തൊഴില്‍മന്ത്രാലയ തീരുമാനങ്ങള്‍ ചെറുകിട സ്ഥാപനങ്ങളെ തകര്‍ക്കുമെന്ന്

റിയാദ്: ചുവപ്പ്, മഞ്ഞ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ സ്പോൺസ൪ഷിപ്പ് മാറ്റാമെന്നതടക്കം മന്ത്രാലയം അടുത്തിടെ കൈക്കൊണ്ട പല തീരുമാനങ്ങളും ചെറുകിട, ഇടത്തരം തൊഴിൽമേഖലയുടെ തക൪ച്ചക്ക് കാരണമാകുമെന്ന് സാമ്പത്തിക നിരീക്ഷക൪ വിലയിരുത്തുന്നു. കഫാലത്ത് മാറ്റം സംബന്ധിച്ച് മന്ത്രാലയം നേരത്തെ ഇറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം മാനവവിഭവ വകുപ്പ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി ആവ൪ത്തിച്ചതിനെ തുട൪ന്നാണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് റിയാദ് ചേംബ൪ ഡയറക്ട൪ ബോ൪ഡ് അംഗവും മാനവവിഭവശേഷി വകുപ്പ് കമ്മിറ്റി അധ്യക്ഷനുമായ എൻജി. മൻസൂ൪ അൽശത്രി അഭിപ്രായപ്പെട്ടത്. തൊഴിലുടമകളുടെ അവകാശം ധ്വംസിക്കപ്പെടുന്നതോടൊപ്പം കഫാലത്ത് മാറ്റാൻ അനുവാദം ലഭിക്കുന്നതോടെ പുതിയ തൊഴിലുടമയെ കണ്ടെത്തുകയും പുറംതൊഴിലെടുക്കാൻ അയാളുമായി തൊഴിലാളി കരാറിലെത്തുകയും ചെയ്യും. തൊഴിലന്വേഷിച്ചലയുന്നവരുടെ എണ്ണം വ൪ധിക്കാൻ മാത്രമാണ് അത് നിമിത്തമാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചുവപ്പ്, മഞ്ഞ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വ൪ക്ക്പെ൪മിറ്റും ഇഖാമയും പുതുക്കി നൽകാതിരിക്കുക മൂലം പുതിയ തൊഴിലുടമയെ കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന തൊഴിലാളികൾ നിയമവിരുദ്ധ താമസക്കാരുടെ ഗണത്തിലുൾപ്പെടുകയാവും ഫലമെന്നും അദ്ദേഹം പറഞ്ഞു. കഫാലത്ത് മാറ്റം നിഷേധിച്ച ബംഗ്ളാദേശ് തൊഴിലാളികളുടെ കാര്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
മന്ത്രാലയ തീരുമാനത്തിൻെറ പ്രത്യാഘാതങ്ങൾ അടുത്തവ൪ഷത്തോടെ എല്ലാ മേഖലയിലും പ്രകടമാകുമെന്ന് സാമ്പത്തിക നിരീക്ഷകൻ അബ്ദുറഹ്മാൻ അൽഖഹ്താനി അഭിപ്രായപ്പെട്ടു. സ്വദേശി തൊഴിലാളികളടെ എണ്ണത്തിലെ വ൪ധനവുണ്ടാകുന്നതോടൊപ്പം പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും നിരവധി പദ്ധതികളെ മന്ത്രാലയ തീരുമാനങ്ങൾ പ്രതികൂലമായി ബാധിക്കും.
ചുവപ്പ്, മഞ്ഞ വിഭാഗത്തിലെ തൊഴിലാളികൾക്ക് ഉടമയുടെ അനുവാദമില്ലാതെ കഫാലത്ത് മാറ്റം അനുവദിക്കുകവഴി സ്വകാര്യമേഖലയുടെ അതിജീവനത്തിന് തൊഴിലന്വേഷിച്ചലയുന്ന വിദേശ തൊഴിലാളികളെ കൂടുതൽ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മന്ത്രാലയതീരുമാനം ഏറ്റവും ഗുണംചെയ്യുന്നത് തൊഴിലന്വേഷക൪ക്കാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും അവ൪ ജോലിചെയ്യുന്നത് തടയുന്നതിനും ആവശ്യമായ നടപടികളെടുക്കാൻ അദ്ദേഹം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
 തൊഴിൽവ്യവസ്ഥ ലംഘിച്ച് രാജ്യത്ത് തങ്ങുകയും പ്രാദേശികവിപണിയിലെ ചില്ലറ വിൽപന മേഖലകളടക്കം കൈയടക്കി ആധിപത്യം വാഴുകയും ചെയ്യുന്ന ഇത്തരക്കാരാണ് ഗുണമേന്മയില്ലാത്ത ചരക്കുകൾ വിറ്റ് ഉപഭോക്താക്കളെ വഞ്ചിച്ച് പണംകൊയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.