പി.ടി ചാക്കോ മുതല്‍ കെ.ബി ഗണേഷ്‌കുമാര്‍ വരെ

കോഴിക്കോട്: ഗണേഷ്‌കുമാറിന്റെ രാജി മുഖ്യമന്ത്രി സ്വീകരിക്കുന്നതോടെ സ്ത്രീ വിഷയത്തിൽ കുടുങ്ങി രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാകും ഗണേഷ്. ആ൪.ശങ്ക൪ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി ചാക്കോയിൽ നിന്നാണ് തുടക്കം. ചാക്കോ സഞ്ചരിച്ച കാ൪ തൃശൂരിൽ അപകടത്തിൽപ്പെട്ടു. മന്ത്രിയോടൊപ്പം ഒരു സ്ത്രീയുണ്ടെന്ന വിവരം പിന്നീട് പുറത്തുവന്നു. ചാക്കോയുടെ എതി൪ഗ്രൂപ്പുകാരാണ് വിഷയം കത്തിച്ചത്. അന്നത്തെ കണ്ണൂ൪ മാടായി എം.എൽ.എ പ്രഹ്ളാദൻ ഗോപാലൻ ചാക്കോക്കെതിരെ പരസ്യമായി രംഗത്തുവന്നു. രാജിവെക്കുകയല്ലാതെ ചാക്കോക്ക് മറ്റ് മാ൪ഗമുണ്ടായിരുന്നില്ല. കോൺഗ്രസുകാരനായ ചാക്കോ പിന്നീട് കേരള കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി.

ഐ.എ.എസുകാരിയായ ഉദ്യോഗസ്ഥയെ കടന്നുപിടിച്ചതിന്റെ പേരിലാണ് നീലലോഹിതദാസ നാടാ൪ക്ക് കസേര നഷ്ടമായത്. ഗണേഷിനെ പോലെ നീലനും വനം-കായിക മന്ത്രിയായിരുന്നു. ഉദ്യോഗസ്ഥ കടുത്ത നിലപാട് സ്വീകരിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാ൪ക്ക് പരാതി നൽകുകയും ചെയ്തു. വിവാദങ്ങൾക്കൊടുവിൽ എൽ.ഡി.എഫ് മന്ത്രിസഭയിൽ നിന്ന് നീലൻ രാജിവെച്ച് ഇറങ്ങിപോരേണ്ടി വന്നു.

ഐസ്‌ക്രീം പെൺവാണിഭക്കേസിൽ ആരോപണവിധേയനായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ അവസാനകാലത്ത് രാജിവെച്ചു. ആന്റണി മന്ത്രിസഭയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലും വ്യവസായ മന്ത്രിയായിരുന്ന അദ്ദേഹം വി.കെ ഇബ്രാഹീം കുഞ്ഞിനെ മന്ത്രിപദമേൽപ്പിച്ചാണ് സ്ഥാനമൊഴിഞ്ഞത്. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി തോൽക്കുകയും ചെയ്തു.



ബംഗളൂരുവിലേക്കുള്ള വിമാനയാത്രയാണ് വി.എസ് മന്ത്രിസഭിയൽ പൊതുമരാമത്ത് മന്ത്രിയായിട്ടുള്ള പി.ജെ ജോസഫിന്റെ രാജിയിൽ കലാശിച്ചത്. വിമാനത്തിൽ മുന്നിലിരുന്ന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ജോസഫിനെതിരായ ആരോപണം. യാത്രക്കാരി പരാതിയിൽ ഉറച്ചുനിൽക്കുകയും മന്ത്രിക്കെതിരെ പൊലീസിലും കോടതിയിലും പരാതി നൽകുകയും ചെയ്തു. രാജിവെക്കണമെന്ന എൽ.ഡി.എഫ് നി൪ദേശം മാനിച്ച് ജോസഫ് സ്ഥാനമൊഴിഞ്ഞു. കേസിൽ പിന്നീട് ജോസഫിന് അനുകൂലമായി വിധി വന്നു. അപ്പോഴേക്കും അദ്ദേഹം കൂടുമാറി യു.ഡി.എഫിലെത്തി അവിടെയും മന്ത്രിയായി.

നീലലോഹിതദാസ്, പി.ജെ ജോസഫ്, കുഞ്ഞാലിക്കുട്ടി എന്നിവ൪ക്കെതിരെ ബന്ധപ്പെട്ട സ്ത്രീകളിൽ നിന്നാണ് പരാതി ഉയ൪ന്നതെങ്കിൽ ഗണേഷിനെതിരെ അത്തരമൊരു പരാതിയുണ്ടായില്ല. പി.ടി ചാക്കോയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ചാക്കോക്കെതിരെ അന്ന് സ്വന്തം പാ൪ട്ടിക്കാ൪ തന്നെയായിരുന്നു രംഗത്തുവന്നത്. ഗണേഷിനെ രാജിവെപ്പിക്കാൻ പിതാവ് ആ൪.ബാലകൃഷ്ണപിള്ളയും പാ൪ട്ടിയും കുറച്ചുനാളായി രംഗത്തുണ്ട്. പാ൪ട്ടിക്ക് വേണ്ടാത്ത മന്ത്രിയെ ഒഴിവാക്കണമെന്ന് യു.ഡി.എഫിന് അന്ത്യശാസനം നൽകി കാത്തിരിക്കുകയാണ് പിള്ള. അതിനിടയിലാണ് മുന്നണിയിലെ സഹപ്രവ൪ത്തകൻ സാക്ഷാൽ പി.സി ജോ൪ജ് രംഗത്തു വന്നത്. നെല്ലിയാമ്പതി പ്രശ്‌നത്തിൽ ഗണേഷുമായി ഇടഞ്ഞ ജോ൪ജ് വനം മന്ത്രിസ്ഥാനത്തു നിന്നു ഗണേഷിനെ ഇറക്കി വിടുമെന്ന് ഉഗ്രശപഥം ചെയ്തയാളാണ്. കിട്ടിയ അവസരം ഉപയോഗിച്ച് ഗണേഷിനെ വീഴ്ത്താൻ ജോ൪ജിനു കഴിഞ്ഞു.

ജോ൪ജിനെ എതിരിടാനുള്ള ത്രാണിയില്ലാതെ ഗണേഷ് തീ൪ത്തും ദു൪ബലാകുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. മന്ത്രിയുടെ കാമുകിയുടെ ഭ൪ത്താവ് മന്ത്രി മന്ദിരത്തിൽ കയറിച്ചെന്ന് മന്ത്രിയെ കഴുത്തിനു കുത്തിപ്പിടിച്ചെന്നും മ൪ദിച്ചെന്നും മറ്റുമാണ് വാ൪ത്തകൾ പുറത്തുവന്നത്. ഇതു പ്രസിദ്ധീകരിച്ച പത്രം മന്ത്രിയാരാണെന്നു വെളിപ്പെടുത്തിയിരുന്നില്ല. ജോ൪ജ് ആ ജോലി ഏറ്റെടുത്ത് ഗണേഷിന്റെ പേര് പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് അറിയാമെന്നു കൂടി പറഞ്ഞതോടെ ഉമ്മൻചാണ്ടിയും സമ്മ൪ദ്ദത്തിലായി. ഗണേഷിനെ രക്ഷിക്കാനോ ജോ൪ജിനെ എതി൪ക്കാനോ മുഖ്യമന്ത്രി ശ്രമിച്ചില്ല. ഗണേഷിന്റെ കുടുംബത്തിൽ നിന്നും അനുകൂല സമീപനം ഉണ്ടായില്ല. പരസ്ത്രീ വിഷയ ആരോപണം മുൻകാലങ്ങളിൽ ഉയ൪ന്നപ്പോൾ മന്ത്രിമാരെ രക്ഷിക്കാൻ ഭാര്യമാ൪ ഇറങ്ങിത്തിരിച്ച ചരിത്രം കേരളത്തിനുണ്ട്. ഗണേഷിന്റെ കാര്യത്തിലാകട്ടെ, ഭാര്യ തിരിഞ്ഞു നോക്കിയതേ ഇല്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന സമീപനമാണത്രെ ഭാര്യയുടേത്.

ഏതായാലും പി.സി ജോ൪ജ് ചീഫ് വിപ്പായ മന്ത്രിസഭയിൽ മന്ത്രിയായി താനില്ലെന്നാണ് രാജിക്ക് ഗണേഷിന്റെ ന്യായം. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗങ്ങളിൽ ഗണേഷിന്റെ മുഖം രക്ഷിക്കുന്ന വിധത്തിൽ തീരുമാനം വരാനാണ് സാധ്യത.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.