പയ്യന്നൂ൪: പരിയാരം മെഡിക്കൽ കോളജ് സ൪ക്കാ൪ ഏറ്റെടുക്കണമെന്ന യു.ഡി.എഫ് തീരുമാനത്തിനെതിരെ സി.എം.പി പരസ്യമായി രംഗത്ത്. രൂക്ഷമായ ഭാഷയിൽ എം.വി. രാഘവൻ വിമ൪ശവുമായി രംഗത്തെത്തിയതോടെ യു.ഡി.എഫ് സമ്മ൪ദത്തിലായി.
മെഡിക്കൽ കോളജ് സ൪ക്കാ൪ ഏറ്റെടുക്കണമെന്നാണ് കോൺഗ്രസിലെ പ്രബലവിഭാഗവും സി.എം.പി ഒഴികെയുള്ള ഘടകകക്ഷികളുടെയും അഭിപ്രായം. രണ്ടുതവണ യു.ഡി.എഫ് യോഗത്തിൽ പ്രശ്നം ച൪ച്ചക്കു വന്നപ്പോഴും സ൪ക്കാ൪ ഏറ്റെടുക്കുന്നത് സി.എം.പി എതി൪ത്തിരുന്നു. എന്നാൽ, ഇതവഗണിച്ച് കൊച്ചി, പരിയാരം മെഡിക്കൽ കോളജുകൾ സ൪ക്കാ൪ സംവിധാനത്തിൽ നടത്തുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിനെയാണ് എം.വി. രാഘവൻ കടുത്ത ഭാഷയിൽ വിമ൪ശിച്ചത്. മെഡിക്കൽ കോളജ് ഭരണസമിതി പിരിച്ചുവിട്ട് ഭരണം പഴയ ഭരണസമിതിക്ക് കൈമാറണമെന്നാണ് എം.വി. രാഘവൻെറയും കണ്ണൂരിലെ ഒരുവിഭാഗം കോൺഗ്രസ് പ്രവ൪ത്തകരുടെയും ആവശ്യം. എന്നാൽ, സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് പഴയ സമിതിക്ക് കൈമാറുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് സഹകരണമന്ത്രി ഉൾപ്പെടെയുള്ളവ൪ വ്യക്തമാക്കിയതെന്നാണ് സൂചന. പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നത് ക്രമസമാധാനപ്രശ്നങ്ങൾ ഉൾപ്പെടെ ഉണ്ടാക്കുമെന്നതും സ൪ക്കാറിനെ കടുത്ത നടപടിയിൽനിന്ന് പിന്തിരിപ്പിക്കുന്നു.
ഭരണസമിതി പിരിച്ചുവിട്ട് സ൪ക്കാ൪ ഏറ്റെടുക്കുന്നതിനെ നിലവിലുള്ള സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ ചെയ൪മാൻ എം.വി. ജയരാജനും സ്വാഗതം ചെയ്തിട്ടുണ്ട്. ഇതും യു.ഡി.എഫ് തീരുമാനത്തിന് അനുകൂലമാകുന്നു. എന്നാൽ, മറ്റൊരു രാഷ്ട്രീയനേതൃത്വത്തെ ഏൽപിക്കാനാണ് നീക്കമെങ്കിൽ ശക്തിയായി എതി൪ക്കുമെന്നും അദ്ദേഹം വാ൪ത്താ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ജീവനക്കാരെ നിലനി൪ത്തണമെന്ന ആവശ്യം അദ്ദേഹം ഉന്നയിക്കുന്നു. അതേസമയം, സഹകരണ ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ നിയമനങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നാണ് യു.ഡി.എഫിലെ ഉന്നത൪ അഭിപ്രായപ്പെടുന്നത്. പ്രമുഖരടങ്ങുന്ന സമിതിയെക്കൊണ്ട് അന്വേഷണം നടത്തിയശേഷം തീരുമാനമെടുക്കണമെന്ന ആവശ്യമാണ് ഉയ൪ന്നുവരുന്നത്.
മെഡിക്കൽ കോളജിലെ 2006-11 വ൪ഷങ്ങളിലെ പ്രവേശനടപടികളെക്കുറിച്ച് അന്വേഷിച്ച വിദഗ്ധസമിതിയുടെ റിപ്പോ൪ട്ട് അവലംബിച്ച് ഭരണസമിതി പിരിച്ചുവിടുമെന്ന പ്രതീക്ഷയിലായിരുന്നു കണ്ണൂരിലെ യു.ഡി.എഫ് നേതൃത്വം. എന്നാൽ, ഇതും പ്രവ൪ത്തകരെ നിരാശരാക്കി. ഭാവിയിൽ പ്രവേശനടപടികൾ സുതാര്യമാക്കണമെന്ന നി൪ദേശത്തോടെ ഫയൽ അടക്കാനായിരുന്നു വകുപ്പു തീരുമാനം. നിയമനത്തിൽ ക്രമവിരുദ്ധമായി ചില നടപടികൾ കണ്ടതായി റിപ്പോ൪ട്ടുണ്ടായിരുന്നു. എന്നാൽ, വകുപ്പ് ഇത് ഗൗരവമായി കണ്ടില്ല. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും മെഡിക്കൽ കോളജ് ഭരണസമിതി അംഗവുമായ വി.വി. രമേശൻെറ മകൾക്ക് എൻ.ആ൪.ഐ സീറ്റ് നൽകിയത് വിവാദമായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, രമേശൻെറ കാര്യത്തിൽ ക്രമവിരുദ്ധമായി ഒന്നുമുണ്ടായില്ലെന്നാണ് സമിതിയുടെ വിലയിരുത്തലെന്നറിയുന്നു. ധനകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് ഗാ൪ഗ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട൪ വി. ഗീത, സഹകരണ വകുപ്പ് അഡീഷനൽ രജിസ്ട്രാ൪ കെ.വി. സുരേഷ്ബാബു എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.
60 പേജുള്ള റിപ്പോ൪ട്ട് കഴിഞ്ഞ ജനുവരിയിൽ സ൪ക്കാറിന് സമ൪പ്പിച്ചുവെങ്കിലും കടുത്ത നടപടിയിൽനിന്ന് സഹകരണ വകുപ്പ് പിന്മാറുകയായിരുന്നു. അതേസമയം, കോടികളുടെ ബാധ്യതയുള്ള സ്ഥാപനം നടത്തിക്കൊണ്ടുപോവുക ശ്രമകരമാണെന്നതാണ് സ൪ക്കാ൪ ഏറ്റെടുക്കുന്നതിനെ സ്വാഗതം ചെയ്യാൻ സി.പി.എം ഭരണസമിതിയെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. മെഡിക്കൽ കോളജിലെ വരവും ചെലവും സംബന്ധിച്ച് വൻ അന്തരം നിലനിൽക്കുകയാണ്. കമ്മി നാൾക്കുനാൾ വ൪ധിച്ചുവരുന്നത് ഭരണസമിതിയെ വരുംകാലങ്ങളിൽ കടുത്ത പ്രതിസന്ധിയിലാക്കും. അതുകൊണ്ടുകൂടിയാണ്, സ൪ക്കാ൪ തീരുമാനത്തെ സി.പി.എം സ്വാഗതംചെയ്യുന്നത്.
സ൪ക്കാ൪ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളും പണവും ഉപയോഗിച്ച് പടുത്തുയ൪ത്തിയ പരിയാരം മെഡിക്കൽ കോളജിൽ സാധാരണക്കാ൪ക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതുകൊണ്ടുതന്നെ, കക്ഷിരാഷ്ട്രീയത്തിനതീതമായി കോളജ് സ൪ക്കാ൪ മേഖലയിൽ വരുന്നതിനെ നാട്ടുകാ൪ സ്വാഗതംചെയ്യുന്നു. എന്നാൽ, സ്ഥാപനം സ്വന്തക്കാരെ തിരുകിക്കയറ്റാനും സ്വകാര്യ സ്ഥാപനമാക്കി മാറ്റാനുമാണ് ഒരുവിഭാഗം രാഷ്ട്രീയക്കാ൪ ശ്രമിക്കുന്നതെന്ന ആരോപണം നാട്ടുകാ൪ ഉന്നയിക്കുന്നു. സ൪ക്കാ൪ തീരുമാനത്തിനെതിരെ എം.വി. രാഘവൻ രംഗത്തെത്തിയതോടെ വീണ്ടുമൊരു രാഷ്ട്രീയ വിവാദം പരിയാരത്ത് ഉടലെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.