നിയമത്തിന്‍െറ മറവില്‍ ചില ഉപഭോക്താക്കള്‍ വ്യാപാരികളെ ചൂഷണം ചെയ്യുന്നെന്ന് പരാതി

ദോഹ: വ്യാപാര, വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച നി൪ദേശങ്ങളെ മറയാക്കി ചില ഉപഭോക്താക്കൾ ആസൂത്രി്തമായി തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് വ്യാപാരികളുടെ പരാതി. ഉത്പന്നങ്ങളുടെ ഗുണനിലവാരം, കാലാവധി, വില തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാ൪ഗനി൪ദേശങ്ങളുടെ മറവിൽ അറബ് വംശജരായ ചില ഉപഭോക്താക്കൾ ‘ബ്ളാക്മെയിൽ ഷോപ്പിങ്’ നടത്തുന്നുവെന്നാണ് പ്രമുഖ സൂപ്പ൪, ഹൈപ്പ൪ മാ൪ക്കറ്റുകളുമായി ബന്ധപ്പെട്ടവ൪ പറയുന്നത്.
കേടുപാടുകൾ സംഭവിച്ചതും കാലാവധി കഴിഞ്ഞതുമായ ഉത്പന്നങ്ങൾ വിൽക്കുന്നതും മന്ത്രാലയം നി൪ദേശിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ വില ഈടാക്കുന്നതും ഉപഭോക്തൃസംരക്ഷണ വകുപ്പ് ക൪ശനമായി വലിക്കിയിട്ടുണ്ട്. പിഴ ഈടാക്കുന്നത് മുതൽ സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുന്നതുവരെയുള്ള ശിക്ഷകളാണ് ഇതിന് നിഷ്ക൪ഷിച്ചിട്ടുള്ളത്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ കൃത്യമായി ഒഴിവാക്കാറുണ്ടെന്നും കേടുപാട് സംഭവിച്ചവ വിൽക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാറുണ്ടെന്നും വ്യാപാരികൾ പറയുന്നു.
എന്നാൽ, വാങ്ങാനെത്തുന്ന ചില൪ വെണ്ണയും തൈരും പോലെ ടിന്നിലടച്ച ഉത്പന്നങ്ങൾ തുറന്നുനോക്കിയശേഷം അതുപോലെതന്നെ റാക്കിൽ വെച്ച് പോകാറുണ്ട്. വ്യാപാരികളുടെ ശ്രദ്ധയിൽപ്പെടാത്ത ഇത്തരം ഉത്പന്നങ്ങളിൽ പൂപ്പൽ  ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതുപോലെ മുട്ടകളും പലപ്പോഴും കാലാവധി കഴിയുന്നതിന് മുമ്പ് കേടുവരാറുണ്ടത്രെ. ഇത്തരം ഉത്പന്നങ്ങൾ കൈയ്യിൽ കിട്ടുന്നവരാണ് അധികൃതരുടെ നടപടി ചൂണ്ടിക്കാട്ടി വ്യപാരികളുമായി വിലപേശൽ നടത്തുന്നത്. കേടായ ഉത്പന്നം മാറ്റിനൽകാമെന്ന് പറഞ്ഞാലും ബ്ളാക്മെയ്ലിങ് ലക്ഷ്യമിട്ട് വരുന്ന ഉപഭോക്താവ് സമ്മതിക്കാറില്ലത്രെ. അധികൃതരെ അറിയിച്ച് പിഴ ഈടാക്കിക്കുമെന്നും സ്ഥാപനം പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തി അതിരുകടന്ന ആവശ്യങ്ങളാണ് ഇവ൪ മുന്നോട്ടുവെക്കുന്നത്.
വാങ്ങിയ മുട്ടകളിലൊന്ന് കേടായതിൻെറ പേരിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി നഷ്ടപരിഹാരമായി മൂന്നും നാലും കിലോ ചിക്കനും 100 റിയാലിൻെറ ഉത്പന്നങ്ങളിൽ ഒന്നിൻെറ ന്യൂനത ചൂണ്ടിക്കാട്ടി 700 റിയാലിൻെറ വരെ സാധനങ്ങളും ചില൪ സൗജന്യമായി സ്വന്തമാക്കി അവസരം മുതലെടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഒരു പ്രമുഖ സൂപ്പ൪മാ൪ക്കറ്റിൻെറ വിപണന വിഭാഗം മേധാവി പറഞ്ഞു. പിഴയടച്ചാൽ നൂറോ ഇരുന്നൂറോ റിയാലിൽ തീരുന്ന കേസുകളിൽ പോലും പലപ്പോഴും വ്യാപാരികൾക്ക് ഇത്തരം ബ്ളാക്മെയിൽ ഷോപ്പിങ്ങുകാരുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങേണ്ടിവരുന്നു. തങ്ങളെക്കുറിച്ച് സ്ഥിരമായി മന്ത്രാലയത്തിൽ പരാതിയെത്തുന്നത് സ്ഥാപനത്തിൻെറ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുമെന്ന ആശങ്കയാണത്രെ വ്യാപാരികളെ ഇതിന് പ്രേരിപ്പിക്കുന്നത്. അറബ് രാജ്യങ്ങളിൽ നിന്നുള്ള ചില൪ ഇങ്ങനെ ഷോപ്പിങ് നടത്തുന്നത് പതിവാക്കി വാണിജ്യ കേന്ദ്രങ്ങൾ സന്ദ൪ശിക്കാറുണ്ടെന്നും പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.