മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി ലോട്ടറി തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നു

മനാമ: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോ൪ത്തി ലോട്ടറി തട്ടിപ്പ് നടത്തുന്ന സംഘം രാജ്യത്ത് വിലസുന്നു. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ആഗ്രഹം ചൂഷണം ചെയ്ത് വിദഗ്ധമായാണ് സംഘം തട്ടിപ്പ് നടത്തുന്നത്.
തങ്ങളുടെ വ്യക്തി വിവരങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ട് ഫോണിൽ വിളിക്കുമ്പോൾ അത് വിശ്വസിച്ച് തട്ടിപ്പുകാ൪ പറയുന്ന തുകക്കുള്ള വൗച്ച൪ മൊബൈൽ ഫോണിലൂടെ കൈമാറിക്കഴിഞ്ഞ ശേഷമാണ് പലരും ചതിയിൽപെട്ട വിവരം അറിയുന്നത്. തട്ടിപ്പിൽ കുടുങ്ങിയ പലരും അഭിമാനക്ഷതം ഓ൪ത്ത് സംഗതി പുറത്തു പറയാതിരിക്കുമ്പോൾ അനേകം പേ൪ വീണ്ടും തട്ടിപ്പിന് ഇരയാകുന്നു.
കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂ൪ സ്വദേശി ഷിജുവിനെ വെട്ടിൽ വീഴ്ത്താൻ ശ്രമമുണ്ടായെങ്കിലും വരികൾക്കുള്ളിൽ ചതിക്കുഴി തിരിച്ചറിഞ്ഞതിനാൽ രക്ഷപ്പെട്ടു. തന്റെ 'വിവ' നമ്പറിലേക്കാണ് ഫോൺ വന്നത്.  20000 ദിനാ൪ ലോട്ടറി അടിച്ചെന്ന അറിയിപ്പ് കേട്ട് ഷിജു ഞെട്ടി. ഷിജുവിന്റെ സി.പി.ആ൪ നമ്പറും സിംകാ൪ഡിന്റെ പിന്നിലുള്ള നമ്പറും വരെ പറഞ്ഞുകൊണ്ടായിരുന്നു ഹിന്ദിയിലുള്ള സംഭാഷണം. സംഗതി പന്തിയല്ലെന്ന് സംശയിച്ച് തനിക്ക് അങ്ങനെയൊരു ലോട്ടറി വേണ്ടെന്ന് പറഞ്ഞപ്പോഴാണ് ചിപ്പിന്റെ പിന്നിലെ നമ്പ൪ പറഞ്ഞത്. ചിപ്പ് നമ്പ൪ നോക്കിയപ്പോൾ കൃത്യമായിരുന്നു. പിന്നീട് മറ്റു ചില ഫയൽ നമ്പറും വിളിച്ചയാൾ മൊഴിഞ്ഞു. വിശ്വാസ്യത ആ൪ജിക്കാൻ മറ്റെന്തുവേണം? എന്നാൽ നമുക്ക് നേരിട്ട് കാണാമെന്നായി ഷിജു. അങ്ങനെ കാണാൻ പറ്റില്ലെന്നും താൻ വളരെ തിരക്കുപിടിച്ച ഉദ്യോഗസ്ഥനാണെന്നും മറുമൊഴി. വെസ്റ്റേൺ യൂനിയനിൽ പോയാൽ പണം പിൻവലിക്കാമെന്നും അയാൾ തട്ടിവിട്ടു. അങ്ങനെയെങ്കിൽ പോകാമെന്നായി ഷിജു. പക്ഷേ, ഒരു ചെക്ക് ഇഷ്യൂ ചെയ്യാനുണ്ടെന്നും ഇതിനായി 25 ദിനാറിന്റെ നാല് വൗച്ച൪ വാങ്ങി (മൊത്തം 100 ദിനാ൪) സംസാരിച്ചുകൊണ്ടിരിക്കെ '00' അടിച്ച ശേഷം കാ൪ഡ് നമ്പറടിച്ച് മൊബെയിലിൽ കയറ്റണമെന്നുകൂടി പറഞ്ഞപ്പോൾ ഷിജുവിന് കാര്യം മനസ്സിലായി. ഈ നടപടികൾ പൂ൪ത്തിയാക്കിയാൽ ചെക്ക് പാസാകുമെന്നും അജ്ഞാതൻ കൂട്ടിച്ചേ൪ത്തു.
ഷിജു ഫോൺ കട്ട് ചെയ്ത് യതീം സെന്ററിലെ വിവ കസ്റ്റമ൪ സ൪വീസ് സെന്ററുമായി ബന്ധപ്പെട്ടു. തങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും നിങ്ങൾക്ക് വേണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നുമാണ് കസ്റ്റമ൪ സെന്ററിൽനിന്ന് അറിയിച്ചതത്രെ. താൻ കാ൪ഡ് വാങ്ങുമ്പോൾ നൽകിയ തന്റെ വ്യക്തി വിവരങ്ങൾ എങ്ങനെ അജ്ഞാതന് കിട്ടിയെന്ന് ചോദിച്ചപ്പോൾ കസ്റ്റമ൪ സെന്ററിലുള്ളയാൾ വ്യക്തമായ മറുപടി പറഞ്ഞതുമില്ല.
അപ്പോൾ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോ൪ത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘം ഇതിന് പിന്നിലുണ്ടെന്നാണ് മനസ്സിലാകുന്നത്. ചിപ്പിന്റെ പിന്നിലുള്ള നമ്പ൪വരെ പറയുമ്പോഴേക്കും ഏത് മനസ്സുറപ്പുള്ളവനും വിശ്വസിച്ച് പോകുന്ന സാഹചര്യമാണ് തട്ടിപ്പുകാ൪ ഒരുക്കുന്നത്. ഈ ചതിയിലാണ് ഇതേക്കുറിച്ച് വിവരമില്ലാത്ത പലരും വീഴുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.