എന്‍.എസ്.എസിന്‍െറ ലക്ഷ്യം നേതൃമാറ്റം; വിവാദത്തില്‍ ആന്‍റണിയും

തിരുവനന്തപുരം: ഉമ്മൻചാണ്ടി സ൪ക്കാറിന് പ്രതിസന്ധി സൃഷ്ടിച്ച് എൻ.എസ്.എസ് വീണ്ടും രംഗത്ത്. അഞ്ചാംമന്ത്രിയുടെ പേരിൽ സ൪ക്കാറിനെ പ്രതിരോധത്തിലാക്കിയ എൻ.എസ്.എസ് നേതൃത്വം, രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന എ.കെ ആൻറണിയുടെ നി൪ദേശം അട്ടിമറിച്ചുവെന്ന വെളിപ്പെടുത്തലിലൂടെയാണ് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയേക്കാവുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്ന് വ്യക്തമാണ്.
ചെന്നിത്തലയെ മന്ത്രിയാക്കി ആഭ്യന്തരവകുപ്പ് നൽകണമെന്ന ആൻറണിയുടെ നി൪ദേശം അട്ടിമറിച്ചുവെന്ന് ‘മനോരമ’ ചാനലിലൂടെയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻനായ൪ വെളിപ്പെടുത്തിയത്. നി൪ദേശം അട്ടിമറിച്ച് ആഭ്യന്തരവകുപ്പ് തിരുവഞ്ചൂരിന് നൽകിയത് ചെന്നിത്തലയെ വെട്ടാനായിരുന്നുവെന്നും പല കാര്യങ്ങളിലും ഭിന്നതയിലായിരുന്ന ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും ഇതിനായി  ഒന്നിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.  ഉമ്മൻചാണ്ടി സ൪ക്കാറിനെ ഒരിക്കൽക്കൂടി രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിനൊപ്പം എ.കെ ആൻറണിയെയും വിവാദത്തിലേക്ക് അദ്ദേഹം വലിച്ചിഴച്ചിരിക്കുകയാണ്.
ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നൽകേണ്ടിവന്നതിന് പിന്നാലെയാണ് ഏവരെയും അമ്പരപ്പിച്ച് വകുപ്പുമാറ്റത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറായത്. ലീഗിന് അഞ്ചാംമന്ത്രിയെ നൽകിയതുവഴി ഭൂരിപക്ഷസമുദായത്തിലുണ്ടായ അതൃപ്തി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ ചടുലനീക്കം. കൈവശമുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് തിരുവഞ്ചൂ൪ രാധാകൃഷ്ണന് നൽകിയ മുഖ്യമന്ത്രിയുടെ നടപടിയായിരുന്നു അതിൽ പ്രധാനം. വകുപ്പ് പുന$സംഘടന മന്ത്രിസഭയുടെ സമുദായസന്തുലനം തക൪ത്തുവെന്ന ആക്ഷേപം പരിഹരിക്കാൻ  മുഖ്യമന്ത്രി നടത്തിയ നീക്കം അദ്ദേഹത്തിനുതന്നെ വിനയായി മാറിയെന്നതാണ് യാഥാ൪ഥ്യം. എന്നാൽ ഭൂരിപക്ഷ സമുദായക്കാരനായ തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിയാക്കിയതിലൂടെ രമേശ് ചെന്നിത്തലക്ക് രാഷ്ട്രീയമായ ഭീഷണി സൃഷ്ടിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന് നേട്ടമായി.
മുഖ്യമന്ത്രി സ്ഥാനത്ത് ചെന്നിത്തലയെ പ്രതിഷ്ഠിക്കാൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതൽ എൻ.എസ്.എസ് നേതൃത്വത്തിന് താൽപര്യമുണ്ട്. അതിന് കഴിയാതെ വന്നതുമുതൽ യു.ഡി.എഫുമായി  അകന്നുതുടങ്ങിയ അവ൪, ലഭിച്ച അവസരങ്ങളിലെല്ലാം സ൪ക്കാറിനെ തുറന്നെതി൪ക്കാനും പിന്നീട് തയാറായി. സ൪ക്കാറിൻെറ നിലനിൽപ്പിന് പോലും നി൪ണായകമായിരുന്ന നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ അഞ്ചാംമന്ത്രിയുടെ പേരിൽ  യു.ഡി.എഫ് വിരുദ്ധ നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചത്.  ആ൪. ബാലകൃഷ്ണപിള്ളയും മന്ത്രി ഗണേഷ്കുമാറും തമ്മിലുള്ള പോരിലും എൻ.എസ്.എസ് കക്ഷിചേ൪ന്ന് കോൺഗ്രസിനെയും സ൪ക്കാറിനെയും കടന്നാക്രമിച്ചിരുന്നു. സ൪ക്കാറുമായും കോൺഗ്രസുമായും നിലനിൽക്കുന്ന അകൽച്ച കുറയ്ക്കാൻ മുഖ്യമന്ത്രിയും ചെന്നിത്തലയും എൻ.എസ്.എസ് ആസ്ഥാനത്തെത്തി ച൪ച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
പുതിയ വെളിപ്പെടുത്തലിലൂടെ എൻ.എസ്.എസ് ലക്ഷ്യം വെക്കുന്നത് നേതൃമാറ്റം തന്നെയാണ്. അതിനുള്ള അടിത്തറ കാലേക്കൂട്ടി സൃഷ്ടിച്ച് അവസരം വരുമ്പോൾ ലക്ഷ്യംനേടാനാണ് നീക്കം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അതിനുള്ള അവസരം ഉടലെടുക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
അതേസമയം, വെളിപ്പെടുത്തൽ യാഥാ൪ഥ്യമാണോ എന്ന് പരസ്യപ്പെടുത്തേണ്ട ബാധ്യത ആൻറണിയിൽ വന്നുചേ൪ന്നിരിക്കുകയാണ്. അദ്ദേഹം അതിന് തയാറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. വിവാദങ്ങളോട് പൊതുവെ മൗനം പാലിക്കാറുള്ള ആൻറണി അതേ നിലപാടുതന്നെ ഈ വിഷയത്തിലും തുടരാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇതുമായി ബന്ധപ്പെട്ട്  ദുരൂഹത നിലനി൪ത്തുകയെന്ന തങ്ങളുടെ താൽപര്യം വിജയത്തിലെത്തുമെന്ന് മറ്റാരേക്കാളും നന്നായറിയാവുന്നത് എൻ.എസ്.എസ് നേതൃത്വത്തിന് തന്നെയാണ്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.