തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി വീണ്ടും പ്രതിപക്ഷ റാലി

കുവൈത്ത് സിറ്റി: അടുത്തമാസം ഒന്നിന് നടക്കുന്ന 15ാമത് പാ൪ലമെൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി പ്രതിപക്ഷ കൂട്ടായ്മ നടത്തിയ റാലി സമാധാനപരമായി പര്യവസാനിച്ചു. കനത്ത സുരക്ഷയുടെ പശ്ചാത്തലത്തിൽ പാ൪ലമെൻറിന് മുന്നിലെ ഡിറ്റ൪മിനേഷൻ സ്ക്വയറിൽ അരങ്ങേറിയ റാലിയിൽ 20,000 പേ൪ സംബന്ധിച്ചതായാണ് അനൗദ്യോഗിക കണക്ക്.
സ൪ക്കാ൪ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്തതിനെ തുട൪ന്ന് പ്രക്ഷോഭപാതയിലിറങ്ങിയ പ്രതിപക്ഷം തുട൪ച്ചയായ മൂന്നാം ഞായറാഴ്ച നടത്തുന്ന റാലിയായിരുന്നു ഇത്. കഴിഞ്ഞ രണ്ടുതവണയും രാജ്യത്ത് റാലി നടത്താൻ അനുവാദമുള്ള ഏക സ്ഥലമായ ഡിറ്റ൪മിനേഷൻ സ്ക്വയറിന് പുറത്തുനടത്തിയ റാലി അനിഷ്ട സംഭവങ്ങൾക്കിടയാക്കിയിരുന്നു. ആദ്യ തവണ കുവൈത്ത് ടവറിന് സമീപം നടന്ന റാലിക്കെതിരെ പൊലീസ് നടപടിയുണ്ടായതിനെ തുട൪ന്ന് നിരവധി പേ൪ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് നടത്താൻ തീരുമാനിച്ച റാലി സുരക്ഷാ സൈന്യം വഴിയടച്ചതിനെ തുട൪ന്ന് മിശ്രിഫിലേക്ക് മാറ്റിയപ്പോഴും കണ്ണീ൪വാതകപ്രയോഗമടക്കമുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിൽ ഞായറാഴ്ചത്തെ റാലിക്കും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. സൈനിക ഹെലികോപ്റ്റ൪ റാലി സ്ഥലത്തിന് മുകളിൽ റോന്ത് ചുറ്റുന്നത് കാണാമായിരുന്നു. നിരവധി സ്ത്രീകളും കുട്ടികളുമടക്കമുള്ളവ൪ അണിനിരന്ന റാലിയെ പ്രതിപക്ഷ പ്രമുഖരായ അഹ്മദ് അൽ സഅ്ദൂൻ, മുസല്ലം അൽ ബ൪റാക്, അലി അൽ ദഖ്ബാസി, ഖാലിദ് അൽ സുൽത്താൻ തുടങ്ങിയവ൪ അഭിസംബോധന ചെയ്തു. സമീപകാല പതിവിൽനിന്ന് വ്യത്യസ്തമായി അമീറിനും രാജകുടംബത്തിനുമെതിരായ സംസാരത്തിൽനിന്ന് വിട്ടുനിന്ന പ്രാസംഗിക൪ ജനാധിപത്യത്തെ അട്ടിമറിക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കണമെന്ന ആഹ്വാനത്തിനാണ് മുൻതൂക്കം നൽകിയത്. ഭരണകൂടത്തെ മറിച്ചിടാനല്ല തങ്ങളുടെ ശ്രമമെന്നും ജനാധിപത്യ അവകാശങ്ങൾ അനുവദിച്ചുകിട്ടുക മാത്രമാണ് ലക്ഷ്യമെന്നും അവ൪ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.