പവാര്‍ കുടുംബത്തെ കോടതികയറ്റാനുറച്ച് വൈ.പി. സിങ്

മുംബൈ: മഹാരാഷ്ട്രയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പവാ൪ കുടുംബത്തെ കോടതി കയറ്റാനുറച്ച് മുൻ ഐ.പി.എസുകാരനായ സാമൂഹിക പ്രവ൪ത്തകൻ വൈ.പി സിങ്. കേന്ദ്ര കൃഷിമന്ത്രി ശരദ് പവാ൪, മകളും എം.പിയുമായ സുപ്രിയ സുലെ, സഹോദര പുത്രൻ അജിത് പവാ൪ എന്നിവ൪ക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് വൈ.പി സിങ്ങും മുൻ ഇന്ത്യൻ പോസ്റ്റൽ സ൪വീസ് ഉദ്യേഗസ്ഥയായ ഭാര്യ അഭാ സിങ്ങും.
നവംബറിൽ മുംബൈ പൊലീസിൻെറ അഴിമതി വിരുദ്ധ സെല്ലിനുമുമ്പാകെ പവാ൪ കുടുംബത്തിനെതിരെ പരാതി നൽകുമെന്ന് വൈ.പി സിങ് പറഞ്ഞു. പുതിയ നഗരം പണിയാനായി പുണെക്കടുത്ത് 348 ഏക്ക൪ സ൪ക്കാ൪ ഭൂമി പവാ൪ കുടുംബാംഗങ്ങൾ ഉടമകളായ ലാവാസ കോ൪പറേഷൻ എന്ന സ്വകാര്യ കമ്പനിക്കു കൈമാറിയതുമായി ബന്ധപ്പെട്ടാണ് ആരോപണം.
ലാവാസ ടൗൺഷിപ് എന്നത് ശരദ് പവാറിൻെറ അഭിലാഷമായിരുന്നു. 2002ൽ പുണെയിലെ 348 ഏക്ക൪ ഭൂമി പ്രതിമാസം 23,000 രൂപ നിരക്കിലാണ് 30 വ൪ഷത്തേക്ക് ലീസിന് ലാവാസ കോ൪പറേഷനു നൽകിയത്. കൃഷ്ണവാലി പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയായിരുന്നു ഇത്. അന്ന് ജലവിഭവ മന്ത്രിയും മഹാരാഷ്ട്ര കൃഷ്ണ വാലി ഡെവലപ്മെൻറ് കോ൪പറേഷൻെറ അധ്യക്ഷനും അജിത് പവാറായിരുന്നു. മറ്റൊരു പദ്ധതിക്കായി കണ്ടെടുത്ത ഭൂമി ചട്ടം ലംഘിച്ചും ലേലം നടത്താതെയുമാണ് നഗര പദ്ധതിക്കായി അജിത് പവാ൪ സ്വകാര്യ കമ്പനിക്ക് നൽകിയത്. സംസ്ഥാന റവന്യൂ വകുപ്പിൻെറയും കേന്ദ്ര പരിസ്ഥിതി വകുപ്പിൻെറയും അനുമതി നേടിയിരുന്നുമില്ല.
ലേക്സിറ്റി കോ൪പറേഷൻ എന്നായിരുന്നു ലാവാസ കോ൪പറേഷൻെറ ആദ്യ പേര്. ഈ കമ്പനിയുടെ 20.8 ശതമാനം ഓഹരി സുപ്രിയയുടെയും ഭ൪ത്താവ് സദാനന്ദ് സുലെയുടെയും പേരിലായിരുന്നു. ലാവാസ പദ്ധതി വിവാദമാകുകയും കോടതി ഇടപെടുകയും ചെയ്തതോടെ ഇരുവരും ഓഹരികൾ ഒഴിഞ്ഞു. 2006ലാണ് ഓഹരി വിറ്റത്. ലാവാസ കോ൪പറേഷനു നൽകിയ ഭൂമിയുടെ വില 2008ൽ 10,000 കോടി രൂപയാണെന്ന് ആക്സിസ് ബാങ്ക് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സുപ്രിയ നൽകിയ സത്യവാങ്മൂലത്തിൽ 15 കോടിയുടെ ആസ്തിയാണ് കാണിച്ചത്. ഇതിൽ പൊരുത്തക്കേടുണ്ടെന്ന് വൈ.പി സിങ് ആരോപിച്ചു.
ലാവാസയിൽ നി൪മിക്കുന്ന കെട്ടിടങ്ങളുടെ വലുപ്പം നിയമവിരുദ്ധമായി വ൪ധിപ്പിക്കാനും മറ്റു അനുകൂല ഉത്തരവുകൾ ലഭിക്കാനും പവാ൪ ഇടപെട്ടതായി തെളിവുകൾ സഹിതം വൈ.പി സിങ് ആരോപിച്ചു. 2007ൽ അന്നത്തെ മുഖ്യമന്ത്രി അശോക് ചവാൻ, ജലവിഭവ മന്ത്രിയായിരുന്ന അജിത് പവാ൪, ചീഫ് സെക്രട്ടറി എന്നിവരും മറ്റു ഉദ്യോഗസ്ഥരുമായി പവാ൪ രഹസ്യ കൂടിക്കാഴ്ച നടത്തിയതിൻെറ തെളിവുകളും സിങ്ങിന് ലഭിച്ചിട്ടുണ്ട്. ലാവാസ കുംഭകോണവുമായി ബന്ധപ്പെട്ട് കോടതി തീ൪പ്പ് കൽപിക്കുന്നതുവരെ പൊരുതുമെന്ന് സിങ് ആണയിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.