പത്ത് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് രണ്ടാഴ്ച തടവും 5,000 റിയാല്‍ പിഴയും

ദോഹ: ജലാതി൪ത്തി ലംഘിച്ചതിന് ഖത്ത൪ കോസ്റ്റ്ഗാ൪ഡ് അറസ്റ്റ്  ചെയ്ത തമിഴ്നാട് സ്വദേശികളായ 22 മൽസ്യത്തൊഴിലാളികളിൽ പത്ത് പേ൪ക്ക് ക്രിമിനൽ കോടതി രണ്ടാഴ്ച തടവും അയ്യായിരം റിയാൽ വീതം പിഴയും ശിക്ഷ വിധിച്ചു. മൂന്ന് ബോട്ടുകളിലുള്ള പത്ത് പേരുടെ കേസാണ് ഇന്നലെ കോടതി പരിഗണിച്ചത്. ബാക്കി 12 പേരുടെ കേസുകൾ ഈ മാസം 22ന് പരിഗണിക്കും.
കന്യാകുമാരി ജില്ലയിലെ മനക്കുടി സ്വദേശികളായ ആൻറണി ജോ൪ജ് (53), ജോൺസൺ (40), സുബിൻ (27), സേസു അലക്സ് (29), ആൻേറാ (33), ചിന്നവിള സ്വദേശി പീറ്റ൪ ഡേവിഡ് (37),  മുട്ടം സ്വദേശി ആൻറണി (38), ഇനയംപുത്തൻതുറൈ സ്വദേശി സുതൻ (26),  കുളച്ചിൽ സ്വദേശി തദേവൂസ് (31), പുത്തൂ൪ സ്വദേശി സഹായ സുമൻ (25) എന്നിവ൪ക്കാണ് ഇന്നലെ ശിക്ഷ വിധിച്ചത്. ഏഴ് ബോട്ടുകളിലായി ബഹ്റൈനിൽ നിന്നെത്തിയ  22 മൽസ്യത്തൊഴിലാളികൾ ഈ മാസം ഏഴിന് രാത്രി റുവൈസ് അതി൪ത്തിയിൽവെച്ചാണ് അറസ്റ്റിലായത്.
പബ്ളിക് പ്രോസിക്യൂഷനിൽ ഹാജരാക്കിയ ശേഷം ഇവരെ അൽഖോ൪ ജയിലിൽ പാ൪പ്പിച്ചിരിക്കുകയായിരുന്നു. അറസ്റ്റിലായവരെല്ലാം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ളവരാണ്. ഇവരുടെ ജയിൽ വാസം തിങ്കളാഴ്ചയോടെ രണ്ടാഴ്ച പൂ൪ത്തിയാകുന്നതിനാൽ ഇനി വേറെ തടവ് അനുഭവിക്കേണ്ടിവരില്ല. എന്നാൽ, ബഹ്റൈനിൽ നിന്ന് സ്പോൺസ൪ എത്തി പിഴയടച്ചാൽ മാത്രമേ ജയിൽ മോചനം സാധ്യമാകൂ. ഇതിനായി സ്പോൺസറുമായി ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണെന്നും അപ്പീൽ നൽകുന്നതടക്കമുള്ള കാര്യങ്ങൾ അതിന് ശേഷമേ തീരുമാനിക്കൂ എന്നും സൗത്ത് ഏഷ്യൻ ഫിഷ൪മെൻ ഫ്രറ്റേണിറ്റി (സാഫ്)യുടെ ഖത്തറിലെ നിയമോപദേഷ്ടാവ് അഡ്വ. നിസാ൪ കോച്ചേരി അറിയിച്ചു.
പിഴയടച്ച് മൽസ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിന് ബഹ്റൈനിലെ ഇന്ത്യൻ എംബസി സ്പോൺസ൪ക്ക് മേൽ സമ്മ൪ദ്ദം ചെലുത്തണമെന്നും ഇക്കാര്യം തമിഴ്നാട് സ൪ക്കാറിനോട് ആവശ്യപ്പെടുമെന്നും ‘സാഫ്’ ജനറൽ സെക്രട്ടറി ഫാ. ച൪ച്ചിൽ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. പിഴയടച്ചില്ലെങ്കിൽ മൽസ്യത്തൊഴിലാളികൾ 50 ദിവസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഇവരുടെ മോചനത്തിന് ഖത്തറിലെ ഇന്ത്യൻ എംബസിയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഫാ. ച൪ച്ചിൽ ആവശ്യപ്പെട്ടു.
 സ്പോൺസ൪ഷിപ്പ് നിയമത്തിൻെറ (4/2009) രണ്ട്, മൂന്ന്, 51 വകുപ്പുകളുടെയും ജലസമ്പത്തിൻെറ ചൂഷണവും സംരക്ഷണവുമായി ബന്ധപ്പെട്ട 1983ലെ നാലാം നമ്പ൪ നിയമത്തിൻെറയും ലംഘനമാണ് മൽസ്യത്തൊഴിലാളികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മതിയായ രേഖകളില്ലാതെ അതി൪ത്തി കടക്കുക, അനധികൃത പാതയിലൂടെയുള്ള സഞ്ചാരം എന്നിവയാണ് സ്പോൺസ൪ഷിപ്പ് നിയമത്തിന് കീഴിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.