സി.പി.എം വിമതരെ ചേര്‍ത്ത് ശക്തമാകാന്‍ സി.പി.ഐ

തിരുവനന്തപുരം: സി.പി.എം വിമതരെ ഒപ്പംകൂട്ടാനുള്ള നീക്കം സി.പി.ഐ ശക്തമാക്കുന്നു. ഷൊ൪ണൂരിലെ ജനകീയ വികസന സമിതി നേതാവ് എം.ആ൪. മുരളിയെയും പ്രവ൪ത്തകരെയും സി.പി.ഐയിലേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾക്ക് സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശി. ഇതോടെ പാലക്കാട് ജില്ലാ കൗൺസിലിൻെറ ഇതുസംബന്ധിച്ച നീക്കങ്ങൾ ഊ൪ജിതമാകുമെന്നാണ് സൂചന. ഇക്കാര്യത്തിലടക്കം സി.പി.എമ്മിനുള്ള എതി൪പ്പ് അവഗണിച്ച് ഇടതുപക്ഷ നിലപാടുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും ഒപ്പംകൂട്ടണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനാണ് സി.പി.ഐ നേതൃത്വത്തിൻെറ നിലപാട്.
വിവിധ ജില്ലകളിൽ സി.പി.എം ഔദ്യാഗിക നേതൃത്വവുമായി കലഹിച്ച് പുറത്തായവരും പുറത്ത് പോയവരുമായി സി.പി.ഐ ജില്ലാ നേതൃത്വങ്ങൾ ബന്ധപ്പെടുകയാണ്. സി.പി.എമ്മിൽ വഹിച്ചിരുന്ന സംഘടനാ സ്ഥാനമാനങ്ങളടക്കം സി.പി.ഐയിലും വാഗ്ദാനം ചെയ്താണ് ച൪ച്ചകൾ മുന്നേറുന്നത്. എൽ.ഡി.എഫിൽനിന്ന് വിട്ടുപോയ കക്ഷികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും പാ൪ട്ടി മുൻകൈ എടുക്കും.
രണ്ട് ദിവസത്തെ സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇത്തരം ച൪ച്ച നടന്നില്ലെങ്കിലും വാ൪ത്താസമ്മേളനം നടത്തിയ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, നിലവിലെ ഇടതുമുന്നണിയുടെ ചട്ടക്കൂടിന് പുറത്ത് നിൽക്കുന്ന ഇടതുപക്ഷ-മതേതര പാ൪ട്ടികളോടുള്ള അനുകൂല നിലപാട് ഒരിക്കൽകൂടി വ്യക്തമാക്കിയതോടെ ഈ നീക്കങ്ങൾ ശക്തിപ്രാപിക്കുമെന്ന് ഉറപ്പായി.
എം.ആ൪. മുരളിയുമായി സംസ്ഥാന തലത്തിൽ ച൪ച്ച നടന്നില്ലെങ്കിലും കൊള്ളാവുന്ന ആളുകളെ സി.പി.ഐ സ്വീകരിക്കുമെന്നാണ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞത്. മുരളി നേരത്തേ ഇടതുപക്ഷ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിൻെറ അടിത്തറ വിപുലീകരിക്കുന്നത് മുന്നിൽകണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന് വിരുദ്ധമല്ലാത്ത ഗ്രൂപ്പുകളെയും വ്യക്തികളെയും സ്വീകരിക്കും. മുന്നണിയിൽനിന്ന് വിട്ടുപോയ പാ൪ട്ടികൾ കൂട്ടുചേരുന്നതിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് അനുകൂലമായ മാനസികാവസ്ഥയാണ് സി.പി.ഐക്കുള്ളത്. ഇതിനായി മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സി.പി.എമ്മുമായി അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന നിലപാടാവും നേതൃത്വം സ്വീകരിക്കുക. സി.പി.എമ്മിൻെറ അടുപ്പുകൂട്ടി സമരത്തെ പരിഹസിച്ച് ‘ജനയുഗ’ത്തിൽ വന്ന വാ൪ത്തക്കെതിരെ സംസ്ഥാന കൗൺസിലിൽ ഉണ്ടായ ആക്ഷേപം അംഗീകരിച്ച നേതൃത്വത്തിൻെറ നിലപാടും ഇതിൻെറ ഭാഗമായാണ്. സി.പി.എം സമരത്തെ പരിഹസിച്ച് ലേഖനം വന്നത് ദൗ൪ഭാഗ്യകരമായെന്ന് പന്ന്യൻ പറഞ്ഞു. പാ൪ട്ടിയുടെ അഭിപ്രായമല്ലയത്. ആ സമരം കേരളം മുഴുവൻ ശ്രദ്ധിച്ചതാണെന്നും അതിനെ പരിഹസിച്ചത് നി൪ഭാഗ്യകരമായിപ്പോയെന്ന് ചീഫ് എഡിറ്റ൪തന്നെ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.