നിസാറിന്‍െറ കുടുംബത്തെ സഹായിക്കാന്‍ പ്രവാസലോകം

അബഹ: ഈ മാസാദ്യം അബഹ വിമാനത്താവളത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലപ്പുറം പാണ്ടിക്കാട് മുടപ്പിലാശ്ശേരി നിസാറിൻെറ ആശ്രയമറ്റ കുടുംബത്തെ സഹായിക്കാൻ അബഹയിലെ സാമൂഹികപ്രവ൪ത്തകരുടെ മുൻകൈയിൽ സഹായസമിതിക്ക് രൂപം നൽകി. പിതാവ് രോഗബാധിതനായി പ്രവാസം അവസാനിപ്പിച്ചതിനെ തുട൪ന്ന് സൗദിയിൽ മൂന്നു വ൪ഷമായി ജോലി ചെയ്തു വന്ന നിസാറാണ് കുടുംബത്തെ പോറ്റിയിരുന്നത്. 20 വ൪ഷത്തോളം തുഛമായ ശമ്പളത്തിന് ജിദ്ദയിൽ ജോലിചെയ്ത ശേഷം അസുഖത്തെ തുട൪ന്ന് മടങ്ങിയ നിസാറിൻെറ പിതാവ് അബ്ദുറസാഖ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ വെൻറിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനി൪ത്തുന്നതിനിടെയാണ് ഏകമകനായ നിസാ൪ അപകടത്തിൽ മരിച്ചത്. മരണം നടന്ന് ആറു ദിവസം കഴിഞ്ഞാണ് വെൻറിലേറ്ററിൽ കഴിയുന്ന പിതാവിനെ ബന്ധുക്കൾ വിവരമറിയിച്ചത്.
രണ്ടുവ൪ഷം മുമ്പ് അവധിക്കുപോയ നിസാ൪ പാലക്കാട് അലനല്ലൂ൪ സ്വദേശിനിയായ യുവതിയെ നികാഹ് ചെയ്തിരുന്നു. വിവാഹചടങ്ങിനായി അടുത്ത് തന്നെ നാട്ടിൽ പോകാനിരിക്കെയായിരുന്നു അപകടം. മൂന്ന് ലക്ഷത്തിലേറെ കടവും ബാപ്പയുടെ ചികിത്സയുടെ ബാധ്യതയും ഏകമകനായ നിസാറിനായിരുന്നു. പിതാവിൻെറ ആകെ സമ്പാദ്യം പത്ത് സെൻറ് സ്ഥലവും ഒറ്റമുറി വീടുമാണ്. ഇതിനൊരു പരിഹാരം കാണുന്നതിനായി ഇവിടെയെത്തിയ നിസാറിൻെറ ആകസ്മിക മരണം ഉമ്മയെ നിസ്സഹായതയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പത്തു വ൪ഷത്തെ കാത്തിരിപ്പിനു ശേഷമാണ് അബ്ദുറസാഖ്-സൽമ ദമ്പതികൾക്ക് ഏകമകൻ ജനിച്ചത്. നിസാറിൻെറ മരണത്തോടെ പ്രയാസത്തിലായ മാതാപിക്കളുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയാണ് അബഹയിലെ സാമൂഹിക പ്രവ൪ത്തക൪ രംഗത്തുവന്നത്.
ബാബു കരുവാരക്കുണ്ട് (കൺവീന൪), അബ്ദുറഹ്മാൻ ചാപ്പനങ്ങാടി (രക്ഷാധികാരി), റഷീദ് പൂക്കോട്ടൂ൪, നിസാ൪ എറണാകുളം, ഫവാസ് മഞ്ചേരി, മുസ്തഫ പള്ളം, ഫൈസൽ കിണാശേരി (മെമ്പ൪മാ൪) എന്നിവരടങ്ങിയ നിസാ൪ കുടുംബ സഹായ സമിതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവ൪ക്ക് ബാബു കരുവാരകുണ്ട് (0501018146), റഷീദ് പൂക്കോട്ടൂ൪ (0508542326) എന്നിവരുമായി ബന്ധപ്പെടാം.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.