എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെ വിശ്വനാഥന്‍....

മനാമ: ‘ഇന്നൊ നാളെയൊ ഞാൻ ആശുപത്രിയിൽനിന്ന് ഡിസ്ചാ൪ജ് ചെയ്യപ്പെടും. പിന്നീട് ഞാൻ എങ്ങോട്ട് പോകും? ഒരു ഡയാലിസിസിന് 70 ദിനാ൪ വേണം. ഒമ്പത് ഡയാലിസിസ് കഴിഞ്ഞു. ഇനി കൈയ്യിൽ പണമൊന്നുമില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ യാചിച്ചെങ്കിലും കഴിയാമായിരുന്നു....’ ആരും കൂട്ടിനില്ലാതെ നിസ്സഹായനായ ഒരു പ്രവാസിയുടെ വാക്കുകളല്ല ഇത്. ഭാര്യയും മക്കളും ബന്ധുക്കളുമെല്ലാം ഇവിടെ ഉണ്ടായിട്ടും, വ൪ഷങ്ങളായി നല്ല ശമ്പളത്തിൽ ജോലി ചെയ്തിട്ടും ആലപ്പുഴ ഭരണിക്കാവ് സ്വദേശി വിശ്വനാഥന് ഇങ്ങനെ വിലപിക്കാനാണ് നിയോഗം. മൂന്ന് പതിറ്റാണ്ടോളം നി൪മാണ മേഖലയിൽ എഞ്ചിനിയറായും ഗ്രാഫിക് ഡിസൈനറായും സൂപ്പ൪വൈസറായുമൊക്കെ ചോര നീരാക്കി പടുത്തുയ൪ത്തിയതെല്ലാം നഷ്ടപ്പെട്ട വേദനയിൽ സൽമാനിയ ആശുപത്രിയുടെ ബെഡിൽ നെടുവീ൪പ്പിടുകയാണ് ഈ വൃദ്ധൻ. രോഗിയായ വിശ്വനാഥനെ നാട്ടിലേക്ക് അയക്കാൻ സുഹൃത്ത് പ്രദീപ്കുമാ൪ ശ്രമം നടത്തിയെങ്കിലും പാസ്പോ൪ട്ട് ക്ളിയറൻസിന് കൊടുത്തപ്പോഴാണ് തൻെറതല്ലാത്ത കാരണത്താൽ വന്നുപെട്ട യാത്രാ നിരോധം വിശ്വനാഥൻ അറിയുന്നത്. രണ്ട് വൃക്കകൾ തക൪ന്ന ഇദ്ദേഹത്തിൻെറ ഹൃദയവും ഇതോടെ വിങ്ങിപ്പൊട്ടിയ അവസ്ഥയിലായി.
എട്ട് മാസം മുമ്പ് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനിയറായി ജോലി ചെയ്തപ്പോൾ അവിടുത്തെ മാനേജ൪ ഒപ്പിച്ച വേലയാണ് വിശ്വനാഥന് യാത്രാ നിരോധമുണ്ടാക്കിയത്. ബുദയ്യയിലെ സ്ഥാപനത്തിൽനിന്ന് 50 ജാക്കികൾ വാടകക്കെടുത്തപ്പോൾ വിശ്വനാഥൻെറ സി.പി.ആറാണ് നൽകിയിരുന്നത്. ഇവയുടെ വാടക നൽകിയില്ലെന്ന് മാത്രമല്ല, ജാക്കികൾ തിരിച്ചുകൊടുത്തതുമില്ല. ഇതോടെ വാടകക്ക് നൽകിയ സ്ഥാപനം ബുദയ്യ സ്റ്റേഷനിൽ വിശ്വനാഥനെ പ്രതിയാക്കി കേസ് കൊടുത്തു. ഇതാണിപ്പോൾ യാത്ര നിരോധത്തിന് കാരണമായിരിക്കുന്നത്.  നഷ്ടത്തിലായതോടെ കമ്പനി അടച്ചു പൂട്ടുകയും ചെയ്തു. കമ്പനിയുടെ മാനേജറായ കോട്ടയം സ്വദേശി ഇപ്പോഴും ബഹ്റൈനിലുണ്ടെങ്കിലും ബാധ്യത തീ൪ക്കാൻ അയാൾ സന്നദ്ധനാകുന്നില്ലെന്നാണ് വിശ്വനാഥൻ പറയുന്നത്.
സുഹൃത്ത് പ്രദീപ്കുമാറും ഐ.സി.ആ൪.എഫ് പ്രവ൪ത്തകൻ ബഷീ൪ അമ്പലായിയുമാണ് ഇപ്പോൾ ഇദ്ദേഹത്തിൻെറ സഹായത്തിനുള്ളത്. അടുത്ത 25ന് നാട്ടിലേക്ക് ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും യാത്രാ നിരോധം ഒഴിവായിക്കിട്ടിയില്ലെങ്കിൽ വിശ്വനാഥൻെറ ദുരിതം ഇരട്ടിയാകും. നാട്ടിൽ ഏതെങ്കിലും ചാരിറ്റി സ്ഥാപനത്തിൽ താമസിച്ച് ചികിത്സ നടത്താനാണ് ഇപ്പോൾ വിശ്വനാഥൻ ആഗ്രഹിക്കുന്നത്. വാടക കൊടുക്കാനുള്ള സ്ഥാപനത്തിൻെറ ഉടമയുമായി പ്രദീപ്കുമാ൪ ഇന്നലെ സംസാരിച്ചിരുന്നു. വിശ്വനാഥൻെറ അവസ്ഥ മനസ്സിലാക്കിയ സ്വദേശിയായ ഉടമ കിട്ടാനുള്ള 800 ദിനാറിൽനിന്ന് 500 ദിനാ൪ കുറച്ചുകൊടുത്താൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. ഇത് പിരിച്ചെടുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് പ്രദീപ്കുമാ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.