ബസ്സുകള്‍ കുറവ്; യാത്രക്കാര്‍ വലയുന്നു

ദോഹ: കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് പ്രതിനിധികളെ കൊണ്ടുപോകുന്നതിനായി ബസ്സുകളും ഡ്രൈവ൪മാരും നിയോഗിക്കപ്പെട്ടതോടെ നഗരത്തിൽ യാത്രാക്ളേശം രൂക്ഷമായെന്ന് പരാതി. വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ളവ൪ ഗ്രാൻറ് ഹമദ് സ്ട്രീറ്റിലെ ബസ് ടെ൪മിനലിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണെന്ന് പ്രാദേശികപത്രം റിപ്പോ൪ട്ട് ചെയ്തു.
കാലാവസ്ഥാ സമ്മേളനം ആരംഭിച്ചതോടെ നഗരത്തിൽ പതിവ് സ൪വീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞദിവസങ്ങളിൽ യാത്രക്കാ൪ക്ക് ലക്ഷ്യസ്ഥാനത്തെത്താൻ ടാക്സികളെയും മറ്റും ആശ്രയിക്കേണ്ടിവന്നു. 38 റൂട്ടുകളിൽ 19 റൂട്ടുകളിൽ സ൪വീസുകൾ കുറച്ചതായാണ് കഴിഞ്ഞമാസം 30ന് മുവാസലാത്ത് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. 10, 12, 19, 22, 40, 42, 45, 100, 102, 119, 136, 137, 170, 172, 104എ, 109, 49, 56, 34 എന്നീ റൂട്ടുകളിലാണ് ബസ്സുകളുടെ എണ്ണം കുറച്ചത്. എന്നാൽ, അവധി ദിവസം പുറത്തിറങ്ങിയ അറിയിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പല യാത്രക്കാരും പറയുന്നു. യാത്രാ ബസ്സുകളൊന്നും സമ്മേളന ഓട്ടത്തിന് ഉപയോഗിക്കുന്നില്ലെന്നിരിക്കെ ബസ്സുകളുടെ കുറവല്ല, മുവസലാത്തിൻെറ നൂറുകണക്കിന് ഡ്രൈവ൪മാരെ സമ്മേളന ബസ്സുകളിൽ ജോലിക്ക് നിയോഗിച്ചതാണ് യാത്രാക്ളേശം രൂക്ഷമാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
20 മിനിറ്റ് ഇടവിട്ട് ബസ് സ൪വീസുണ്ടായിരുന്ന 49ാം നമ്പ൪ റൂട്ടിൽ ഇപ്പോൾ ഒരുമണിക്കൂറിലധികം കാത്തുനിൽക്കേണ്ട അവസ്ഥയാണത്രെ. പുതിയ ഷെഡ്യൂളിൽ ബസ്സിൻെറ സമയം ഉൾപ്പെടുത്താത്തതും യാത്രക്കാരെ വലക്കുന്നു. ബസ് സ൪വീസുകളുടെ എണ്ണം കുറഞ്ഞത് അനധികൃത ടാക്സികളും ക൪വ്വ ടാക്സികളും നന്നായി മുതലെടുക്കുന്നുണ്ട്.
പ്രതിനിധികൾ താമസിക്കുന്ന 32 ഹോട്ടലുകളിൽ നിന്നായി സമ്മേളന വേദിയായ ഖത്ത൪ നാഷനൽ കൺവെൻഷൻ സെൻററിലേക്ക് (ക്യു.എൻ.സി.സി) 430 ബസ്സുകളാണ് ഷട്ടിൽ സ൪വീസ് നടത്തുന്നത്. ഇവയിൽ 24 എണ്ണം പ്രദ൪ശനം നടക്കുന്ന ദോഹ എക്സിബിഷൻ സെൻററിനും ക്യു.എൻ.സി.സിക്കുമിടയിൽ മാത്രം സ൪വീസ് നടത്തുന്നവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.