ആറന്മുള വിമാനത്താവളം: എളമരം കരീമിന്‍െറ വാദം പൊളിയുന്നു

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് തൻെറ വകുപ്പിൽ നടന്ന നീക്കങ്ങൾ അറിഞ്ഞിരുന്നില്ലെന്ന  മുൻ വ്യവസായ മന്ത്രി എളമരം കരീമിൻെറ വാദം പൊളിയുന്നു. പദ്ധതിയുടെ അനുമതിക്കായി മന്ത്രിസഭാ യോഗത്തിൽ സമ൪പ്പിക്കുന്നതിന് തയാറാക്കിയ കുറിപ്പിൽ  എളമരം കരീം ഒപ്പിട്ടിരുന്നുവെന്ന വിവരം പുറത്തുവന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ലെന്നായിരുന്നു കരീമിൻെറ  മുൻനിലപാട്.
പദ്ധതിക്ക് മന്ത്രിസഭ തത്ത്വത്തിൽ അനുമതി നൽകിയതിനു പിന്നാലെ, പ്രദേശത്തെ നെൽപ്പാടങ്ങളും ജനവാസകേന്ദ്രങ്ങളും  ഉൾപ്പെടുത്തി വ്യവസായ മേഖല പ്രഖ്യാപനം നടത്തിയത് വ്യവസായ വകുപ്പാണ്. തൻെറ വകുപ്പിന് കീഴിൽ നടന്ന ഈ നീക്കം അറിഞ്ഞിരുന്നില്ലെന്നാണ് കരീം നേരത്തെ നിലപാടെടുത്തിരുന്നത്. പദ്ധതിക്ക് തത്ത്വത്തിൽ അനുമതി നൽകുകയാണുണ്ടായതെന്നും അത് തൻെറ വ്യക്തിപരമായ തീരുമാനമല്ലെന്നും മന്ത്രിസഭ തീരുമാനമായിരുന്നുവെന്നുമാണ് കരീം ഇപ്പോൾ പറയുന്നത്. വ്യവസായ മേഖല പ്രഖ്യാപനം  നിയമാനുസൃതമായാണ് നടന്നതെന്നും ഒരു നിയമവിരുദ്ധ  നടപടിയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും  കരീം ‘മാധ്യമ’ത്തോട് പറഞ്ഞു. പദ്ധതിക്ക് മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകിയതിന് പിന്നാലെ തിടുക്കത്തിൽ വ്യവസായ മേഖല പ്രഖ്യാപനം ഉണ്ടായതും ജനങ്ങളെ കുടിയിറക്കി ഭൂമി ഏറ്റെടുക്കാൻ നടന്ന നീക്കങ്ങളുമാണ് പദ്ധതിയെ വിവാദത്തിലാക്കിയത്.
കമ്പനി ആവശ്യപ്പെട്ടത് 500 ഏക്ക൪ ഉൾപ്പെടുത്താനായിരുന്നുവെങ്കിലും വ്യവസായ വകുപ്പ് 1500 ഏക്ക൪ വ്യവസായ മേഖലയിൽ പെടുത്തി വിജ്ഞാപനമിറക്കുകയായിരുന്നു. അമിത താൽപ്പര്യത്തോടെയാണ് വ്യവസായ വകുപ്പിൽ  ഇതിന് നീക്കങ്ങൾ നടന്നതെന്ന് ഫയലുകളിൽ  നിന്നുവ്യക്തമാണ്. ഫയലുകൾ ശരവേഗത്തിലാണ് നീങ്ങിയത്. വിമാനത്താവളം ഗതാഗത വകുപ്പിൻെറ പരിധിയിൽ പെടുന്നതാണെങ്കിലും ഗതാഗതം എന്ന വാക്കുപോലും അപേക്ഷകളിൽ ഉണ്ടാകരുതെന്ന നി൪ദേശം വ്യവസായ വകുപ്പിൽനിന്ന് വിമാനത്താവള നി൪മാണക്കമ്പനിക്ക് ലഭിച്ചിരുന്നതിൻെറ രേഖകളും പുറത്തുവന്നിരുന്നു.
 ഇടതു മന്ത്രിസഭയുടെ അവസാന നാളുകളിലാണ് ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നൽകിയത്. വിമാനത്താവള നി൪മാണക്കമ്പനിയായ ചെന്നൈയിലെ കെ.ജി.എസ് ഗ്രൂപ് സ്വന്തം നിലയിൽ ഭൂമി കണ്ടെത്തണമെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്. സ്വന്തം നിലയിൽ ഭൂമി കണ്ടെത്തണമെന്ന വ്യവസ്ഥക്ക് വിരുദ്ധമാണ് വ്യവസായ മേഖല പ്രഖ്യാപനമെന്ന് സമര സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
വിമാനത്താവളത്തിന് അനുമതിതേടി, കെ.ജി.എസ് നൽകിയ അപേക്ഷയിൽ നാല് ആവശ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.  എൻ.ഒ.സി നൽകുക, പരിധിയിൽ കവിഞ്ഞ് ഭൂമി കൈവശം വെക്കുന്നത് സംബന്ധിച്ച സീലിങ് നിയമത്തിൽനിന്ന് കമ്പനിയെ ഒഴിവാക്കുക,നെൽവയൽ നീ൪ത്തട സംരക്ഷണ നിയമത്തിൽനിന്ന്  ഇളവു നൽകുക, ഭൂമി ഏറ്റെടുക്കൽ നിയമത്തിന് കീഴിൽ 150 ഏക്ക൪ ഏറ്റെടുത്ത് നൽകുക എന്നിവയായിരുന്നു ഇവ. നെൽവയൽ നീ൪ത്തട സംരക്ഷണ നിയമം, കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി എന്നീ നിയമങ്ങൾ മറികടക്കാൻ കമ്പനിക്ക് അവസരമൊരുക്കാനാണ് വ്യവസായ മേഖല പ്രഖ്യാപനമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.