നൂറുപിന്നിട്ടിട്ടും തെരഞ്ഞെടുപ്പെന്ന് കേട്ടാല്‍ ചെക്കൂട്ട്യാട്ടന് ഇന്നും ആവേശം

ബാലുശ്ശേരി: വയസ്സ് 100. പക്ഷേ, തെരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ ചെക്കൂട്ട്യാട്ടന് ഇന്നും ആവേശം. ബാലുശ്ശേരി മണ്ണാംപൊയില്‍ മണ്ണാന്‍െറ പിണങ്ങോട്ട് ചെക്കൂട്ടിക്ക് വയസ്സ് നൂറുതികഞ്ഞെങ്കിലും കൃഷിയിലും രാഷ്ട്രീയത്തിലുമുള്ള ആവേശം ഈ കമ്യൂണിസ്റ്റുകാരനില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. 1940ല്‍ ബാലുശ്ശേരി പഞ്ചായത്ത് ഭരണസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തിരുന്ന കാലത്ത് എരമംഗലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ചെക്കൂട്ട്യാട്ടന്‍ മത്സരിച്ചത്.

ബാലുശ്ശേരി പഞ്ചായത്തിന്‍െറ ഒന്നാമത്തെ ഭരണസമിതിയിലെ അംഗമായിരുന്ന അറക്കല്‍ അബ്ദുല്ല അധികാരി ജോലി കാരണം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ചെക്കൂട്ട്യാട്ടന്‍ ആദ്യം മത്സരിച്ചത്. കമ്യൂണിസ്റ്റ് സ്നേഹിയായിരുന്ന ചെക്കൂട്ടിക്ക് 13 വോട്ടാണ് കിട്ടിയത്. കൊയിലോത്ത് തമ്പുരാനായിരുന്നു വിജയിച്ചത്. പിന്നീട് 1953ല്‍ നടന്ന തെരഞ്ഞെടുപ്പിലും ചെക്കൂട്ടി മത്സരിച്ചു. കോണ്‍ഗ്രസിലെ കോയയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 30 വോട്ട് ഇത്തവണ കിട്ടി. മൂന്നാംതവണ 1963ല്‍ നടന്ന തെരഞ്ഞെടുപ്പിലും ചെക്കൂട്ടി മത്സരിച്ചു. കുടുംബക്കാരനായ എം. ചോയിക്കുട്ടിയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 13 വോട്ടിന് ഇത്തവണയും ചെക്കൂട്ട്യാട്ടന്‍ അടിയറവു പറഞ്ഞു.

പിന്നീട് 1979ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ഥിയായ ചെക്കൂട്ടി ഇത്തവണ കമ്യൂണിസ്റ്റ് ലേബലില്‍ 382 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ ആണ്ടിയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. പനായി, മണ്ണാംപൊയില്‍ ഭാഗത്ത് ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് ചെക്കൂട്ട്യാട്ടന്‍ നടത്തുകയുണ്ടായി.  ’53ല്‍ നടന്ന തെരഞ്ഞെടുപ്പുകാലത്തെ പ്രചാരണസമയത്ത് അംശം അധികാരിയായ നമ്പൂതിരി ഒരു വെള്ളി ഉറുപ്പിക സംഭാവന നല്‍കിയതും ഈ വെള്ളി ഉറപ്പികകൊണ്ട് അരിവാള്‍ ചുറ്റികയുണ്ടാക്കി ലേലത്തില്‍ വിറ്റപ്പോള്‍ 29 രൂപ കിട്ടിയതും ചെക്കൂട്ട്യാട്ടന്‍ ആവേശത്തോടെയാണ് ഇപ്പോഴും ഓര്‍ക്കുന്നത്. സ്ഥാനാര്‍ഥികളൊക്കെ കക്ഷിഭേദമില്ലാതെ അനുഗ്രഹത്തിനായി വീട്ടിലത്തെിയിട്ടുണ്ട്. ഇടതു മുന്നണിയുടെ പ്രചാരണത്തിനായി ഇത്തവണ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളോടൊപ്പം പോകണമെന്ന ആഗ്രഹവും ഈ നൂറുതികഞ്ഞ കമ്യൂണിസ്റ്റിനുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.