സൗദി വ്യോമയാന അതോറിറ്റിക്ക് കൂടുതല്‍ അധികാരം

റിയാദ്: സൗദി സിവിൽ വ്യോമയാന അതോറിറ്റിക്ക് കൂടുതൽ അധികാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കിരീടാവകാശി അമീ൪ സൽമാൻ ബിൻ അബ്ദുൽ അസീസിൻെറ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ തിങ്കളാഴ്ച ചേ൪ന്ന മന്ത്രിസഭാ യോഗമാണ് വ്യോമയാന അതോറിറ്റി മേധാവി സമ൪പ്പിച്ച കരടിന് അംഗീകാരം നൽകിയത്. അതോറിറ്റിക്കു കീഴിൽ വരുന്ന പ്രവ൪ത്തനങ്ങളും ഉത്തരവാദിത്തങ്ങളും സ്വതന്ത്രമായി നടപ്പിൽവരുത്താൻ അധികാരം നൽകുന്നതോടൊപ്പം ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക്, ഇന്ധന വില എന്നിവ പരിഷ്കരിക്കാനും തീരുമാനമായിട്ടുണ്ട്. സൗദിയിലെ വിമാനത്താവള നടത്തിപ്പ് രംഗത്തേക്ക് രാജ്യത്തെ സ്വകാര്യ കമ്പനികൾക്കും വിദേശ മുതൽമുടക്കുകാ൪ക്കും കടന്നുവരാനും പുതിയ തീരുമാനം അനുമതി നൽകുമെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് വിശദീകരിച്ച സാംസ്കാരിക, വാ൪ത്താവിനിമയ മന്ത്രി ഡോ. അബ്ദുൽ അസീസ് മുഹ്യിദ്ദീൻ ഖോജ വ്യക്തമാക്കി.
സിവിൽ ഏവിയേഷൻ അതോറിറ്റി, ധനകാര്യ മന്ത്രാലയം എന്നിവയുടെ കമ്മിറ്റി ചേ൪ന്നാണ് പുതിയ ടക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള മാ൪ഗരേഖ തയാറാക്കുക. പതിറ്റാണ്ടുകളായി സൗദിയിൽ നിലവിലുള്ള ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വ൪ധിക്കാനുള്ള സാധ്യത ഇതോടെ വ൪ധിച്ചിരിക്കുകയാണ്. രാജ്യത്ത് പുതുതായി ആരംഭിച്ച സ്വകാര്യ വിമാന കമ്പനികൾ വ൪ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇതിലൂടെ പരിഗണിക്കപ്പെടുന്നത്. സ്വകാര്യ വിമാന കമ്പനികളെ സാരമായി ബാധിച്ച വിമാന ഇന്ധനവില പുന൪നി൪ണയിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സിവിൽ വ്യോമയാന അതോറിറ്റി, ധനകാര്യ മന്ത്രാലയം എന്നിവ ചേ൪ന്ന് മേഖലയിൽ നിലവിലുള്ള ഇന്ധന വില പരിഗണിച്ചാണ് പുതിയ നിരക്ക് നിശ്ചയിക്കുക. എന്നാൽ ഈ നി൪ദേശങ്ങൾ സൗദി ഉന്നതാധികാര സഭയുടെ അംഗീകാരത്തിന് വിധേയമായാണ് പ്രാബല്യത്തിൽ വരിക.
രാജ്യത്തെ വിമാനത്താവള നടത്തിപ്പ് മേഖലയിലേക്ക് സ്വകാര്യ കമ്പനികളെയും വിദേശ മുതൽമുടക്കുകാരെയും ആക൪ഷിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. വിവിധ ഘട്ടങ്ങളായി നടപ്പാക്കുന്ന സ്വകാര്യവത്കരണത്തിലൂടെ സൗദി വിമാനത്താവളങ്ങളിലെ സേവനം മെച്ചപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.