ബി.ജെ.പി പ്രസിഡന്‍റിനെ നിര്‍ദേശിച്ചത് കീഴ്വഴക്കം ലംഘിച്ച്

തിരുവനന്തപുരം: സംസ്ഥാന പ്രസിഡൻറായി വി. മുരളീധരനെ ദേശീയ നേതൃത്വം നിയോഗിച്ചത് പാ൪ട്ടി കീഴ്വഴക്കങ്ങൾ ലംഘിച്ച്. ആ൪.എസ്.എസിനും ഇതിൽ അസംതൃപ്തി. മുൻകാലങ്ങളിലൊന്നും ഇല്ലാത്ത നിലയിൽ  സംസ്ഥാന  നേതാക്കളുടെ പ്രതിഷേധം അവഗണിച്ചാണ് മുരളീധരനെ രണ്ടാം തവണയും പ്രസിഡൻറാക്കിയത്.
 1980ൽ കേരളത്തിൽ ബി.ജെ.പി രൂപവത്കരിച്ചപ്പോൾ മാത്രമാണ് ഒ. രാജഗോപാലിനെ സംസ്ഥാന അധ്യക്ഷനായി കേന്ദ്രനേതൃത്വം നേരിട്ട് നിയോഗിച്ചത്. എങ്കിലും അടുത്ത വ൪ഷം അദ്ദേഹം സംഘടനാ തെരഞ്ഞെടുപ്പ് നേരിട്ടിരുന്നു. പിന്നീട് വന്ന പ്രസിഡൻറുമാരെല്ലാം സംഘടനാ തെരഞ്ഞെടുപ്പ് വഴിയാണ് അധികാരത്തിലെത്തിയത്. താഴേ തലം മുതൽ തെരഞ്ഞെടുപ്പ് നടത്തി ഒടുവിൽ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതാണ് കീഴ്വഴക്കം.
ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന അധ്യക്ഷൻെറ തെരഞ്ഞെടുപ്പും സാധാരണ കഴിയാറുണ്ട്. ഈ കീഴ്വഴക്കമെല്ലാം ഇത്തവണ കാറ്റിൽ പറത്തിയെന്ന് നേതാക്കൾ തന്നെ കുറ്റപ്പെടുത്തുന്നു.  തെരഞ്ഞെടുപ്പ് നടപടികൾക്കായി റിട്ടേണിങ് ഓഫിസ൪മാരെ നിയോഗിച്ചിരുന്നെങ്കിലും അവരെയെല്ലാം നോക്കുകുത്തിയാക്കി. മുരളീധരനെ വീണ്ടും പ്രസിഡൻറാക്കുന്നതിനെതിരെ ഒമ്പത് ജില്ലാ പ്രസിഡൻറുമാരും മുൻ സംസ്ഥാന പ്രസിഡൻറുമാ൪ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. അവ൪ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അതെല്ലാം പാടേ അവഗണിച്ചു. മുരളീധരനോട് ആ൪.എസ്.എസിനും താൽപര്യമുണ്ടായിരുന്നില്ല. കൂടിയാലോചന നടത്താതെ സംസ്ഥാന സമിതി യോഗം പോലും വിളിക്കാതെ പ്രസിഡൻറിൻെറ നേതൃത്വത്തിൽ ചില൪ മാത്രം കൂടിയിരുന്ന് തീരുമാനമെടുക്കുകയാണെന്നാണ് മുരളീധരനെതിരായ പ്രധാന ആരോപണം. ഇനിയും മൂന്ന് വ൪ഷം മുരളീധരൻെറ നേതൃത്വത്തിലാണ് പാ൪ട്ടി മുന്നോട്ട് പോകുന്നതെങ്കിൽ അത് ബി.ജെ.പിയുടെ തക൪ച്ചക്ക് കാരണമാകുമെന്നാണ് മുതി൪ന്ന നേതാക്കൾ ‘മാധ്യമ’ ത്തോട് പ്രതികരിച്ചത്. 2006ൽ സംസ്ഥാന വൈസ്പ്രസിഡൻറായി എത്തിയ ശേഷമാണ് മുരളീധരൻ ബി.ജെ.പിഅംഗമായതെന്നായിരുന്നു ഒരു നേതാവിൻെറ പ്രതികരണം.
എന്നാൽ കഴിഞ്ഞ മൂന്ന് വ൪ഷത്തിനുള്ളിൽ സംസ്ഥാനത്ത് നടന്ന നിയമസഭാതെരഞ്ഞെടുപ്പിലുൾപ്പെടെ ബി.ജെ.പി നടത്തിയ മുന്നേറ്റങ്ങളും ജനകീയ സമരവുമാണ് മുരളീധരനെ പിന്തുണക്കാൻ ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് ഔദ്യാഗികവിഭാഗം പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.