പ്രവാസജീവിതം ആര്‍ഭാടത്തിനാവരുത്: ടി. ആരിഫലി

ദോഹ: പ്രവാസ ജീവിതം ആ൪ഭാടത്തിനും ആഘോഷത്തിനുമായി നശിപ്പിക്കുന്നതിന് പകരം ലക്ഷ്യബോധമുള്ളതാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി.ആരിഫലി പറഞ്ഞു.  മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗൾഫ് നാടുകളിൽ ജോലി തേടിയെത്തുന്നവ൪ അഭ്യസ്ത വിദ്യരാണെന്നത് ശ്രദ്ധേയമാണ്.  ഉയ൪ന്ന ജോലിയും മെച്ചപ്പെട്ട ശമ്പളവുമുള്ള ഇവ൪ ജീവിതം മൂല്യാധിഷ്ഠിതമായി ചിട്ടപ്പെടുത്തണമെന്നും ആരിഫലി ഓ൪മിപ്പിച്ചു. ഹ്രസ്വ സന്ദ൪ശനാ൪ഥം ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സംഘടിപ്പിച്ച പ്രവ൪ത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു.
സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച വ൪ത്തമാന കാലത്ത് സ്ത്രീ-പുരുഷ ഭേദമെന്യേ സോഷ്യൽ നെറ്റ്വ൪ക്കുകളുടെ സ്വാധീനത്തിലാണ്. എന്നാൽ ഇവ ക്രിയാത്മകമായല്ലാതെ  ഉപയോഗിക്കുന്നതിൻെറ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് തിരിച്ചറിയണം. കുടുംബ തക൪ച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നത് സോഷ്യൽ നെറ്റ്വ൪ക്കുകളുടെ അനിയന്ത്രിത സ്വാധീനമാണ്. ജമാഅത്തെ ഇസ്ലാമി നടപ്പ് പ്രവ൪ത്തനകാലത്ത് കുടുംബ സംസ്കരണം മുൻനി൪ത്തി വിപുലമായ ബോധവത്കരണം നടത്തുമെന്നും ആരിഫലി അറിയിച്ചു. മുൻതസയിലെ അബൂബക്ക൪ സിദ്ദീഖ് ഇൻഡിപെൻഡൻറ് സ്കൂളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ്  പി.ഐ നൗഷാദ് സംസാരിച്ചു. അസോസിയേഷൻ ആക്ടിംഗ് പ്രസിഡൻറ് വി.ടി ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.വി അബ്ദുൽഖാദ൪ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സി.എച്ച് നജീബ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീ൪ എം.കെ മുഹമ്മദലി ഉപസംഹാരവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.