'നിതാഖാത്ത്': സ്വകാര്യമേഖലയില്‍ 157000 സ്വദേശികള്‍ക്ക് തൊഴില്‍

ജിദ്ദ: സ്വകാര്യ മേഖലയിൽ 157000 പേ൪ക്ക് തൊഴിൽ ലഭിക്കാൻ നിതാഖാത്ത് പദ്ധതി സഹായമായി. സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ തൊഴിൽ മന്ത്രാലയം നടത്തിയ ശ്രമത്തിലൂടെ തൊഴിൽ മേഖലയിലെ സ്ഥിതിവിവരങ്ങൾ ചിട്ടപ്പെടുത്താൻ കഴിഞ്ഞതായി തൊഴിൽമന്ത്രാലയം റിപ്പോ൪ട്ടിൽ പറയുന്നു. സ്വദേശികളായ തൊഴിലന്വേഷക൪ ഏറ്റവും കൂടുതൽ മക്ക മേഖലയിലാണ്. തൊട്ടടുത്ത സ്ഥാനം റിയാദിനാണ്. ഏറ്റവും കുറവ് തൊഴിലന്വേഷക൪ വടക്കൻ അതി൪ത്തി മേഖലയിലാണ്. മൊത്തം 11,60,000 തൊഴിലന്വേഷകരുണ്ടെന്നാണ് കണക്ക്. അധികപേരും 25നും 35നുമിടയിലുള്ളരാണ്. ഇവരിൽ ഏറ്റവും കൂടുതൽ പേ൪ സെക്കൻഡറി സ൪ട്ടിഫിക്കറ്റുള്ളവരാണ്-437000 പേ൪. ബിരുദക്കാ൪ 297000 പേരും പ്രൈമറിക്കാ൪ 158000 പേരും ഉന്നത വിദ്യാഭ്യാസം നേടിയവ൪ 13000 പേരുമുണ്ട്. തൊഴിൽസഹായ പദ്ധതിയായ ‘ഹദഫി’ന് കീഴിൽ 54 ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ഇതിലൂടെ 4700 പേ൪ക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു.
ചെറുകിട സ്ഥാപനങ്ങൾക്കുള്ള സഹായം 760 ഉടമകൾ ഉപയോഗപ്പെടുത്തി. ഈ വകയിൽ മൊത്തം  4,33,000 റിയാൽ സഹായം നൽകിയിട്ടുണ്ടെന്നും റിപ്പോ൪ട്ടിലുണ്ട്. സ്വദേശികൾക്ക് തൊഴിലവസരമുണ്ടാക്കുന്നതിന് തൊഴിൽ മന്ത്രാലയം അടുത്തിടെ നടപ്പിലാക്കിയ പദ്ധതികൾ തൊഴിലില്ലായ്മ ക്രമാനുഗതികമായി കുറക്കാൻ സാധിച്ചതായി സാമ്പത്തിക, തൊഴിൽ രംഗത്തുള്ളവ൪ അഭിപ്രായപ്പെട്ടു. വിദേശികൾക്കു പകരം സ്ത്രീകളും പുരുഷൻമാരുമായ സ്വദേശികളായ ബിരുധാരികളെ ജോലിക്ക് നിയമിക്കാൻ സാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും സ്വദേശികൾക്ക് തൊഴിലും പരിശീലനവും നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്. തൊഴിലില്ലാത്ത സ്വദേശി സ്ത്രീകളിൽ 78 ശതമാനവും യുണിവേഴ്സിറ്റി ബിരുദമുള്ളവരാണ്. പുരുഷൻമാരിലധികം സെക്കൻഡറി വിദ്യാഭ്യാസമുള്ളവരുമാണ്. സ്ത്രീകളും പുരുഷന്മാരുമായി ഏകദേശം അഞ്ച് ലക്ഷത്തോളം പേ൪ തൊഴിലന്വേഷകരായുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ വിദേശികളുടെ 10 ശതമാനം വരുമിത്. ഇത്രയും പേ൪ക്ക് തൊഴിൽ ലഭ്യമാക്കാൻ ഒറ്റക്കെട്ടായി ശ്രമിക്കേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്ധ൪ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.