റിയാദ്: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവാസികളിൽ നിന്ന് റിയാദ് ഇന്ത്യൻ എംബസി പിരിച്ചെടുത്ത സാമൂഹിക ക്ഷേമ ഫണ്ടിൽ 5,33,30,432 രൂപ കെട്ടിക്കിടക്കുന്നതായി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലൂടെ വ്യക്തമായി. റിയാദിലെ സാമൂഹിക പ്രവ൪ത്തകനും ഫൊക്കാസ പ്രസിഡൻറുമായ ആ൪. മുരളീധരൻ നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് എംബസി അധികൃത൪ ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച റിയാദിൽ വാ൪ത്താ സമ്മേളനത്തിൽ ആ൪. മുരളീധരൻ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തി. എംബസിയിൽ നിന്നുള്ള എല്ലാ സേവനങ്ങൾക്കും പ്രവാസികൾ നൽകുന്ന ഫീസിൽ നിന്ന് സാമൂഹിക ക്ഷേമ ഫണ്ടിലേക്കായി മാറ്റി വെക്കുന്ന എട്ട് റിയാൽ സ്വരൂപിച്ചുള്ള ഫണ്ടാണിത്. കേന്ദ്ര സ൪ക്കാ൪ പ്രവാസികാര്യ വകുപ്പ് രൂപവത്കരിച്ച ശേഷം 2009 നവംബ൪ 16 മുതൽ 2012 സെപ്റ്റംബ൪ 30 വരെയുള്ള കാലയളവിലെ കണക്കാണിത്. ഈകാലയളവിൽ 9,04,31,678 രൂപ വരവും 3,71,01,246 രൂപ ചെലവും വന്നതായി എംബസി നൽകിയ മറുപടിയിലുണ്ട്. സാമൂഹിക ക്ഷേമ ഫണ്ടിൽ 41 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു.
റിയാദ് ഇന്ത്യൻ എംബസിയിലെ വിവരവാകാശ ഓഫിസ൪ ശശീന്ദ്ര ജെയിന് സെപ്റ്റംബ൪ ഒമ്പതിന് മുരളീധരൻ അപേക്ഷ നൽകിയിരുന്നു. നിയമ പ്രകാരം 30 ദിവസത്തിനകം മറുപടി ലഭിക്കാത്തതിനാൽ അപ്പലേറ്റ് അതോറിറ്റിയായ ഡി.സി.എം മനോഹ൪ റാമിന് അപ്പീൽ നൽകി. തുട൪ന്ന് നവംബ൪ 27നാണ് വിവരങ്ങൾ എംബസിയിൽ നിന്ന് ലഭ്യമായത്. പ്രവാസികളിൽ നിന്ന് സാമൂഹികക്ഷേമ ഫണ്ടിലേക്ക് പിരിക്കുന്ന എട്ട് റിയാൽ സൗദിയിലെ ബാങ്കിലാണ് എംബസി നിക്ഷേപിക്കുന്നത് എന്നതിനാൽ ഫണ്ട് വിവരങ്ങൾ റിയാൽ നിരക്കിലാണ് ലഭ്യമാവേണ്ടിയിരുന്നത് എന്ന് മുരളീധരൻ പറഞ്ഞു. ഫണ്ടിൽ നിന്ന് 41 ശതമാനം തുകയും ചെലവഴിച്ചത് മൃതദേഹങ്ങൾ നാട്ടിലയക്കൽ, ചികിത്സ, ഓടിപ്പോരുന്ന വീട്ടു വേലക്കാരികൾക്ക് സംരക്ഷണം, വിമാന ടിക്കറ്റ് തുടങ്ങിയ കാര്യങ്ങൾക്കാണ്. എന്നാൽ സൗദിയിൽ സാധാരണക്കാരായ പ്രവാസികൾക്ക് ഏറ്റവും ആവശ്യമായ നിയമ സഹായത്തിന് ഒരു തുകയും ചെലവഴിച്ചിട്ടില്ല. ഹുറൂബ് ഉൾപ്പെടെയുള്ള വിവിധ തൊഴിൽ, നിയമപ്രശ്നങ്ങളിൽ പ്രവാസികളെ സഹായിക്കാൻ എംബസിക്ക് കീഴിൽ സ്വദേശി വക്കീലിനെ നിയമിക്കണമെന്ന് ഏറെ കാലമായി പ്രവാസി സമൂഹത്തിൻെറ ആവശ്യമാണ്. വക്കീലിനെ നിയമിക്കാൻ പ്രവാസി കാര്യ മന്ത്രാലയത്തിന് ഫണ്ടില്ലെന്നും കേന്ദ്ര ധന മന്ത്രാലയത്തിൽ നിന്ന് വിദേശമന്ത്രാലയം വഴി ഇതിന് ഫണ്ട് അനുവദിച്ചു കിട്ടുക പ്രയാസകരമാണെന്നുമാണ് പ്രവാസികാര്യ മന്ത്രി മുതൽ അംബസഡ൪മാ൪ വരെ പറഞ്ഞിരുന്നത്. എന്നാൽ പ്രവാസികളിൽ നിന്ന് പിരിച്ച ഭീമമായ തുക ഇവിടെ കെട്ടിക്കിടക്കുമ്പോൾ ഫണ്ടില്ലാത്തതിനാലാണ് വക്കീലിനെ നിയമിക്കാത്തതെന്ന വാദം പൊളിയുകയാണ്. 2000 റിയാൽ ഫീസ് നൽകാൻ തയാറായാൽ സ്വദേശി വക്കീലിൻെറ സേവനം ലഭ്യമാണെന്നും എത്രയും വേഗം ഇക്കാര്യത്തിൽ പ്രവാസി കാര്യ മന്ത്രാലയവും എംബസിയും നടപടി എടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
സാമൂഹിക ക്ഷേമ ഫണ്ടിൻെറ വിനിയോഗം സംബന്ധിച്ച ഓഡിറ്റ് ദൽഹിയിൽ സി.എ.ജിയാണ് നി൪വഹിക്കുന്നത്. എംബസിയിൽ നിന്ന് ഇപ്പോൾ ലഭ്യമായ കണക്കുകളുടെ ഓഡിറ്റ് ചെയ്ത കൃത്യമായ കണക്ക് ലഭിക്കാൻ സി.എ.ജിയെ സമീപിക്കുമെന്നും മുരളീധരൻ അറിയിച്ചു. നിലവിൽ ദുരിതത്തിലകപ്പെടുന്ന പ്രവാസികൾക്ക് ചികിത്സ സഹായമടക്കമുള്ളവ ചെയ്യും മുമ്പ് എംബസിയെ അറിയിച്ച് അനുമതി വാങ്ങിച്ചെങ്കിലേ തുക ലഭ്യമാകൂ. പലപ്പോഴും അടിയന്തര സഹായം ആവശ്യമാകുന്ന ഘട്ടങ്ങളിൽ ഇത്തരം നിബന്ധനകൾ പാലിക്കാൻ കഴിയണമെന്നില്ല. ഇങ്ങനെ സാമൂഹിക പ്രവ൪ത്തക൪ സ്വന്തം പണം ചെലവഴിച്ച് ചെയ്യുന്ന സഹായങ്ങൾക്ക് എംബസി പണം അനുവദിക്കാത്ത അവസ്ഥ നിലവിലുണ്ട്. എംബസിയുടെ കൈയിൽ ഇത്രയും ഭീമമായ തുക കെട്ടിക്കിടക്കുന്ന സാഹചര്യത്തിലും അ൪ഹരായവ൪ക്ക് അത് ലഭിക്കുന്നില്ല എന്നതിനാൽ സഹായം സംബന്ധിച്ച എംബസിയുടെ നിബന്ധനകൾ ലഘൂകരിക്കണമെന്ന് ഫൊക്കാസ ആവശ്യപ്പെട്ടു.
പ്രവാസി തൊഴിലാളികളുടെ രേഖകൾ നിയമാനുസൃതമാക്കുന്നതിന് 1000 ഡോള൪ വരെയും ചെറിയ കേസുകളിലകപ്പെട്ട് പിഴയടക്കാൻ കഴിയാതെ ജയിലിൽ കഴിയുന്നവരുടെ മോചനത്തിന് 2500 ഡോള൪ വരെയും സഹായം നൽകുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിൻെറ ഔദ്യാഗിക വെബ്സൈറ്റിൽ പറയുന്നുണ്ട്. ഈ ആവശ്യങ്ങൾക്കായും ഫണ്ട് ചെലവഴിക്കണം. ഇതിന് പുറമെ ഇന്ത്യൻ കമ്യൂണിറ്റി സെൻറ൪, സ്റ്റുഡൻറ്സ് വെൽഫയ൪ സെൻറ൪ എന്നിവ സ്ഥാപിക്കുന്നതിനും തുക നൽകണം. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഫണ്ടിൽ പ്രാമുഖ്യം നൽകണം. വീടുകളിൽ നിന്ന് ഓടിപ്പോന്ന് എംബസിയിൽ അഭയം തേടുന്ന മുഴുവൻ വീട്ടു വേലക്കാരികൾക്കുമുള്ള വിമാന ടിക്കറ്റ് ഈ ഫണ്ടിൽ നിന്ന് നൽകണം. ഈ ഫണ്ട് സ്വരൂപിക്കുന്ന വേളയിൽ പ്രധാനലക്ഷ്യമായി പറഞ്ഞ കാര്യങ്ങളിലൊന്ന് ഇതായിരുന്നെന്നും മുരളീധരൻ സൂചിപ്പിച്ചു.
നിലവിൽ ലഭ്യമായ കണക്കുകൾ റിയാലിനെ 14.93 എന്ന തരത്തിൽ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയുള്ളതാണ്. എന്നാൽ റിയാലും രൂപയും തമ്മിൽ ഇത്തരമൊരു വിനിമയ മൂല്യം അപൂ൪വമാണെന്നതിനാൽ കണക്കിൽ വലിയ അന്തരത്തിന് സാധ്യതയുണ്ട്. റിയാദ് എംബസിക്ക് കീഴിൽ മധ്യ, കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളിൽ നിന്ന് സ്വരൂപിച്ച തുകയുടെ കണക്ക് മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത്ര തന്നെ പ്രവാസികൾ താമസിക്കുന്ന ജിദ്ദ കോൺസുലേറ്റിന് കീഴിലുള്ള സാമൂഹിക ക്ഷേമ ഫണ്ടിൻെറ കണക്കുകൾ ലഭ്യമായിട്ടില്ല. അത്തരത്തിൽ കണക്കുകൾ ആവശ്യപ്പെടേണ്ടത് ജിദ്ദയിലുള്ള പ്രവാസി സമൂഹത്തിൻെറ ബാധ്യതയാണെന്നും ഫൊക്കാസ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള ഫണ്ട് ഫലപ്രദമായി എങ്ങനെ പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കാമെന്ന് സംബന്ധിച്ച വിശദമായ പഠനം എംബസിക്കും കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയത്തിനും നൽകുമെന്ന് അവ൪ അറിയിച്ചു. വാ൪ത്താസമ്മേളനത്തിൽ ഫൊക്കാസ ഭാരവാഹികളായ മാള മുഹ്യിദ്ദീൻ, റാഫി പാങ്ങോട്, ഫജ്റുദ്ദീൻ മൂപ്പൻ, അബ്ദുസ്സലാം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.