രോഗത്തിന്‍െറ പിടിയില്‍ ഹാജറ അക്കരെ; ദുരിത വലയില്‍ ഹനീഫ ഇക്കരെ

ദമ്മാം: നാട്ടിലും സൗദിയിലും ഒരുപോലെ ദൗ൪ഭാഗ്യങ്ങൾ വേട്ടയാടുമ്പോൾ ആശ്വാസത്തിന് വഴികാണാത്ത നിസ്സഹായതയിലാണ് മലപ്പുറത്തുകാരൻ ഹനീഫ. പുതിയ തൊഴിൽ നിയമത്തിൻെറ കെണിയിൽ കുടുങ്ങി ഇഖാമ പുതുക്കാനോ നാട്ടിൽ പോകാനോ കഴിയാതെ മലപ്പുറം വെളിയങ്കോട് സ്വദേശി പുളിക്കൽ ഹനീഫ ഇവിടെ കുടുങ്ങിക്കിടക്കുമ്പോൾ, ഇരുവൃക്കകളും തകരാറിലായി ചികിത്സ പോലും ലഭ്യമാകാതെ നാട്ടിൽ കഴിയുകയാണ് ഭാര്യ ഹാജറ. എങ്ങനെയെങ്കിലും നാട്ടിലെത്തി രോഗിയായി തള൪ന്നു കിടക്കുന്ന ഭാര്യയെ കാണാൻ കഴിഞ്ഞെങ്കിൽ എന്നുമാത്രമാണ് ഇപ്പോൾ ഹനീഫയുടെ ആഗ്രഹം.  നാലു വ൪ഷം നീണ്ട പ്രവാസത്തിനൊടുവിൽ പുതിയ നിയമങ്ങളാണ് ഹനീഫയെ വെട്ടിലാക്കിയത്. സ്പോൺസ൪ക്ക് മാസം കൃത്യമായ ഒരു തുക നൽകി പുറത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ പുതിയ നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിവ൪ഷം 5600 റിയാലാണ് സ്പോൺസ൪ പുതുതായി ആവശ്യപ്പെട്ടത്. ഏറെ ത൪ക്കങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ കടംവാങ്ങിയും മറ്റുമായി ഇത്രയും തുക നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഹനീഫക്ക് ഇഖാമ പുതുക്കി നൽകാൻ സ്പോൺസ൪ക്ക് കഴിഞ്ഞില്ല. ഓരോ പ്രാവശ്യം ബന്ധപ്പെടുമ്പോഴും അടുത്ത ആഴ്ച ശരിയാകും എന്ന പതിവ് പല്ലവി.
മാസങ്ങൾ കഴിഞ്ഞതോടെ കുടുതൽ പണം നൽകിയാലേ ഇഖാമ പുതുക്കി നൽകാനാകൂ എന്ന നിലപാടിലെത്തി സ്പോൺസ൪. ഇഖാമയുടെ കാലാവധി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞതിനാൽ ജോലിക്ക് പോലും പോകാൻ കഴിയാതെ ഹനീഫ അമീ൪ കോടതിയെ സമീപിച്ചു. അവിടെ നിന്ന് ലേബ൪  കോടതിയിലേക്ക് കേസ് മാറ്റിയെങ്കിലും സ്പോൺസ൪ ഹാജരാകാൻ തയ്യാറായില്ല. നാട്ടുകാരായ ചില സുഹൃത്തുക്കളുടെ കാരുണ്യത്തിൽ ഹനീഫ കഴിഞ്ഞു കൂടുമ്പോഴും നാട്ടിൽ ഭാര്യയുടെ ചികിത്സ നടത്താൻ കഴിയാത്തതിൻെറ മാനസിക സമ്മ൪ദത്തിലാണ് ഇയാൾ. ഭാര്യയുടെ  ജീവൻ നിലനിറുത്താൻ പ്രതിമാസം 10000 രൂപയുടെ ചികിത്സ ആവശ്യമാണ്.കോടതികൾ കയറിയിറങ്ങുന്നതിനിടയിൽ തൃശൂ൪ കുട്ടായ്മയുടെ ജീവകാരുണ്യ വിഭാഗം കൺവീന൪ ഷാജി മതിലകത്തിനെ കാണാൻ സാധിച്ചത് വഴിത്തിരിവായി. അദ്ദേഹം ഹനീഫയുടെ കഥ സ്പോൺസറെ ബോധ്യപ്പെടുത്തിയതോടെ ഉപാധികളില്ലാതെ ഹനീഫയെ സഹായിക്കാൻ സ്പോൺസ൪ തയാറായി. ഇത്രയും ഗൗരവമുള്ള അവസ്ഥയിലാണ് ഹനീഫയെന്ന് തനിക്കറിയുമായിരുന്നില്ല എന്നാണ് സ്പോൺസ൪ പ്രതികരിച്ചത്. കാലാവധി കഴിഞ്ഞ കമ്പനി രേഖകൾ പുതുക്കാനാണ് താൻ കൂടുതൽ പണം ചോദിച്ചതെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ താൻ തന്നെ പണം നൽകി രേഖകൾ പുതുക്കി ഹനീഫക്ക് വീണ്ടും വരാൻ കഴിയുന്ന രീതിയിൽ റീ എൻട്രി അടിച്ചു നൽകാമെന്നും സ്പോൺസ൪ സമ്മതിച്ചു. അടുത്ത ദിവസം ഹനീഫക്ക് നാട്ടിലേക്ക് പോകാൻ കഴിയുന്ന രീതിയിൽ പാസ്പോ൪ട്ട് അടിച്ചു കിട്ടിയേക്കാമെങ്കിലും നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റും, ഭാര്യയുടെ ചികിത്സയും ഹനീഫയുടെ മുന്നിൽ ചോദ്യ ചിഹ്നമാവുകയാണ്. ‘ഏത് ജോലിയും ചെയ്യാൻ ഞാൻ തയാറാണ്. പക്ഷേ സുരക്ഷാ പരിശോധന ഏറെ ക൪ശനമായ ഇപ്പോഴത്തെ സാഹചര്യത്തിൽ ആരും ജോലിക്ക് നിറുത്തുന്നില്ല’’-ഹനീഫ നിസ്സഹായതയോടെ പറയുന്നു. പ്ളസ്ടുവിന് പഠിക്കുന്ന മകൻ കൂലിവേലക്ക് പോയാണ് ഇപ്പോൾ കുടുംബം കഴിയുന്നത്.
രോഗാവസ്ഥയിലും തനിക്ക് ഒരു നോക്കുകാണാൻ തൻെറ  ഭ൪ത്താവിനെ ഒന്നു നാട്ടിലെത്തിച്ചുതരുമോ എന്ന ചോദ്യവുമായി ഭാര്യ ഹാജറ പല പ്രാവശ്യം സാമൂഹികപ്രവ൪ത്തകരെ വിളിച്ചിരുന്നു. മക്കളായ അ൪ഷാദ്, ജംഷാദ്, ഷഹ്സാദ് എന്നിവരും ഹനീഫ നാട്ടിലെത്തുന്നതും കാത്തിരിപ്പാണ്. ഹനീഫയെയും ഭാര്യയേയും സഹായിക്കാൻ ആഗ്രഹിക്കുന്നവ൪ക്ക് 0567103250 എന്ന നമ്പറിൽ ഷാജി മതിലകവുമായി ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.