യു.എ.ഇയിലേക്ക് കടത്താന്‍ ശ്രമിച്ച 13 മില്യന്‍ സൗദി റിയാല്‍ പിടിച്ചെടുത്തു

അബൂദബി: സൗദി അറേബ്യയിൽ നിന്ന് യു.എ.ഇയിലേക്ക് കടത്താൻ ശ്രമിച്ച 13 മില്യനിലേറെ സൗദി റിയാൽ അൽ ഗുവൈഫാത്തിലെ ചെക്പോസ്റ്റിൽ അബൂദബി കസ്റ്റംസ് അധികൃത൪ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആഫ്രിക്കൻ വംശജരെ പിടികൂടി. കാറിൻെറ പിന്നിൽ സ്റ്റെപിനിയും മറ്റ് സാധനങ്ങളും വെക്കാൻ ഉപയോഗിക്കുന്ന ഭാഗത്തും പിന്നിലെ സീറ്റിനടിയിലുമാണ് പണം ഒളിപ്പിച്ചിരുന്നത്. പതിവ് പരിശോധനക്കിടെ വാഹനത്തിലുള്ളവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി വിശദ പരിശോധന നടത്തുകയായിരുന്നെന്ന് അബൂദബി കസ്റ്റംസ് ഡയറക്ട൪ ജനറൽ സഈദ് അഹ്മദ് അൽ മുഹൈരി പറഞ്ഞു. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൃത്യമായി എത്ര തുകയാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് അധികൃത൪ വെളിപ്പെടുത്തിയിട്ടില്ല. ഇവ൪ ഇത്രയും വലിയ സംഖ്യ എവിടെ നിന്ന്, എന്ത് ആവശ്യത്തിന് വേണ്ടിയാണ് കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. ഇവരുമായി ബന്ധപ്പെട്ട കണ്ണികൾ യു.എ.ഇയിൽ ഉണ്ടോയെന്നും അന്വേഷിച്ച് വരികയാണ്. ഇരുവരെയും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി.  
യു.എ.ഇയിലെ സെൻട്രൽ ബാങ്ക് നിയമം അനുസരിച്ച് ഒരു ലക്ഷം ദി൪ഹത്തിൽ അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും കറൻസിയിൽ കൂടുതൽ തുക അതി൪ത്തി വഴി രാജ്യത്തിന് പുറത്തേക്കും അകത്തേക്കും കൊണ്ടുപോകാൻ പാടില്ല. 2011ൽ കൊണ്ടുവന്ന നിയമമനുസരിച്ച് പ്രസ്തുത തുകയിൽ കൂടുതൽ വരുന്ന  ട്രാവലേഴ്സ് ചെക്കുകളോ ബോണ്ടുകളോ പോലും കൈയിൽ കരുതാനാകില്ല. 2011 സെപ്റ്റംബ൪ മുതൽ നിയമം നിലനിൽക്കുന്നുണ്ടെന്ന് അബൂദബി സാമ്പത്തിക വകുപ്പ് ചെയ൪മാൻ ഹമദ് മുഹമ്മദ് അൽ ഹു൪ അൽ സുവൈദി പറഞ്ഞു. അനുവദിച്ചതിലും പതിന്മടങ്ങ് വരുന്ന സംഖ്യ അതി൪ത്തി കടത്തി രാജ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തടഞ്ഞ കസ്റ്റംസ് അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.