പുതിയ കിസ് വ കൈമാറി

ജിദ്ദ: വിശുദ്ധ കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ് വ കൈമാറി. ഇരുഹറം കാര്യാലയ മേധാവി ഡോ.അബ്ദുറഹ്മാൻ അൽസുദൈസാണ് കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനായ ശൈഖ് അബ്ദുൽഖാദി൪ ശൈബിക്ക് കിസ്വ കൈമാറിയത്. ദുൽഹജ്ജ് ഒമ്പതിന് പുതിയ കിസ് വ കഅ്ബയെ പുതപ്പിക്കും. ഉമ്മുജൂദിലെ കിസ്വ നി൪മാണ ഫാക്ടറി ആസ്ഥാനത്ത് നടന്ന കിസ് വ കൈമാറ്റ ചടങ്ങിൽ ഇരുഹറം കാര്യാലയ മേധാവികൾ, ഉദ്യോഗസ്ഥ൪, കിസ് വ ഫാക്ടറി മേധാവി, ജോലിക്കാ൪ തുടങ്ങിയവ൪ സംബന്ധിച്ചു.
സൗദി ഭരണകൂടം ഇരുഹറമുകളുടെ സംരക്ഷണത്തിന് കാണിക്കുന്ന താൽപര്യവും പ്രാധാന്യവും തീ൪ഥാടക൪ക്ക് നൽകിവരുന്ന സേവനങ്ങളും ചടങ്ങിൽ പങ്കെടുത്തവ൪ പ്രത്യേകം എടുത്തുപറഞ്ഞു. നിരവധി തൊഴിലാളികളുടെ എട്ട് മാസത്തോളം നീണ്ട് നിൽക്കുന്ന ശ്രമഫലമായാണ് കിസ് വ രൂപപ്പെടുത്തുന്നത്. മത്തേരം പട്ടിൽ നി൪മിക്കുന്ന കിസ്വക്ക് രണ്ടു കോടി റിയാലിൽ അധികം ചെലവ് വരുമെന്നാണ് കണക്ക്. 14 മീറ്ററാണ് കിസ് വയുടെ ഉയരം. 95 സെ. മീറ്റ൪ വീതിയിലും 47 മീറ്റ൪ നീളത്തിലും 16 കഷ്ണങ്ങളിലായിട്ടാണ് ഇവ നി൪മിക്കുന്നത്. കഅ്ബയുടെ വാതിൽ വിരിക്ക്  ആറര മീറ്റ൪ നീളവും മൂന്നര മീറ്റ൪ വീതിയുമുണ്ട്. സ്വ൪ണലിപിയിൽ ആക൪ഷകമായ രീതിയിലുള്ള കൊത്തുപണികളോടെ ഖു൪ആൻ സൂക്തങ്ങൾ ആലേഖനം ചെയ്താണ് ഇവ നെയ്തെടുക്കുന്നത്.
മസ്ജിദുൽഹറാമിൽ സിവിൽ ഡിഫൻസിനു കീഴിൽ ഏത് അടിയന്തരഘട്ടവും നേരിടുന്നതിന് പരിശീലനം ലഭിച്ച 1500 പേരെ നിയോഗിച്ചു. രോഗികൾക്കും അത്യാഹിതത്തിൽ പെടുന്നവ൪ക്കും എത്രയും വേഗം ആതുരശുശ്രൂഷ ലഭ്യമാക്കാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഹറമിനുള്ളിലും പുറത്തും 35 സംഘങ്ങളായാണ് ഇവ൪ സേവനരംഗത്തുണ്ടാകുക. ഇതിൽ 20 സംഘങ്ങളെ മതാഫിലും മസ്അയിലും ഹറമിൻെറ വിവിധ പ്രവേശകവാടങ്ങളിലുമാണ് വിന്യസിച്ചിരിക്കുന്നത്. അവശേഷിക്കുന്നവ൪ പുറത്ത് മുറ്റങ്ങളിൽ വിവിധ ഭാഗങ്ങളിലുമാണ്്. പരിക്ക് പറ്റിയവരെയും മറ്റും ഹറമിനുള്ളിലെ മെഡിക്കൽ സെൻററുകളിലും ആവശ്യമെങ്കിൽ തൊട്ടടുത്ത് അജ്യാദ് ആശുപത്രിയിലും എത്തിക്കുന്നതിനും ഓരോ സംഘത്തിന് ആവശ്യമായ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. ഹജ്ജ് സീസൺ തുടങ്ങിയതു മുതൽ ഇതുവരെ പറയത്തക്ക അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹറം സിവിൽ ഡിഫൻസ് സുപ്പ൪വൈസ൪ ജനറൽ അബ്ദുറഹ്മാൻ അസ്സഖഫി പറഞ്ഞു. ഹറമിൻെറ ചുറ്റും നടക്കുന്ന പുതിയ നി൪മാണപദ്ധതികൾ ഒരു പ്രയാസവും ഉണ്ടാക്കുന്നതായി അനുഭവപ്പെട്ടിട്ടില്ല. ഈ ഭാഗത്ത് കൂടെയുള്ള തീ൪ഥാടകരുടെ പോക്കുവരവ് നിരീക്ഷിക്കാൻ 60 ഓളം പേരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹറമിലെ കവാടങ്ങൾ, ഇലക്ട്രിക് ലിഫ്റ്റുകൾ, കോണികൾ എന്നിവ ഉൾപ്പെട്ട 23 സ്ഥലങ്ങളിൽ തിരക്കൊഴിവാക്കാൻ സിവിൽ ഡിഫൻസിനു കീഴിൽ 100പേരെ പ്രത്യേകം നിയോഗിച്ചതായി ഹറം സിവിൽ ഡിഫൻസ് സേന മേധാവി കേണൽ സാലിഹ് അൽഹ൪ബ പറഞ്ഞു. കാമറകളിലൂടെ തിരക്ക് നിരീക്ഷിച്ച് അതൊഴിവാക്കാൻ ആവശ്യമായ നടപടികൾ അപ്പപ്പോൾ സ്വീകരിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.