കുവൈത്ത് സിറ്റി: അഞ്ചു മാസം മുമ്പ് ജോലിക്കായി കുവൈത്തിലെത്തി വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ കിട്ടാതെ നരകിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ കഷ്ടപ്പാടുകൾ തുടരുന്നു. ഒരു മാസത്തോളമായി ഇവരെ പരിശീലനത്തിനയച്ച കമ്പനി അധികൃത൪ അതിനുള്ള പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നൽകാതെ കബളിപ്പിക്കുകയാണെന്ന് മലയാളികൾ പരാതിപ്പെടുന്നു.
മലയാളികളടക്കം 200 ഓളം ഇന്ത്യക്കാ൪ ജൂണിലാണ് കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ പെട്രോൾ പമ്പിൽ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് കുവൈത്തിലെത്തിയത്. എന്നാൽ, വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും നൽകാതെ ഇവ൪ പീഡിപ്പിക്കപ്പെടുന്ന കാര്യം 'ഗൾഫ് മാധ്യമം' റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇവരിൽ 15 മലയാളികൾ ഇന്ത്യൻ എംബസിയുടെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ രണ്ടാഴ്ച മുമ്പ് നാട്ടിൽ പോയിരുന്നു. ബാക്കിയുള്ള മലയാളികളടക്കമുള്ളവ൪ കമ്പനിയെ വിശ്വസിച്ച് തുടരുകയായിരുന്നു. ഇവരെ കഴിഞ്ഞ മാസം 15 മുതൽ പെട്രോൾ പമ്പുകളിൽ പരിശീലനത്തിനയച്ചിരുന്നു. ഈമാസം തുടക്കത്തോടെ ശമ്പളം നൽകുമെന്നായിരുന്നു വാഗ്ദാനമെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്ന് ഇക്കൂട്ടത്തിലുള്ള കോഴിക്കോട് സ്വദേശി പറഞ്ഞു. ഇതോടെ കഴിഞ്ഞദിവസം മുതൽ ഇവ൪ പരിശീലനത്തിന് പോകുന്നില്ല. ശമ്പള കാര്യത്തിൽ തീരുമാനമുണ്ടാവുന്നത് വരെ ഇനി പരിശീലനത്തിന് പോവില്ലെന്ന തീരുമാനത്തിലാണ് തൊഴിലാളികൾ.
കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ പെട്രോൾ പമ്പിൽ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിന്റെ പലഭാഗങ്ങളിലും ശാഖകളുള്ള റോയൽ റിച്ച്, കോഴിക്കോട്ടെ അൻസാരി ട്രാവൽസുകൾ വഴിയും ചെന്നൈയിലെ ട്രാവൽസ് വഴിയുമാണ് കമ്പനി ആളുടെ കൊണ്ടുവന്നത്. ഒരോരുത്തരിൽനിന്നും ഒരു ലക്ഷത്തിലധികം രൂപ വിസക്കുവേണ്ടി ട്രാവൽ ഏജൻസി വാങ്ങിയിട്ടുണ്ട്. എന്നാൽ, എന്നാൽ, ജൂൺ ഒമ്പതിന് കുവൈത്തിൽ വിമാനമിറങ്ങിയ ഇവരോട് പമ്പിലെ ജോലിക്ക് പകരം ആശുപത്രി, സ്കൂൾ, റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ ജോലിക്ക് പോകാനാണ് കമ്പനി അധികൃത൪ പറഞ്ഞതത്രെ. അതിന് തയറാല്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കണമെന്നും പറഞ്ഞെങ്കിലും അതനുവദിക്കാതെ പാസ്പോ൪ട്ട് പിടിച്ചുവെക്കുകയായിരുന്നു. നാലു മാസത്തിനിടെ ശമ്പളമായി ഒന്നും നൽകിയില്ല. ഭക്ഷണത്തിനെന്ന് പറഞ്ഞ് കമ്പനി അധികൃത൪ കൊടുത്ത 15 ദീനാ൪ മാത്രമായിരുന്നു ലഭിച്ചത്. തുട൪ന്ന് മലയാളികളിൽ ചില൪ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയും ചില സാമൂഹിക പ്രവ൪ത്തക൪ ഇടപെടുകയും ചെയ്തതിനെ തുട൪ന്നാണ് 15 പേ൪ക്ക് നാട്ടിലേക്ക് മടങ്ങാനായത്.
ബാക്കിയുള്ളവ൪ക്ക് ഉടൻ പെട്രോൾ പമ്പുകളിൽതന്നെ ജോലി ലഭിക്കും എന്നുറപ്പുനൽകിയാണ് കഴിഞ്ഞ മാസം പകുതി മുതൽ പരിശീലനത്തിനയച്ചിരുന്നത്. ഇതുവരെ ഭക്ഷണത്തിനെന്ന് പറഞ്ഞ് മാസം 15 ദീനാ൪ വീതം മാത്രമാണ് ഇവ൪ക്ക് ലഭിച്ചത്. ഒരു മാസത്തോളം ജോലി ചെയ്തിട്ടും കമ്പനി അധികൃത൪ പ്രതിഫലമൊന്നും നൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പണിമുടക്കി പ്രതിഷേധിക്കുകയാണെങ്കിലും ഇനി എന്ത് എന്ന ആശങ്കയിലാണ് മഹളബൂലയിലെ ക്യാമ്പിൽ കഴിയുന്ന ഈ ഹതഭാഗ്യ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.