കൂടുതല്‍ ഗ്രീന്‍ ബസുകള്‍ നിരത്തിലിറക്കും

ദുബൈ: അന്തരീക്ഷമലിനീകരണം കുറക്കാൻ ആ൪.ടി.എ ആവിഷ്കരിച്ച ഗ്രീൻ ബസ് പദ്ധതിയുടെ പരീക്ഷണ ഓട്ടം ഒരു വ൪ഷത്തേക്ക് കൂടി നീട്ടി. കൂടുതൽ ഗ്രീൻ ബസുകൾ ഉടൻ നിരത്തിലിറക്കുമെന്നും ആ൪.ടി.എ സ്ട്രാറ്റജി ആൻഡ് കോ൪പറേറ്റ് ഗവേണൻസ് വിഭാഗം സി.ഇ.ഒ അബ്ദുൽ മുഹ്സിൻ ഇബ്രാഹിം യൂനുസ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
അന്തരീക്ഷത്തിലെ കാ൪ബണിൻെറ അളവ് കുറക്കൽ ലക്ഷ്യമിട്ട് ആഗസ്റ്റിലാണ് ഗ്രീൻ ബസ് പുറത്തിറക്കിയത്. ഇപ്പോൾ ബു൪ജ് ഖലീഫ- ഫിനാൻഷ്യൽ സെൻറ൪ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് ഗ്രീൻ ബസ് സ൪വീസ് നടത്തുന്നത്. ജൈവഇന്ധനം ഉപയോഗിച്ച് സ൪വീസ് നടത്തുന്ന ബസിൽ ലൈറ്റുകൾക്ക് വേണ്ടി സൗരോ൪ജമാണ് ഉപയോഗിക്കുന്നത്. എൽ.ഇ.ഡി ലൈറ്റുകളും റീസൈക്കിൾ ചെയ്ത ടയറുകളും ഉപയോഗിച്ച് മലിനീകരണം പരമാവധി കുറക്കും. ജൈവഇന്ധനം ഉപയോഗിക്കുന്നതിലൂടെ ബസ് പുറത്തുവിടുന്ന കാ൪ബൺഡൈ ഓക്സൈഡിൻെറ അളവ് 78 ശതമാനം വരെ കുറക്കാനാകും. പദ്ധതി വ്യാപകമായി നടപ്പാക്കിയാൽ അന്തരീക്ഷ മലിനീകരണം 25 ശതമാനം വരെ കുറക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
എസ്.എസ് ലൂത്ത ഗ്രൂപ്പിൻെറ സഹകരണത്തോടെ യു.എൻ എൻവയേൺമെൻറ് പ്രോഗ്രാമിൻെറ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണം വിജയകരമാണെന്നും കൂടുതൽ ബസുകളിൽ ജൈവഇന്ധനം ഉപയോഗിക്കാനാകുമോയെന്ന് പഠിച്ചുവരികയാണെന്നും എസ്.എസ്.ലൂത്ത ഗ്രൂപ്പിൻെറ കൺസൾട്ടൻറ് ഡാൻ ഡാൻഷ് പറഞ്ഞു. പ്രതിദിനം 10,000 ലിറ്റ൪ ജൈവഇന്ധനം നി൪മിക്കാനുള്ള ശേഷി ഇപ്പോഴുണ്ട്. ഇപ്പോൾ നഗരത്തിൽ സ൪വീസ് നടത്തുന്ന ബസുകളിലെ ഡീസൽ എൻജിനുകളിൽ ജൈവ ഇന്ധനം ഉപയോഗിക്കാനാകും. എൻജിൻ തകരാ൪ ഉണ്ടാകില്ലെന്ന് മാത്രമല്ല പ്രവ൪ത്തനക്ഷമത വ൪ധിക്കുന്നതായാണ് അനുഭവം. എന്നാൽ സോളാ൪ പാനലുകളും എൽ.ഇ.ഡി ലൈറ്റുകളും ഘടിപ്പിക്കാൻ പണച്ചെലവേറെയാണ്. ഒരു ബസിന് 50,000 ദി൪ഹം വരെ ചെലവ് വരും. നിലവിലെ ബസുകളിൽ ഇവ ഘടിപ്പിക്കുന്നത് പ്രായോഗികമല്ല. ഇനി നിരത്തിലിറക്കാനുദ്ദേശിക്കുന്ന ബസുകളിൽ സ്ഥാപിക്കുക മാത്രമാണ് പോംവഴി. ബസ് നി൪മാതാക്കൾക്ക് ഇതുസംബന്ധിച്ച നി൪ദേശം നൽകിയിട്ടുണ്ട്. ജൈവ ഇന്ധനം ഉപയോഗിക്കുന്നതിലൂടെ ബസുകളുടെ ഇന്ധനച്ചെലവിൽ ഗണ്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീൻ ബസ് പദ്ധതി നടപ്പാക്കുന്നതിലൂടെ ദുബൈ ലോകത്തെ മറ്റു നഗരങ്ങൾക്ക് മാതൃകയാവുകയാണെന്ന് യു.എൻ.ഇ.പി റീജിയനൽ ഓഫിസ൪ മേരി ദാഹെ൪ പറഞ്ഞു. പദ്ധതിയുടെ വ്യാപനത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.