങ് രീതി നടപ്പാക്കലും അതിന് നേരിടുന്ന തടസ്സങ്ങളും നാലാം സെഷൻ ച൪ച്ച ചെയ്തു. ഇസ്ലാമിക് കാപിറ്റൽ മാ൪ക്കറ്റ് രൂപവത്കരണത്തിൻെറ സാധ്യതകളായിരുന്നു അഞ്ചാം സെഷനിലെ വിഷയം. ബാങ്കിങ് രംഗത്തെ ശരീഅത്ത് നിയമങ്ങളായിരുന്നു ആറാം സെഷനിലെ ച൪ച്ച. ജി.സി.സിയിൽ നിന്നുള്ള സെൻട്രൽ ബാങ്ക് ഗവ൪ണ൪മാരും അറബ് ഇസ്ലാമിക് ബാങ്കുകളിലെ സി.ഇ.ഒമാരും സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.