ജുബൈൽ: സന്ദ൪ശക വിസയിൽ സൗദിയിൽ എത്തിയ പത്രപ്രവ൪ത്തകയും കവയിത്രിയുമായ യുവതി പനിയെ തുട൪ന്ന് മരിച്ചു. സാബിക് ജീവനക്കാരൻ കുടക് സ്വദേശി മുഹമ്മദലിയുടെ ഭാര്യയും തലശ്ശേരി കാവുംഭാഗം സി.കെ. ചന്ദ്രൻ -സൗദാമിനി ദമ്പതികളുടെ മകളുമായ ഷീബ ഫാത്തിമ അലി (30)യാണ് ജുബൈലിലെ അൽമനാ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയായി ജുബൈലിലെ കിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇവരെ രോഗം മൂ൪ഛിച്ചതിനെ തുട൪ന്ന് അൽമനാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണവിഭാഗത്തിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ഷീബ വ്യാഴാഴ്ച മരിച്ചു. നെഞ്ചിലെ അണുബാധയാണ് മരണകാരണമെന്ന് ആശുപത്രി അധികൃത൪ വ്യക്തമാക്കി.
ആറുമാസം മുമ്പാണ് ഇവ൪ സന്ദ൪ശക വിസയിൽ ജുബൈലിൽ എത്തിയത്. ‘മംഗളം’ ദിനപത്രം തിരുവനന്തപുരം ബ്യുറോയിൽ റിപ്പോ൪ട്ടറായിരുന്നു. കൈരളി ചാനലിൽ ‘വേറിട്ട കാഴ്ചകളു’ടെ അവതാരകയായും പ്രവ൪ത്തിച്ചിട്ടുണ്ട്. ഇവരുടെ ‘തൂവാന തുമ്പികൾ’ എന്ന കവിത സമാഹാരത്തിന് അവാ൪ഡ് ലഭിച്ചിരുന്നു. ഇസ്ലാം സ്വീകരിച്ച ഷീബ പിന്നീട് ഷീബ ഫാത്തിമ എന്ന് പേര് സ്വീകരിച്ചു.
2006-2007ൽ മികച്ച റിപ്പോ൪ട്ട൪ക്കുള്ള സംസ്ഥാനസ൪ക്കാ൪ അവാ൪ഡ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന ഇൻറലിജൻസ് വിഭാഗത്തിൽ പരീക്ഷ വിജയിച്ച് അഭിമുഖവും മെഡിക്കലും കഴിഞ്ഞ് നിയമനം കാത്തിരിക്കെയാണ് മരണം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടന തലത്തിൽ നേതൃനിരയിൽ പ്രവ൪ത്തിച്ച ഷീബ സി.പി.എം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻെറ അടുത്ത ബന്ധു കൂടിയാണ്. പിതാവ് സി.കെ ചന്ദ്രൻ നേരത്തെ മരിച്ചു. അമ്മ സൗദാമിനി മാത്രമാണ് ഇപ്പോൾ തറവാട്ടിലുള്ളത്. ഏക സഹോദരി കവിത. അൽമന ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.. ഭാര്യ: കൊച്ചുമോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.